ആഴം

ആഴം

1.
പുത്തൻ പുലരിയിലും അവളുടെ നെറ്റി വിയർത്തൊലിക്കുകയായിരുന്നു. ചുണ്ടുകൾ പിറുപിറുക്കുന്നു. കാരണം, അവളുടെ ഉപബോധമനസ്സ് ഒരു ദുസ്വപ്നത്തിന്റെ പിടിയിലായിരുന്നു. ഒടുക്കം ഒരലർച്ചയോടെ കണ്ണു തുറന്നപ്പോൾ കനം കുറഞ്ഞൊരു തലയിണ ആ മുഖത്തമർന്നു.. പഞ്ഞിക്കെട്ടിനടിയിൽ അവൾ മരണത്തിന് കീഴടങ്ങി. (സ്വപ്നം)

2
നിക്കോളോ ധ്യാനത്തിൽ നിന്നുമുണരാനെടുക്കുന്ന അത്രയും സമയം ടെറി  ജെംസൺ പാതിയിരുട്ടിലെ തുരുമ്പു പിടിച്ച കസേരയിൽ ഇരുന്ന് കരഞ്ഞു. അയാൾ കണ്ണു തുറന്നപ്പോൾ അവൾ സ്വന്തം കൈകൾ  നോക്കിക്കൊണ്ട് പറഞ്ഞു.
" ഇന്നലെ കണ്ട സ്വപ്നം, ഞാൻ ഈ കൈകളാൽ എന്റെ സഹോദരി ലിൻഡയെ കൊല ചെയ്യുന്നതായിരുന്നു. "
അയാൾ മറുപടി ഒന്നും തന്നെ പറഞ്ഞില്ല. ടെറി... അവൾ ഒത്തിരി കരഞ്ഞു.

3
എല്ലാം കേട്ടതിനു ശേഷം ലിൻഡ പൊട്ടിച്ചിരിക്കുകയാണുണ്ടായത്. ടെറി എത്ര പറഞ്ഞിട്ടും ലിൻഡ മാറി കിടക്കുവാൻ വഴങ്ങിയില്ല. എന്നത്തേയും പോലെ അന്നും അവർ ഒരേ കട്ടിലിൽ ഒരേ പുതപ്പിനടിയിൽ ഒരു പോലുള്ള കുപ്പായമണിഞ്ഞു കിടന്നു.

4.
രണ്ടു നാളുകൾക്ക് ശേഷം, പലതരം ഛായങ്ങൾ തേച്ചുവെച്ച വൃത്തിഹീനമായ ചുമരിനോട് ചേർന്ന ഗോവണി കയറി അവൾ നിക്കോളോയുടെ അരികിലെത്തി. അയാൾ മുഖം ഉയർത്തി നോക്കി.

ടെറി.

"നീ... " അയാൾ ആശ്ചര്യത്തോടെ നോക്കി.

"അതെ, ഞാൻ തന്നെ. ഞാൻ എന്റെ സഹോദരി ലിൻഡയെ.. " മുഴുവിക്കാനാകാതെ ടെറി നിലത്ത് മുട്ടിലിരുന്ന് കരഞ്ഞു.

അതുകണ്ട് നിക്കോളോ അട്ടഹസിച്ചു.

5.
പലതരം ഛായങ്ങൾ തേച്ചുവെച്ച വൃത്തിഹീനമായ ചുമരിനോട് ചേർന്ന ഗോവണി കയറി ടെറി ആദ്യമായി ആ സ്വപ്നവ്യാഖ്യായകനരികിലെത്തി. മദ്ധ്യവയസ്സ്കൻ. അർദ്ധനഗ്നമായ ദൃഢശരീരത്തിൽ കടവാതിലുകളുടേയും ഘോര സർപ്പങ്ങളുടേയും ചിത്രം പച്ചക്കുത്തിയിരിക്കുന്നു. വെള്ളിത്താടി. പൂച്ചക്കണ്ണുകൾ. കാതിൽ കടുക്കനുകൾ.  തോളുവരെ നീട്ടി വളർത്തിയ നരച്ച തലമുടി. അല്പനേരം, ആ രൂപം കണ്ട് ഭയന്നു നിന്ന ശേഷം ടെറി വിഷയം അവതരിപ്പിച്ചു.
" ഞാൻ കാണുന്ന സ്വപ്നങ്ങൾ ഒന്നുപോലും പിഴയ്ക്കുന്നില്ല. എല്ലാം, അതുപോലെ സത്യമാകുന്നു."

6.
നിക്കോളോ തന്റെ മുമ്പിൽ നില്പുണ്ടായിരുന്നവളോട് പറഞ്ഞു.
" ടെറിയുടേത് സ്വപ്നങ്ങളായിരുന്നില്ല. ദർശനങ്ങളായിരുന്നു. മാറ്റമില്ലാത്ത വിധി. "
അയാൾ തുടർന്നു.
"എങ്കിലും നിനക്ക് അനുവദിക്കാമായിരുന്നില്ലേ ലിൻഡാ, ടെറിയെ ജീവിക്കുവാൻ.. ജന്മം കൊണ്ട് അവൾ നിനക്ക് അനിയത്തിയല്ലായിരുന്നോ? ''

7.
പുത്തൻ പുലരിയിലും ടെറിയുടെ നെറ്റി വിയർത്തൊലിക്കുകയായിരുന്നു. ചുണ്ടുകൾ പിറുപിറുക്കുന്നു. കാരണം, അവളുടെ ഉപബോധമനസ്സ് ഒരു ദുസ്വപ്നത്തിന്റെ പിടിയിലായിരുന്നു. ഒടുക്കം ഒരലർച്ചയോടെ കണ്ണു തുറന്നപ്പോൾ കനം കുറഞ്ഞൊരു തലയിണക്കൊണ്ട് ലിൻഡാ ജെംസൺ ആ മുഖത്തമർത്തിപ്പിടിച്ചു... പഞ്ഞിക്കെട്ടിനടിയിൽ ടെറി മരണത്തിന് കീഴടങ്ങി.

8.
ടെറി ദർശിച്ച ആ സ്വപ്നം അവൾ സ്വയം ദുർവ്യഖ്യാനിക്കുകയായിരുന്നു. സ്വപ്നത്തിൽ ടെറിയുടെ കഥാപാത്രം തീർത്തത് ലിൻഡയും ലിൻഡയുടേത് ടെറിയുമായിരുന്നു. പുലർക്കാല ദുസ്വപ്നത്തിന്റെ ഭയാനകമായ പ്രതിഫലനം ടെറിയുടെ മുഖത്ത് കണ്ട് നിയന്ത്രണം വിട്ട ലിൻഡാ ടെറിയെ ഒരൊറ്റ നിമിഷത്തെ ചിന്തയാൽ തീർത്തുകളയുകയായിരുന്നു. വിധിയുടെ മുമ്പിൽ  പ്രവാചകനു വാക്കുകളുംചെയ്ത്തുകളും  ഇല്ലായിരുന്നു.

9.
ലിൻഡ പാതിയിരുട്ടിലെ തുരുമ്പു പിടിച്ച കസേരയിൽ ഇരുന്ന് പൊട്ടി കരഞ്ഞു. നിക്കോളോ അവളോട് ചോദിച്ചു.
" ലിൻഡാ, നീ ഓർക്കുന്നുവോ? സ്വന്തം മരണത്തിലേക്ക് ഞെട്ടിയുണരും മുൻപേ നിന്റെ സഹോദരി വിയർത്തൊലിച്ച് പിറുപിറുത്തത്.   അതൊരു ദുസ്വപ്നമായിരുന്നു. അത് നിന്നെക്കുറിച്ചായിരുന്നു. അറിയുവാൻ നീ ധൈര്യപ്പെടുന്നുവോ..? "

Inspiration - Prestige 

Danny

Nightrain.

Thanks to Lena.

.
.
.
.
.

 ഗൂഗിളിൽ....?
ഞാൻ ഹോംപേജിൽ ടൈപ്പ് ചെയ്തു.
Linda And Terry Jamison
സെർച്ച് ബട്ടൺ അമർത്തി.

Comments

Popular Posts