പുറ്റ്

അയാളുടെ
ചോന്നു കലങ്ങിയ കണ്ണിലൂടെ
ആ ശരീരത്തിലേക്കിറങ്ങി നോക്കുക.
അയാൾക്കു ഹൃദയമില്ല.
അവിടമൊരു പുറ്റാണ്.
വയസ്സേറും ന്തോറും 
പരുക്കനാകുന്ന പുറ്റ്,
അയാൾക്ക് രോഗമാണ്.
അപരന്റെ ദു:ഖമാണ-
യാൾക്ക് രസായനക്കൂട്ട്,

വെറിയും വാശിയും ദു:ഖവുമാണയാളുടെ,
ഗവേഷണം. 
വിത്തെടുത്ത് അയാൾ വിതക്കാനൊരുങ്ങുമ്പോൾ
എനിക്ക് ഓടിയകലാനാകുന്നില്ലല്ലോ?
ഞാനോ?
ഒരു പാഴ്നിലം

ചോന്നു കലങ്ങിയ കണ്ണിലൂടെ
ആ ശരീരത്തിലേക്കിറങ്ങി നോക്കുക.
മൺവെട്ടിയെടുത്താ പുറ്റ്
തല്ലിത്തകർക്കുക.
അതിനകത്തയാൾ,
മോഷ്ടിച്ച ഒരു ഹൃദയമുണ്ട്.
വർഷങ്ങൾക്കു മുമ്പ്
എനിക്ക് കൈമോശപ്പെട്ട
എന്റെ ഹൃദയം.
എന്റെ ശരീരം തുടുത്തു തുടങ്ങുന്നു.
കണ്ണുകൾ ചോന്നു തുടങ്ങുന്നു.
ഞാനറിയുന്നുണ്ട്.
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്
അതിഭീമാകാരമായ
ഒരു പുറ്റ് മുളച്ചു തുടങ്ങിയിരിക്കുന്നു.
വെറിയുടെ, വാശിയുടെ, അമർഷത്തിന്റെ,
ദു:ഖധൂമകേതുക്കളുടെ....
ഏതു മഴയിലാണ്
ഈ പുറ്റ് അലിഞ്ഞില്ലാതാവുക?


രാത്രിമഴ

Comments

Popular Posts