എഴുത്തില്ലത്തിന്റെ കാവലാളുകൾ

എഴുത്തില്ലത്തിൻറെ കാവലാളുകള് 


           തനിച്ചാകുന്ന രാത്രികളിൽ ബാന്ഗ്ളുരിലെ പുസ്തകശാല തികച്ചും പ്രേതാലയത്തിനു സമമായിരുന്നു. മണ്ണിൽ അഴല് വീണു പൂത്തു തളിര്ക്കുന്ന ഇരുട്ടിൻറെ മൂർധാവിൽ നിന്നും ഭയം എന്ന ഗന്ധം ആകെ വ്യാപിക്കുന്നു. 80 ഫീറ്റ്‌ റോഡിലെ സോഡിയം വേപ്പര് ലാമ്പ്കളിൽ നിന്നുമുള്ള വെളിച്ചം മരച്ചില്ലകൾക്കിടയിലൂടെ ജനാലകളും താണ്ടി പുസ്തകങ്ങളുടെ പുറംചട്ടയിൽ വന്നു വീഴുമ്പോൾ ജീവനുള്ള നിഴലുകൾ സൃഷ്ടിക്കപെടുന്നു. രാത്രി 2 മണിയോടടുക്കുമ്പോള് ആ വെള്ളിനിഴലുകള് എഴുത്തുകൊതി തീരാത്ത ആത്മാക്കളായി പുനര്ജനിക്കുന്നു.

           ഒരു തീപെട്ടി കോലിൻറെ മരണത്തോടെയാണ് ആത്മാക്കളുടെ വരവ് ഞാനറിയുന്നത്. ആ മരണത്തിലൂടെ കഷണ്ടിക്കാരൻ ബഷീറിൻറെ ചുണ്ടത് ഒരു ബീഡിക്കുറ്റി എരിഞ്ഞു തുടങ്ങും. മാധവിക്കുട്ടി മൂക്ക് പൊത്തുമ്പോള് ഖലീൽ ജിബ്രാൻ ബഷീറിനെ തെല്ല് അരിശത്തോടെ നോക്കും. ഖലീൽ മാധവിക്കുട്ടിയെ പ്രണയിക്കുന്നു. പ്രണയിച്ചു കൊതി തീരാത്ത മനുഷ്യൻ.. പൊറ്റെക്കാടിൻറെ കൈ പിടിച്ച് തകഴിയപ്പൂപ്പനും  എത്തും. കക്ഷത്തില് ഒരു ഇരട്ടക്കുഴൽ തോക്കുന്ടെന്നുള്ളതൊഴിച്ചാൽ ചരിത്രം എന്നെ പഠിപ്പിച്ച ചെ'യെ അല്ല ഞാൻ കാണുന്നത്. സ്വന്തം തല വെട്ടി മാറ്റി ചുമർചിത്രങ്ങളാക്കി തനിക്കു പുറകെ വന്നവർ തൻറെ പേരിൽ ചെയ്യുന്ന കൊള്ളരുതായ്മകളിൽ ഇന്ന് നീറി നീറി കഴിയുന്ന ഒരു ആത്മാവാണ് അദേഹമിപ്പോള്. പിന്നെ ഒ വി വിജയൻ സാറ് .. ഒ വി സാറിനെക്കുറിച്ച് ഞാനെന്തു പറയാൻ??? സ്വര്ഗത്തിലെ ചുമരുകളില് കാര്ട്ടൂണ്‍ വരച്ചിടുന്നതിനു മാലാഖമാരുടെ വായിൽ നിന്നും ചീത്ത കേട്ടിട്ടാണ് മിക്ക ദിവസങ്ങളിലും മൂപ്പരെത്തുക.. സൗമ്യ സ്വഭാവക്കാരനായ മാര്ക്ക്യുസ്  .. എപ്പോഴും വായിച്ചുക്കൊണ്ടിരിക്കുന്ന അൽബേർ കമ്യു.. എല്ലാവരും ഹാജരാണിവിടെ. ഒത്തിരി നേരത്തെ കുശലം പറച്ചിലിനുശേഷം പുലര്ച്ചെ നാലു മണിയോടെ അവർ പുസ്തകതാളുകളിലോട്ട് മടങ്ങും. നാളുകള് എത്രയോ കടന്നു പോയി.. എന്നിട്ടും എൻറെ പ്രിയ എഴുത്തുകാരൻ ഇവിടെ എത്തിയില്ല..

          **************************************

        ഈ രാത്രിക്കും ഇന്നിതുവരെയുള്ള രാത്രികൾക്കും ഒരു വ്യത്യാസമുണ്ട്. ഇത് ഈ പുസ്തകശാലയില് എൻറെ അവസാനത്തെ രാത്രിയാണ്. രാജിക്കത്ത് കൊടുത്തതിൻറെ മുപ്പതാം പക്കം. പതിവ് പോലെ പാതിയുറക്കം തീര്ന്നപ്പോള് സുൽത്താൻ ബീഡി ഗന്ധം പരത്തി ആത്മാക്കളുടെ വരവറിയിച്ചു. അവസാന ദിനമായതിനാല് വിരുന്നെത്തുന്ന എഴുത്തുകാരെ പരിചയപെടണമെന്ന ചിന്തയോടെയാണ് കിടന്നത്. എന്നാൽ, പുതപ്പു വലിച്ചു നീക്കി എണീക്കാൻ തുടങ്ങുമ്പോഴാണ് കമ്യു എന്നെക്കുറിച്ച് പറയുന്നതു കേട്ടത്. എന്നാൽ ശരി, എല്ലാവരുടെയും ഉള്ളിലിരുപ്പ് അറിയാമെന്നു കരുതി ഞാൻ ഉറക്കം നടിച്ചു കിടന്നു. കമ്യു തുടര്ന്നു...

"പാവം പയ്യന്. നാളെ പോവ്വാ.. ജോലിം ആയിട്ടില്ല കൂലിം ആയിട്ടില്ല.. എന്താണാവോ ചെയാൻ കണ്ടെക്കണേ??"

ഒ വി സാറ് :  അവൻ ആളൊരു വിരുതനാ,  ഇങ്ങടെ L'Étrangerക്ക് മാത്രം ഫെയിസ് ബുക്കില് ലൈക്ക് അടിച്ചോണ്ടല്ലേ ഇങ്ങനെ പറയണേ..??

കാഫ്ക : അവൻ എൻറെ പ്രണയ ലേഖനങ്ങള് ഒന്നിലേറെ തവണ വായിക്കുന്നത് ഞാൻ കണ്ടിരിക്കുന്നു..

ബഷീർ :  ഉം.. ദേ കെടക്കണ്.. എന്നിട്ടെന്താ നെൻറെ മോന്ത അവൻ പ്രൊഫൈൽ പിക് ആക്കാഞ്ഞത്...? വരുത്തന്മാര് അങ്ങനെ ഇവിടെ വിളയണ്ട ട്ടാ..

മാര്ക്യുസ് : ഹൈ.. എന്താ ബഷീര്ജി, ഞങ്ങളും ജീവിചോട്ടേ..

ചെ : ടോ, സുൽത്താനെ, മനുഷ്യാ.. ചുമ്മാ എൻറെ തോക്കിലെ ഉണ്ട പാഴാക്കല്ലേ കഷണ്ടി..

ബഷീർ : നീയൊന്നു പോടാ കൊച്ചനേ.. നാട് നന്നാക്കാൻ ഇറങ്ങിയിട്ട് എന്തായി.. എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട.. മിണ്ടാതെ അവിടെ തോക്കും തൊടച്ചിരിക്ക്..

മാധവിക്കുട്ടി : അവനു ഒ. വി സാറിനെ തന്ന്യാ കൂടുതലിഷ്ടം. എപ്പോ നോക്കിയാലും ആ മധുരം ഗായതിയും പിടിച്ചിരിക്കണ കാണാം ..

ഖലീൽ : മാധു.. നിനക്ക് f b ല് അക്കൗണ്ട്‌ ഉണ്ടോ??

പൊറ്റെക്കാട് : ഇയാളെ കൊണ്ട് വല്യ ശല്യായ്ല്ലോ.. ഒരു മാതിരി ഒലിപ്പിക്കല്..

തകഴി : അവൻ പ്രേമ്ചോട്ടേ ന്റ പൊറ്റെക്കാടെ.. നിനക്കെന്താ??

ബഷീർ : ഹഹാഹഹ ഹാ..  പൊറ്റെക്കാട്‌ പ്ലിംഗ് ..

         എല്ലാവരും ചിരിച്ചു. ആ ചിരി കഴിഞ്ഞപ്പോള് മൗനം. വലിയൊരു മൗനം.. ആരും സംസാരിക്കുന്നില്ല. ഞാൻ പുതപ്പിനുള്ളിലൂടെ ഒളിക്കണ്ണിട്ട് നോക്കി. എല്ലാവരും ധൃതി കൂട്ടുന്നു. ബഷീർ ബീഡി കുത്തിക്കെടുത്തി കൊണ്ട് പറഞ്ഞു.
  "എല്ലാരും വിട്ടോ.. ആ ഭ്രാന്തൻ വരണുണ്ട്. ഈ വഴിയും വന്നു തുടങ്ങ്യോ ഇയാള്?? പാവം മ്മ്ടെ കുട്ടീനെ ഒന്നും ചെയാതിരുന്നാല് മത്യാര്ന്നു..

          നിമിഷ നേരം കൊണ്ട് എല്ലാവരും പോയ്മറഞ്ഞു. എൻറെയുള്ളില് ഭയം കുമിഞ്ഞു കൂടി. നിശബ്ധത. സുദീര്ഘമായ .നിശബ്ധത..

            *******************************

          ആ നിശബ്ധതയെ ഭഞ്ചിചുക്കൊണ്ട് ഒരു പഴഞ്ചൻ കാറ് ഉരുണ്ടുരുണ്ട്  എൻറെ പുസ്തക ശാലയുടെ മുന്പിൽ വന്നു നിന്ന് കിതക്കുന്ന ശബ്ദം. അതിൽനിന്നും ഇതുവരേയും കേള്കാത്ത ബൂട്ടനക്കങ്ങളോടെ ശരീരം മുഴുവൻ മുഷിഞ്ഞ കറുത്ത കോട്ടിൽ പുതച്ച് തലയിൽ ഒരു വട്ടതൊപ്പിയുമായി ആജാനബാഹുവായ ഒരു മനുഷ്യൻ കയറി വന്നു. അയാള് ഒറ്റ ചവിട്ടിനു ചില്ല് വാതില് പൊളിച്ച് അകത്തു കടന്നു. ഞാൻ ശരീരം മരവിച്ചു പോയ അവസ്ഥയിലായി. നിലവിളിയുടെ കാഹളം എൻറെ തൊണ്ടയിൽ മാത്രമായി മുഴങ്ങി. നിഴലുകളിൽ ഒരു നിഴലായി അയാള് ചുറ്റും കണ്ണോടിച്ച്  കോട്ടിൻറെ കീശയിൽ നിന്നും ഒരു ചുരുട്ടെട്ത്ത് ചുണ്ടിൽ വെച്ച് കത്തിച്ചു. ആ ഒരു ഞൊടിയിൽ ഞാൻ അയാളുടെ നീണ്ടു വളര്ന്ന ചെമ്പിച്ച താടി കണ്ടു. ഒരു ഭ്രാന്തനെ പോലെ അയാള് ഉലാത്താൻ തുടങ്ങി. രാത്രി ഭയാനകവും ഇരുട്ട് ശാപവുമാണെന്ന് എൻറെ ഉള്ളാള് തിരിച്ചറിഞ്ഞത് ആ നിമിഷത്തിലാണ്. ഓരോ പുസ്തകത്തിൻറെയും തലക്കെട്ടിലൂദെ വിരലോടിച്ച് നിരാശഭാവത്തോടെ അയാള് സ്വന്തം തലയിൽ മുഷ്ടി കൊണ്ട് പ്രഹരമേല്പ്പിക്കുന്നു.

            ഒടുവില് ഒരു കോണിലെത്തിയപ്പോൾ അവിടത്തെ പുസ്തകങ്ങൾക്ക് മുൻപിൽ അയാള് നിർവികാരനായി നിന്നു. സത്വരം, എൻറെ ഭയത്തെ ഞാൻ അതിജീവിച്ചു. ആ പുസ്തങ്ങള് ഏതാണ്, എത്ര രൂപയുടേതാണ്, എത്രാമത്തെ പതിപ്പാണ്‌... എല്ലാം എനിക്ക് അറിയാം. ഒരുപക്ഷെ ഇവിടിരിക്കുന്ന ഏതൊരു പുസ്തകത്തിനേക്കാളും ഞാനവയെ സ്നേഹിക്കുന്നു. എനിക്ക് ആളെ പിടിക്കിട്ടി. ഞാൻ ഇത്രയും നാൾ കാത്തിരുന്ന എൻറെ പ്രിയ എഴുത്തുക്കാരൻ ഒടുവിൽ ഇന്നെൻറെ ഇവിടത്തെ അവസാന രാത്രിയിൽ എത്തിച്ചേര്ന്നിരിക്കുന്നു. ഇപ്പോൾ തോന്നുന്നത് ഈ രാത്രി ഒരിക്കലും പുലരരുതേ എന്നു മാത്രമാണ്.

             പൊടുന്നനെ ഘോരമായ ഒരു ആക്രോശത്തോടെ അയാൾ  പുസ്തങ്ങൾ താഴോട്ടു വലിച്ചിട്ട് എനിക്കറിയാത്ത ഭാഷയിൽ ആ പുസ്തങ്ങളെ നോക്കി എന്തൊക്കെയോ പുലമ്പി. ശേഷം, എരിഞ്ഞു തീരാറായ ആ ചുരുട്ട്ക്കുറ്റി പുസ്തകങ്ങിലോട്ടിട്ടു.കരയിൽനിന്നും പിന്വലിയുന്ന കടൽപ്പോലെ തീക്കനൽ പുസ്തകതാളിൽ എരിയുന്ന തിരമാല സൃഷ്ടിച്ചു. പുസ്തകങ്ങള് വെന്തുവെണ്ണീരാകാൻ തുടങ്ങുന്നു. ആളി കത്താൻ തുടങ്ങിയ തീയ്ക്കു മുൻപിൽ നിന്ന് അയാള് അട്ടഹസിച്ചു. ആ കൊലച്ചിരിയുടെ അവസാനവും എൻറെ നിദ്രയുടെ ആരംഭവും ഒരേ നിമിഷത്തിലായിരുന്നു. കത്തിയെരിയുന്ന ഈ പുസ്തകശാലയില്  എഴുതപെടാത്ത ഒരു പുസ്തകാമായി ഞാനും എരിഞ്ഞുത്തീരുന്നു. ഈ തീ എന്നെ വിഴുങ്ങിക്കളയുകയാണെങ്കിൽ ഇതില്പ്പരം ഒരു സുഖമരണം എനിക്ക് വേറെയില്ല.

          **********************************

            രാവിലെ എണീച്ചു കണ്ണു തുറന്നപ്പോള് വെറും നിലത്ത് കെടാതെ നിന്നെരിയുന്ന തീയാണ് കണ്ടത്.പുതപ്പ് മാറ്റി ഞാൻ അവിടേക്ക്  ഓടി ചെന്നതും തീ സ്വയം പുസ്തകത്താളുകളിലേക്ക് ഉൾവലിഞ്ഞു. സ്വയം ശുദ്ധീകരിച്ചു ആത്മത്യാഗം ചെയ്ത അഗ്നി പുസ്തകങ്ങളെ എനിക്ക് ജീവനോടെ തിരികെ തന്നിരിക്കുന്നു. പ്രാണവായു മോഹിച്ച് അക്ഷരങ്ങൾ വീർപ്പു മുട്ടിയപ്പോള് താളുകൾ താനെ മറഞ്ഞു. അതിലൊന്നിൽ ഇങ്ങനെ എഴുതിയിരുന്നു...

"I swear to you gentlemen, that to be overly conscious is a sickness, a real, thorough sickness....   "
_____________________________________________________

FYODOR MIKHAILOVICH DOSTOYEVSKY......

Night_raiN
Koramangala.

Comments

Post a Comment

Popular Posts