അമ്മയിലേക്കുള്ള വഴി
കറുത്ത ഭൂമി,
കണ്ണു മാത്രമുള്ള മുഖങ്ങൾ,
തിരക്കുപിടിച്ച ഒരു വരി,ശ്വാസം മുട്ടുന്നു.
മുന്നിലും പിന്നിലും ഉള്ളവർ
വണ്ടു മൂളും പോലെ
മന്ത്രങ്ങൾ ജപിക്കുന്നു.
സാരമില്ല.
ഇരുമ്പുക്കവാടത്തിൽ നിൽക്കുന്ന
നിഴലുകൾ
പ്രാർത്ഥനാ പുസ്തകങ്ങൾ വാങ്ങി
ചതുപ്പിലോട്ടെറിയുണ്ട്.
ശരീരം ഇട്ടു വെക്കാനുള്ള
ഒരു കുഴിയേക്കാൾ
ഇപ്പോൾ ഇവർക്ക് ആവശ്യം,
ഇനിയും വെട്ടി പിടിക്കുവാൻ
ഒരു പച്ചഭൂമിയാണത്രേ,
ആ കവാടത്തിനപ്പുറം,
സ്വർഗ്ഗമെന്നു ചിലർ.
നരകമെന്നു ചിലർ.
ഞാനൊന്ന് എത്തി നോക്കി.
അവിടെ ഇരുട്ടാണ്.
ചോര കലർന്ന ഇരുട്ട്.
അമ്മയുടെ ഗർഭപാത്രത്തിലെ
അതേ ഇരുട്ട്.
അതേ ഇരുട്ടായിരുന്നുവെങ്കിൽ,
അതേ അമ്മയായിരുന്നുവെങ്കിൽ..
മറ്റൊരു ഞാനായിരുന്നുവെങ്കിൽ...
രാത്രിമഴ

Comments
Post a Comment