കൊലയും ഭ്രഷ്ടും
കൊലയും ഭ്രഷ്ടും
" തക്ബീർ അല്ലാഹ്.. അല്ലാഹു അക്ബർ.. "
അവർ ഉച്ചത്തിൽ ചൊല്ലി.
നെഞ്ചാംകുഴിയുടെ ആഴമളന്ന മൂർച്ചയുള്ള വാള് അവർ മരണം കാത്തുക്കെട്ടി നിന്നവൻറെ പൊക്കിൽകുടിയിലേക്ക് വലിച്ചുനീക്കി. നെഞ്ചിൽ കുത്തിയിറക്കിയ കത്തി അടിവയറിൽ നിന്നും വലിച്ചൂരി. പൂണുല് രണ്ടായി അറ്റുപ്പോയി. അവസാന നിശ്വാസം.. അത് വഴി മരണപ്പെട്ടവൻറെ പ്രാണനും ഇനിയില്ല ഭൂവിലേക്ക് എന്ന് ചൊല്ലി വളരാൻ കൊതിക്കുന്ന വിത്താകാൻ പ്രാർത്ഥിച്ച് പച്ച നദിയുടെ തീരത്തേക്ക് യാത്ര പോയി. ചോര തുപ്പിയ കബന്ധം ചാക്കിലാക്കി അവർ തെമ്മാടി പറമ്പിൽ കൊണ്ട്ത്തള്ളി. കാട്ടുചെന്നായ ചോര മണത്തു വന്നു. രുചിച്ചു നോക്കി. മനുഷ്യൻറെ ചോര. എത്ര നക്കി നോക്കിയിട്ടും മരിച്ചവൻറെ മതമേതെന്നു ചെന്നായക്ക് മനസിലാക്കാൻ സാധിച്ചില്ല.
ഒരൊറ്റ വെട്ടിൽ വിറങ്ങലിച്ച ശരീരം ഘാതകൻറെ നെഞ്ചിലോട്ടു വീണ് ചാഞ്ഞു നിന്നു. പിന്നീട് ഒരു പുൽക്കൊടി ചായും പോലെ നിലം തൊട്ടു. ദസ്വിയിലെ ചോര പുരണ്ട മുത്തു മണികൾ മഞ്ചാടിക്കുരു കണക്കെ താഴെ വീണ് താളം തല്ലി. ചോരക്കറ പുരണ്ട കാവിയുടുപ്പ് മാറ്റാൻ പോയ അവസരം ഘാതകൻറെ ഒന്നര വയസുള്ള ആണ്കുഞ്ഞ് നൂലിഴ വസ്ത്രം ധരിക്കാതെ മൃതദേഹത്തിനടുത്തേക്ക് മുട്ടിലിഴഞ്ഞു വന്നു. ആ കുഞ്ഞു മൃതനെ തട്ടി വിളിച്ചു. അയാൾ ഉണര്ന്നില്ല. ഉണരുകയുമില്ല. ഉണർന്നില്ലയെന്നു കണ്ടപ്പോൾ അടുത്ത് കിടന്നിരുന്ന കത്തിയെടുത്ത് കുഞ്ഞ് അയാളുടെ നെഞ്ചിൽ കുത്തി നോക്കി. പിന്നെയും പിന്നെയും കുത്തി നോക്കി. അതു കണ്ട ഘാതകൻറെ ഭാര്യ ധൃതിയിൽ കുഞ്ഞിനെയെടുക്കാൻ വന്നപ്പോൾ ഘാതകൻ കൈ നീട്ടി അവളെ തടഞ്ഞു നിർത്തി. നിലക്കാത്ത രക്തപ്രവാഹം കണ്ട് നിഷ്കളങ്കമായ ചിരിയോടെ കൊച്ചു കുഞ്ഞ് കളി തുടര്ന്നു. ഇത്തവണ തെമ്മാടിപ്പറമ്പിൽ വീണ ചാക്ക്ക്കെട്ടിൽ നിന്നും നക്കി നോക്കാൻ കാട്ടു ചെന്നായക്ക് രണ്ടു കാലും ഒരു തലയും മാത്രമേ ലഭിച്ചുള്ളൂ. മനുഷ്യൻ തന്നെ, മതമേത് ..?? അറിഞ്ഞുകൂടാ.. ചെന്നായ ഉച്ചത്തിൽ മോങ്ങി.
രാത്രിയായപ്പോൾ ചീഞ്ഞളിഞ്ഞ മാംസം കൊത്തി തിന്നുവാൻ കഴുകന്മാർ മരുഭൂമിയും കടന്നു പറന്നെത്തി. എന്നാൽ, ഇരുട്ടിനെ മറ പിടിച്ച് പ്രകൃതി തന്നെ ആ രണ്ടു മൃതകായങ്ങളും മണൽക്കാറ്റ്ക്കൊണ്ട് മറവു ചെയ്തുക്കഴിഞ്ഞിരുന്നു. ഇഷാ നമസ്കാരത്തിന് ഒത്തുക്കൂടിയവർ സ്വയം എണ്ണി നോക്കി. ഒരാള് കുറവുണ്ട്. കോവിൽ മുറ്റത്ത് നേദിച്ച് വെച്ചിരുന്ന പ്രസാദയ്യൂട്ടിൽ ഒന്ന് മാത്രം ബാക്കിയായി. കഴുത്തിൽ ചെമ്പൻ രോമങ്ങളുള്ള ഒരു മുത്തശ്ശിക്കാക്ക സമുദായക്കാരുടെ മുമ്പില് വെച്ച് തന്നെ അത് കൊത്തി തിന്നു പോവുകയും ചെയ്തു.
ചിതൽ തിന്ന ദശയിൽ ശേഷിച്ച എല്ലിൻ കുഴലിലൂടെ കാറ്റോതി വിട്ട മരണ ഗാനങ്ങൾക്ക് ശവപ്പറമ്പിൽ തുടക്കവും ഒടുക്കവും ഉണ്ടായിരുന്നില്ല. ആ നിലക്കാത്ത ഗാനങ്ങൾ കേൾക്കാതെ അവർ അവരവരുടെ രക്തസാക്ഷികളെ തിരഞ്ഞു കണ്ടുപ്പിടിച്ചു. വൈകിപ്പോയി, ഒരുപാട് വൈകിപ്പോയി. അജ്ഞാതരെപ്പോലെ മരണങ്ങളെ മുഖാമുഖം കണ്ടു നിന്നിരുന്ന പൊന്തക്കാടുകൾ അവരോടു ഉറക്കെ വിളിച്ചു പറഞ്ഞു.
" തെറ്റ് പറ്റി.. തെറ്റ് പറ്റി.. മൃതദേഹങ്ങൾ മാറിയെടുത്തിരിക്കുന്നു. മാറിയെടുക്കാനാണെങ്കിൽ, എന്തിനാണ് നിങ്ങളീ അരുംകൊലകൾ ചെയുന്നത്..??
" മൂഡരായ പൊന്തക്കാടുകളേ ..എണ്ണം തികക്കുവാനുള്ള രക്തസാക്ഷി മണ്ടപങ്ങളാണ് ഞങ്ങൾക്ക് ഇപ്പോൾ ഒരുക്കി തീർക്കാനുള്ളത്... "
അവർ മുസ്സല്മാനെ കാവിപ്പുതപ്പിലും ഹൈന്ദവനെ കഫംപുടവയിലും പൊതിഞ്ഞുക്കെട്ടി. രണ്ട് നാൾ കഴിഞ്ഞ് ആകാശ ത്തിൻറെ മാറു പിളർത്തിയ രണ്ടു സുവര്ണ ഗോപുരങ്ങൽക്കടിയിൽ രണ്ട് ശരീരങ്ങൾ രണ്ടിടത്ത് പുനർജ്ജന്മം പേടിച്ചു കിടന്നു. ഹൈന്ദവൻറെ തലയോട്ടിക്ക് മീസാൻ ക്കല്ല് കാവലിരുന്നു. മുസ്സല്മാൻറെ സ്മാരക ശിലയിൽ ആരോ ഗംഗാജലം തെളിച്ചു.
തീര്ന്നില്ല . തെമ്മാടിപ്പറമ്പിൽ പിന്നെയും രക്തമൊലിക്കുന്ന ചാക്കുക്കെട്ടുകൾ എറിയപ്പെട്ടു. മതം നക്കി രുചിച്ചു തിരിച്ചറിയാൻ പ്രയാസപ്പെട്ട കാട്ടു ചെന്നായ പിന്നീട് ആ വഴി വരാതായി. പൊന്തക്കാടുകൾ മാത്രം മതവാദികളെ പിരാകിക്കൊണ്ട് നിന്നു........
കാട്ടു ചെന്നായ - ഏകദൈവം
പൊന്തക്കാട് - നിരീശ്വരവാദികൾ
പച്ച നദി - വേദനയും ചോരയുമില്ലാത്ത ഒരിനം ജീവി
കഴുകന്മാർ - ഒരു മതത്തിലും ഉള്പെടാതെ വർഗ്ഗീയ കലാപം അഴിച്ചു വിടുന്നവർ
പ്രകൃതി- നന്മയുടെ ശേഷിക്കുന്ന ജീവനുകൾ
ഭ്രഷ്ട് - പുറം തള്ളല്ലല്ല. ഉണ്മൂലനമാണ് ഉദ്ദേശിച്ചിരിക്കുന്നത്.
Night_raiN

Comments
Post a Comment