അർജ്ജന്റീന
അർജ്ജന്റീന
ലാ ആൽബിസ്ല്സ്റ്റാ....!!!!
1986 ജൂണ്‍ 22.
പെറ്റു വീഴുന്ന കുഞ്ഞിൻറെ പേര് ജീവൻറെ പുസ്തകത്തിലോട്ട് എഴുതി ചേർക്കുവാൻ മാലാഖയ്ക്ക് ദൈവത്തിൻറെ കല്പന. ദൈവം പോയ തക്കത്തിന് വെള്ളി ചിറകുകളുള്ള മാലാഖ, വീക്ഷണക്കോണുകളിൽ മെക്സിക്കൊയെ കുത്തി നിറച്ചു. അവിടെ മറഡോണ ലോകക്കപ്പിൽ മുത്തമിടുന്നു. പൊടുന്നനെ ദൈവത്തിൻറെ വിളി.
"കുഞ്ഞിൻറെ പേരെന്താ....? "
മാലാഖ അറിയാതെ പറഞ്ഞു പോയി.
" അർജ്ജന്റീന "
ശാപം കിട്ടിയ മാലാഖ പന്തായി രൂപാന്തരപ്പെട്ടു എൻറെ കാല്ക്കൽ വന്നു വീണു. വൈകുന്നേരങ്ങളിൽ ഇടതു കാൽപ്പത്തി പന്തിലമരുമ്പോള് അർജ്ജന്റീനയെന്നു കാതിൽ മുഴങ്ങിക്കേട്ടു. കാറ്റടിച്ചാൽ ചാനലു മാറുന്ന ടി.വിക്ക് മുന്പിൽ പ്രാര്ഥനാ നാളങ്ങൾ കത്തിച്ചു വെച്ച്, അമ്മയുടെ പഴി കേട്ടും ഏട്ടന്മാരുടെ ഉറക്കം കളഞ്ഞും ഞാൻ കണ്ട ലാറ്റിനമേരിക്കൻ മാച്ചുകൾക്ക് കണക്കില്ല. അക്കാലത്ത്, ചന്തയിലെ കളിക്കിടയിൽ സ്റ്റീഫെൻ ചേട്ടനടിച്ച പന്തിൻറെ വേഗത താങ്ങാനാവാതെ കൈ കുത്തി വീണ ശേഷമാണ് ഇടം കൈ ഇങ്ങനെ വളഞ്ഞു പോയത്. അതിൽപ്പിന്നെ, എൻറെ കാലിൽ പന്ത് തടഞ്ഞില്ല. ശാപമോക്ഷം കിട്ടിയ മാലാഖയെ ദൈവം സ്വര്ഗ്ഗത്തിലോട്ടു തിരിച്ചു വിളിച്ചു കാണണം.
കുളിക്കും നേരത്ത് കൈ വിരിച്ചു പിടിച്ചു മുകളിലൂടെ വെള്ളമൊഴുക്കിയാൽ ആർച്ച് ഡാമുകളെ വെല്ലുന്ന വിധത്തിൽ കണ്ണാടി രൂപാന്തരപ്പെടുന്നുവെന്ന് വൈകിയാണ് ഞാൻ തിരിച്ചറിഞ്ഞത്.
എൻറെ രൂപത്തിന് അർജ്ജന്റീനയുടെ സുവിശേഷത്തോടുള്ള കടപ്പാട് ഇത്രയുമാണ്...
മറഡോണയുടെയും ക്രെസ്പോയുടെയും ബാറ്റിസ്റ്റുട്ടയുടെയും നാമത്തിൽ ആമ്മേൻ. അന്നും ഇന്നും പന്തുരുളുന്നുവെന്ന് കേട്ടാൽ കാതിൽ അര്ജന്റീനയെന്ന് മുഴങ്ങി കേൾക്കും...
ഇനിയെന്നും അത് അങ്ങനെ തന്നെയായിരിക്കും.....


Comments
Post a Comment