കുടജാദ്രിയിലെ നായ

കുടജാദ്രിയിലെ  നായ












         ഒരു തുണ്ട് ബിസ്ക്കറ്റ്കഷ്ണത്തിൻറെ നന്ദി കാണിക്കുവാനായി നീ എൻറെ കു‌ടെ മല കയറി. നനഞ്ഞ മണ്ണിലെ കുഞ്ഞനട്ടകള് എൻറെ പാദത്തിലെ ചോര കുടിച്ചു മദിച്ചപ്പോള് നീ നക്കി തുടച്ചു തന്നു. തണൽ ചൊരിഞ്ഞ് നിന്ന വടവൃക്ഷ ത്തിൻറെ ഇളം ചില്ലയിൽ നിന്നും പച്ചിലപാമ്പ് ഞാൻ പോലുമറിയാതെ എൻറെ തോളിലോട്ടു ഊർന്നു വീണപ്പോള് നീ അതറിഞ്ഞ് എനിക്ക് അപായ സൂചന നല്കി. പെരുമ്പാമ്പിൻറെ വായിലേക്ക് കാലു നീട്ടി വെച്ചപ്പോഴും ദിശ തെറ്റി യാത്ര നടത്തുമ്പോഴും നീ എനിക്ക് വഴി കാട്ടിയായി. ജ്ഞാനപീറത്തിനു പുറകു വശം പച്ചത്തകിടിയും കടന്ന്,  ആ മൊബൈൽ ടവറിനു അടുത്ത് പോയി കോടമഞ്ഞിൽ സ്വയം കാണാതായ നിമിഷം പ്രകൃതിയെ നോക്കി നീ എനിക്ക് വേണ്ടി കുരച്ചു. കോടക്കാറ്റില് തണുത്തുറഞ്ഞു ഞാൻ ധ്യാനം ചെയ്യവേ, നീ എൻറെ ബാഗിനും മുളംകമ്പിനും കാവലിരുന്നു. അറ്റം പൊട്ടിച്ചിട്ട് നിനക്ക് വിളമ്പിയ ബ്രെഡ്‌ കഷ്ണങ്ങൾ ഞാൻ എൻറെ പങ്ക് കഴിച്ചതിനുശേഷം മാത്രം നീ ഭുജിച്ചു. എൻറെ ഏകാന്തയാത്രയിൽ നിഴലിനെക്കാള് വലിയൊരു ഛായായി നീ കൂട്ട് നിന്നു.

        ഒടുവില് മടക്കയാത്രക്ക്‌ സമയമായപ്പോള് നീ അറിയാതെ നിന്നെ വിട്ടു ജീപ്പിൽ കയറിയത് സ്നേഹക്കുറവ്വ്  കൊണ്ടല്ല മറിച്ച്,  നിൻറെ കണ്ണിലെ കറു കറുത്ത കൃഷ്ണമണിയില് നോക്കാൻ ത്രാണിയില്ലാഞ്ഞത് കൊണ്ട് മാത്രമാണ്. നീ എന്നെ പിന്തുടര്ന്നു. ചെങ്കുത്തായ വളവു തിരിയുമ്പോള് ജീപ്പിലെ കണ്ണാടിയില് ഞാൻ കണ്ടത്, എനിക്ക് കൂടെ വരുവാൻ വെമ്പുന്ന നിൻറെ രൂപമാണ്. യാത്രക്കാരുടെ മനസ്സില് ഭ്രാന്തനെന്ന സ്ഥാനം തിട്ടപ്പെടുത്തിയും  ഡ്രൈവറുടെ കന്നഡ ചുകയുള്ള തെറിവിളി കേട്ടുക്കൊണ്ടും നീ ഒരു പ്രാണനാല് ഞാൻ വാഹനം നിർത്തിച്ചു. എന്നിലേക്ക്‌ ഓടി വന്ന നീ  നിൻറെ മുന്ക്കാലുകള് എടുത്തെൻറെ  നെഞ്ചിലോട്ട് വെച്ചു.

        സ്നേഹിതാ, എനിക്ക് പോയെ പറ്റു. ഒരു നാള് ഞാൻ മടങ്ങി വരും. നീ കൂടെയില്ലാതെ ഈ പച്ചപ്പും കോടമഞ്ഞും ധ്യാനവും പൂർണമാകുന്നില്ല . ഞാൻ മടങ്ങി വരിക തന്നെ ചെയ്യും.

         മൂകാംബിക ദര്ശനവും മുഖാന്തരീക്ഷവും വാക്കുകളിൽ പൊലിപ്പിക്കാൻ കച്ച കെട്ടിയിറങ്ങിയ ഞാനിന്നു കേവലം ഒരു നായയെ കുറിച്ച് നാലു വാക്ക് മാത്രമെഴുതി പിന്വാങ്ങുന്നു..  ഇന്ന്   എനിക്ക് തോന്നിപ്പോകാറുണ്ട്, എന്നെയും കാത്ത്  അടിവാരത്തെ സന്തോഷ്‌ ഹോട്ടലിൻറെ ഉമ്മറത്ത്‌ നീ വാലാട്ടി കിടക്കുന്നത്...


Night_raiN
kollur

Comments

Popular Posts