പ്രതീക്ഷ

ബോട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരിൽ ഒരാളാണ് ഞാൻ. എന്റെ ജഡം പൊക്കി  മുങ്ങൽ വിദഗ്ധർ കരകയറുമ്പോൾ ഒരാൾ ഓരിയിട്ടു പറയുന്നുന്ടായിരുന്നു.

"ജീവനുണ്ട് "

അതായിരുന്നു മരണത്തിനു മുൻപ് കേട്ട അവസാന വാക്ക് .

പ്രതീക്ഷ

ഒടുവിൽ ഞാൻ ഇതാ നിലം തൊടാത്ത കാലുകളുമായി  എന്റെ വസതിയില്‍ തിരികെയെത്തിയിരിക്കുന്നു. ദേഹഭാരമില്ലാതെ, വിശപ്പും കിതപ്പുമില്ലാതെ, സന്തോഷങ്ങളും സങ്കടങ്ങളുമില്ലാതെ... എങ്കിലും, അഴുകിയളിക്കുന്ന സ്വന്തം ശരീരത്തിന്റെ അസുഖകരമായ ഗന്ധം എനിക്കിപ്പോഴും അറിയാം.. ഒരുപക്ഷെ ഇന്ദ്രിയോണർവുകൾ ഇനിയും ജന്മരാശികളിൽ ലയിച്ചുക്കാണില്ല.

മകൻ മുറിയിലുണ്ടായിരുന്നു.  ബോട്ടപകടത്തിൽ നിന്നുള്ള രക്ഷപ്പെടലിൽ അവന്ടെ മനോനില കൈവിട്ടുപ്പോയി. അവന്‍ എന്നെ കാണുന്നു.. കേൾക്കുന്നു.. സ്പർശിക്കുന്നു..

ഓരോ ദിവസങ്ങളിലും എനിക്ക് മാറുവാൻ കുപ്പായങ്ങൾ കൊണ്ടുവരുന്നു. ഓരോ നേരങ്ങളിലും എനിക്ക് ഭക്ഷണം വിളമ്പി തരുന്നു. അവന്റെ രണ്ടു തോളുകളും പിടിച്ചുലച്ച് ഞാൻ അവനെ വിട്ടുപ്പോയെന്ന സത്യം പറയുമ്പോൾ സ്വന്തം മനോനില കൈവിട്ടുപ്പോയതോർത്ത് വിങ്ങിക്കരയുന്നു.

എന്റെ അഭിപ്രായം ശരിവെച്ചെന്നോണമാണ് അവന്‍ അന്നൊരു ഡോക്ടറെ കാണുവാൻ തീരുമാനിച്ചത്.  അവരുടെ കൂടിക്കാഴ്ച്ചക്കിടയിൽ എന്നെ കാണുവാൻ കഴിയാത്ത, എനിക്കു മാത്രം കാണുവാൻ കഴിയുന്ന കാഴ്ച്ചകളിലൂടെ ഞാന്‍ അല്പം നടന്നു. തീർന്നടിഞ്ഞതിൽ ദു:ഖമൊന്നുമില്ല. ചെയ്തു തീർക്കുവാൻ അങ്ങനെ യാതൊന്നും ഉണ്ടായിരുന്നില്ലല്ലോ .... വിനാഴികകൾക്കപ്പുറം എനിക്ക് ഈ ഗ്രഹം വിടേണ്ടതായി വരും. അതിനു മുൻപെ, ഒരു തവണ കൂടെ എന്ടെ മകനെ എനിക്ക് കാണണം.

കൺസൾട്ടിംഗ് റൂമിനടുത്ത് ചെന്നപ്പോൾ ഡോക്ടർ അവനോട് ചോദിക്കുന്നത് ഞാൻ കേട്ടു.

" പേഷ്യൻറിന്റെ പേരെന്താണെന്നാണ് പറഞ്ഞത്? "

അവന്‍ കണ്ണു തുടച്ചുകൊണ്ട് പറഞ്ഞു.

" പേഷ്യന്റെന്നു പറയരുത് ഡോക്ടർ. എന്റെ അപ്പനാണ്. എന്റെ അപ്പന് അസുഖമാണെന്ന് അപ്പൻ ഒരിക്കലും അറിയരുത്.

Inspiration: Memento
Danny
Nightrain

Cotard delusion is a rare mental illness in which the affected person holds the delusional belief that they are already dead, do not exist.

Comments

Popular Posts