ചെമ്പ്രാ മാനിഫെസ്റ്റോ
ചെമ്പ്രാ മാനിഫെസ്റ്റോ
ആമുഖം
ഓരോ മഴയും പെയ്തിറങ്ങുന്നത് ഒഴുകാനാഗ്രഹിക്കുന്ന നദികളുടെ സ്വപ്നത്തിലാണ്. പെയ്തു തോരുന്നത് തല നിമർന്നു നില്ക്കാനാഗ്രഹിക്കുന്ന പുല്ക്കൊടികളുടെ പ്രാര്ത്ഥനയിലും. ആ പുൽക്കൊടികളിൽ ഞാനും നീയുമടങ്ങുന്ന മനുഷ്യജീവികളും ഉൾപെടുന്നു. മഴയുടെ വിധി തോരാതെ പെയ്യുക എന്നതു മാത്രമായിരുന്നു. പക്ഷെ, മനുഷ്യൻറെ നെട്ടോട്ടങ്ങൾ ക്രിയാവിചാരത്തിലകപെടുമ്പോള് വൈത്തിരിയില് കാർമേഘങ്ങൾ കണ്ണീർ തുടയ്ക്കുന്നു. ഇന്നിതുവരെ തിമിര്ത്തു പെയ്ത മഴ ഞാനിവിടെ കാലുക്കുത്തിയപ്പോള് മണ്ണിൽ മുള പൊട്ടിക്കുന്ന വജ്രാണി ചീളുകൾക്ക് അയനം ചെലുത്തി. ഇനിയെനിക്ക് ബസ്സിറങ്ങാം. ദിവാസ്വപ്നങ്ങളിൽ കണ്ട അന്തരീക്ഷം ബാക്കി വെച്ച് മഴ അടുത്ത എഴുതുക്കാരനിലോട്ടു യാത്രയായി. എന്നിട്ടും, ഞാൻ തനിച്ചല്ല.. മുന്പ് പെയ്തിറങ്ങാൻ മടിച്ചു നിന്ന പല മഴത്തുള്ളികളും എൻറെ മേല് ചാറി കളിക്കുന്നുണ്ട്.ഒരു വയനാടൻ സായാഹ്നം
സ്കൂൾക്കുട്ടികളേയും പേറി മലമടക്കുകളിൽ മുത്താതെ ചീറുന്ന മഹീന്ദ്ര ജീപ്പിന് പുറകെ ഞാന്നു കിടന്ന് യാത്ര ചെയ്യാൻ അവസരം ലഭിച്ചതേ വലിയ ഭാഗ്യമായിരുന്നു. മൂടിക്കെട്ടിയ കറുത്ത ശീലക്കുള്ളിലിരുന്ന് മൂക്കട്ടയൊലിപ്പിക്കുന്ന കുഞ്ഞിപ്പിള്ളേര് എന്നെ നോക്കി ചിരിയോടു ചിരി. വിചാരിക്കാതെ വിരുന്നെത്തുന്ന ഈ കുരുടി വളവുകൾ എന്നെ ഒരു കോമാളി വേഷക്കാരനാക്കി തീര്ക്കുന്നു. എനിക്കിതു പരിചയമില്ല മക്കളേ ...
ജീപ്പിറങ്ങിയപ്പോള് ഒരു കൊച്ചു പയ്യൻ എന്നോട് വന്നു ചോദിച്ചു.
" ഇക്കാ, മലെം തെയല തോട്ടോം ആദ്യാ കാണണേ ?? "
അപ്പോഴാണെനിക്ക് പൊരുൾ പിടിക്കിട്ടിയത്. വയനാടൻ സൗന്ദര്യം ആദ്യമായി കാണുന്ന എൻറെ അന്തംവിട്ട മുഖഭാവം കണ്ടാണ് കൊച്ചു തെമ്മാടികൾ ചിരിച്ചു മതി മറഞ്ഞത്.
" മല ആദ്യായിട്ടല്ല കുട്ടാ.. പഷേ, നിൻറെ നാട്ടിത്തെ മല ആദ്യായ്ട്ടാ കാണണെ ട്ടോ....... "
" നോക്കിയെനെടാ ജിത്തു.. ആ യ്ക്കാ ജമ്നാ വ്യാപാരി സിലിമേലെ പോലെ സംസാരിക്കന്ന്.."
ജിത്തുവിനേയും കൂട്ടി നടന്നു അവൻ രംഗം അവസാനിപ്പിച്ചു.
മേപ്പാടി സ്റ്റാന്റിനടുതോട്ടു നടന്നു നീങ്ങിയപ്പോള് നീലാകാശത്തിലെ ദുല്ക്കറിന്റെ കോട്ടുമിട്ട് അനീഷേട്ടൻ അപാച്ചെ കിതപ്പിച്ചു നില്ക്കുന്നത് കണ്ടു. കൈയോട് കൈ തട്ടി ഞാൻ ബൈക്കിനു പുറകിൽ കയറി. അരങ്ങ് ടൌണിൽ നിന്നും എട്ടൻറെ വീട്ടിലെത്തിയപ്പോള് അന്തരീക്ഷമണ്ഡലം നിസ്ക്കരിക്കാനൊരുങ്ങുന്ന താത്തക്കുട്ടിയെപ്പോലെ കറുത്ത മുഖപടം അണിഞ്ഞു.
ഇരുട്ട്
ഇരുട്ടിൻറെ കൊക്കിനു പിടിച്ച് വെളിച്ചത്തിലേക്കുള്ള വഴി ചോദിച്ചു. ഇരുട്ട് പറഞ്ഞു. ഞാനും അത് അന്വേഷിച്ചു നടക്കുന്നു.. എൻറെ കുടെ വരിക.. അത്താഴത്തിനുശേഷം അനീഷേട്ടൻ എങ്ങുനിന്നോ തപ്പിയെടുത്ത് തന്ന ഒരു പഴയ ശരറാന്തലും തൂക്കി ഞാൻ ഉമ്മറത്തിരുന്നു. മങ്ങിയ നിലാവെട്ടം. പാടത്തെ കതിരുകളോട് പകൽവിശേഷങ്ങള് പറഞ്ഞു തീര്ക്കുന്ന ചിവീടുകൾ. മിന്നി മായുന്ന മിന്നാമിനുങ്ങുകൾ. ചെറുപ്പത്തിലെപ്പോഴോ കേട്ട് ഭയന്നിരുന്ന പുത്താങ്കീരികളുടെ വായൊച്ചകൾ. മൂക്കിലോട്ടു അടിച്ച് കയറുന്ന വയൽഗന്ധം. ഇത്രയും ധാരാളമെനിക്ക്.. ഇതുവരേക്കുമെഴുതുവാൻ...
പ്രഭാതം
വായുവിൽ ഉറിയടിച്ചു പരന്ന കോടമഞ്ഞ്. പാടവരമ്പിൻറെ നെറുകെ ചായ മോന്തി ഞാൻ നടന്നു. സ്നേഹപുല്ലുകള് കാവിമുണ്ടിൻറെ കീഴ്ഭാഗം ലോഹ്യം കൂടുന്നു. മഞ്ഞുതുള്ളികളിൽ സ്നാനം തീർത്ത വേലിപ്പടക്കങ്ങൾ താനെ പൊട്ടിത്തെറിക്കുന്നു. പ്രഭാതത്തിൻറെ പ്രതിധ്വനി മുഴങ്ങുന്നത് കണ്ണാടിമാളികകളുടെ ചുമരിൽ തട്ടിയല്ല, കറ പുരളാത്ത കണ്ണീർക്കുടിലുകളുടെ തെങ്ങോല ചുഴികളിലൂടെയാണ്.
റയിഡ്
തണുക്കന്ണ്ടോ മനു ??? - അനീഷേട്ടൻ.
ഹേയ് ഇല്ല - പല്ല് കടിച്ചു പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
യാത്രയിലുടനീളം മനസ്സും പേനയും മഞ്ഞെന്ന വാക്കില് പുത്തനൊരു ഭാഷ സൃഷ്ടിച്ചെടുക്കാൻ തുനിയുന്നു. എതിരെ വരുന്ന ജീപ്പിൻറെ ഹെഡ് ലാമ്പ് മഞ്ഞിൻറെ തീവ്രത കൂട്ടുകയാണ്. നിമിഷനേരവും കരുത്താര്ജിച്ചുക്കൊണ്ടിരിക്കുന്ന മഞ്ഞ് മുടിയിഴകളും കണ്പീലികളും തൊട്ടുഴിയുന്നു. പാതക്ക് ഇരുവശവും കാണുന്നത് ആകാശമല്ല, മഞ്ഞു തന്നെയാണ്.. അതിനപ്പുറം മലകളുണ്ട്.. തേയില തോട്ടങ്ങളുണ്ട്.. എനിക്കെഴുതി തോല്പ്പിക്കുവാൻ സാധിക്കാതെ പോകുന്ന ഈ മഞ്ഞു ഇനി വരാനിരിക്കുന്ന പുലരികളെപ്പോലും വിജയിച്ചു നില്ക്കുന്നു. മഞ്ഞ്- നിത്യകന്യകയുടെ നിഴൽരൂപമാണ്.
കുഞ്ഞുമോൻ
അനീഷേട്ടൻറെ കൂട്ടുക്കാരൻ. ജിഷ്ണു എന്ന് S.S.L.C സർട്ടിഫിക്കറ്റില് മാത്രം പേരുള്ളവൻ. ചെമ്പ്രാ പീക്കിലെ ഏറ്റവും പ്രായം കുറഞ്ഞ ഗൈഡ്. എല്ലാത്തിനുമുപരി, ഇരുപത്തിയൊന്നു വയസിനുള്ളില് അഞ്ഞുറിലേറെ തവണ വയനാടൻ ആകാശം തൊട്ടവൻ. ഒരു കുടയും കുഞ്ഞു ശരീരവുമായി അവൻ ഞങ്ങളുടെ മുൻപിൽ നടന്നു
ആകാശ ചെരുവില്..
തണല് കോരാൻ മഴമേഘങ്ങളും തണുപ്പ് കൂട്ടാൻ കോടമഞ്ഞും കിണഞ്ഞു മത്സരിക്കുന്നു. ആർപ്പുവിളികളില്ല. ആഹ്ലാദ തിമിർപ്പുകളുമില്ല. മൂവരും വായ്പ്പൂട്ടു കെട്ടി നടന്നു കയറി. ചെങ്കുത്തായ കയറ്റങ്ങൾ. പാറമടക്കുകളിലുടെ ഒലിച്ചിറങ്ങുന്ന തെളിനീരുറവയുടെ വഴുക്കൻ താളം. കുഞ്ഞനട്ടകൾ. കൈക്കാലുരച്ചു നോവിക്കുന്ന നെല്ലോലകൾ. ഓരോ അടിയിലും കാല്മുട്ട് മടക്കയാത്രക്ക് മുറവിളി കൂട്ടുന്നു. യാത്രയുടെ ഒഴുക്ക് കാലുകളിലല്ല, മനസ്സിലാണ്.. കാഠിന്യം എത്തിപ്പെടെണ്ട ദൂരത്തെയോർത്തല്ല, തിരിച്ചു വരേണ്ടതുണ്ടെന്ന യാഥാർത്യത്തിലാണ്.
മഴയൊഴിയാത്ത പുല്മെത്തയിലൂടെ നടന്ന് ഹൃദയ തടാകത്തിനരികിലെത്തി. മേലെ കോടമഞ്ഞ് മണിക്കുന്നുമലയിലോട്ടു പാലു തൂവാനായി പോകുന്നത് താഴെ തടാകത്തിൽ വെള്ളിചിറകുകളുള്ള ഒരു വലിയ പക്ഷിയെ പോലെയാണ് തോന്നിയത്. ലവ് ലെക്കിനരികിലിരുന്ന് അനീഷേട്ടൻ സാരീവാലൻ മീനുകൾക്ക് ബ്രെഡ് നുള്ളിയിട്ട് കൊടുത്തു. വയറു നിറഞ്ഞ കുഞ്ഞിമീനുകൾ ഇടയ്ക്കിടെ താഴോട്ടു പോയി നീർകുമിളകൾ ഊതി വിടുന്നു. പ്രണയസാഫല്യം പൂർത്തികരിക്കാൻ കൈയോട് കൈ ചേർത്ത് പിടിച്ചു മല കയറി വരുന്ന ഓരോ പ്രണയാഭ്യര്ത്തികളും ഇവിടെ ഈ നീലജലാശയത്തില്കാലു നനക്കുമ്പോള് കുഞ്ഞിമീനുകൾ അവരുടെ പ്രേമായുസ്സു ഗണിച്ചു നോക്കുന്നുണ്ടാവനം -തീര്ച്ച.
" മോളിക്ക് കേറിക്കൂടെ " ഞാൻ ചോദിച്ചു
" ഇല്ല " -കുഞ്ഞുമോൻ
" എനിക്ക് മോളിക്ക് പോണം "
" ഇല്ല. പറ്റില്ല " -കുഞ്ഞുമോൻ ചൂടായി
വംശനാശം സംഭവിച്ചുക്കൊണ്ടിരിക്കുന്ന ഒരിനം പക്ഷിയുടെയും മാവോയിസ്റ്റ് ബലികളുടേയും പേരിൽ പീക്കിലോട്ടുള്ള ട്രെക്കിംഗ് നിർത്തിവെച്ചിരിക്കുകയാണ് എന്ന് കേട്ടപ്പോള് സങ്കടം തോന്നി.
_ ന്നാലും ൻറെ രൂപേഷേട്ടാ ഇങ്ങള് ഈ പണി ചെയ്തല്ലോ.. ഇങ്ങട ടീംസിന് കര മാറി കടക്കാൻ ഈ വഴി മാത്രുള്ളൂൂ...
_ പിന്നേ ഭൂമി ഉള്ളടത്തോളം വംശനാശം സംഭവിക്കില്ലന്നുറപ്പുള്ള ഒരേരു ജീവി.. അത് മനുഷ്യനന്നെ...
സ്വര്ഗം വിദൂരമൊന്നുമല്ല. സാന്ദ്രിമയുള്ള ആ മേഘപടങ്ങൾ തൊട്ടടുത്ത് കാണുമ്പോള് ഒരിക്കലും മടങ്ങി വരാതെ ഒരു യാത്ര പോകുവാൻ തോന്നും. വിലക്കപ്പെട്ട യാത്രകൾക്ക് മനസ്സ് ജാഗരൂകമാക്കി നിർത്തുമ്പോള് ഭൂമിയിലെ യാത്രകളുടെ സ്ഥാനാന്തരം പൂജ്യത്തിൽ നിന്നും പൂജ്യത്തിലോട്ടു മാത്രമാണെന്ന് ബോധ്യപ്പെടുന്നു. ഈ യാത്ര ഇന്നിവിടെ ഇപ്പോള് തീരും. ഒരിക്കലും തീരാത്ത ഒരു യാത്ര പോകണമെങ്കിൽ അടുത്ത ജന്മം ഒരു ദേശാടനപക്ഷിയായി ഉയിരെടുക്കേണ്ടിയിരിക്കുന്നു.
തിരിച്ചിറങ്ങുമ്പോള് ലവ് ലേക്കിനും മേലെ ചെമ്പ്ര മുനമ്പിലോട്ടു തിരിഞ്ഞു നോക്കി. വെള്ളിമേഘങ്ങൾ കൈ കാട്ടി വിളിക്കുന്നുണ്ട്. എങ്കിലും കയറുക അസാധ്യമല്ലേ... ആകാശക്കൊട്ടയിൽ അപ്പൂപ്പൻതാടിയായി നിന്നു കൊണ്ട് കാല്പനികതയോട് ചുങ്കം പിരിക്കുമ്പോള് അനീഷേട്ടൻ തോളിൽ തട്ടി പറഞ്ഞു.
പൂർത്തീകരിക്കുന്ന യാത്രകളെല്ലാം പിന്നീട് ഓർമ്മകൾ മാത്രമാണ്..
പൂർത്തീകരിക്കാത്തവ മനസിൻറെ വിങ്ങലും..
ഈ യാത്ര ഒരു വിങ്ങലായി കിടക്കട്ടേ..
ഇനിയുള്ള നാളുകളിൽ എന്നെങ്കിലും മടങ്ങി വരുവാനുള്ള ഉദ്ദീപനമായി..
യാത്ര തുടരും.........
താങ്ക്സ് ടോ അനീഷ്, കുഞ്ഞുമോൻ, മഴ, മഞ്ഞ്...
waynad



Comments
Post a Comment