പൂച്ച

" കണ്ടൻ പൂച്ചകളങ്ങനാ.. കുന്നുമേൽക്കൊണ്ട കളഞ്ഞാലും നമ്മള് തിരിച്ചെത്തും നുമ്പെ അവറ്റോള് വീട് മൊളയും.."

അതും പറഞ്ഞ് അച്ഛാച്ഛൻ പൂച്ചയുടെ കഴുത്തിൽ തലോടി. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അമലു അതിനേയും നോക്കി കുന്തക്കാലിലിരിക്കുകയായിരുന്നു.

പൂച്ച

രണ്ട് വർഷങ്ങൾക്ക് ശേഷം,

വിറകുപ്പുരയുടെ പുറകിൽ നിന്നാണ് അമലുവിന് ആ പൂച്ചയെ കിട്ടിയത്. കറുപ്പും വെളുപ്പും നിറം. തുരുമ്പൊലിക്കുന്ന കണ്ണുകൾ. വീടിന്റെ വരാന്തയിൽ കൊണ്ടിട്ടതും അത് പണി പറ്റിച്ചു. കൊത്തമരയുടെ നീളത്തിൽ രണ്ടു കണ്ടികൾ. ടി വി കണ്ടു കൊണ്ടിരുന്ന ചേട്ടൻ ഓടി വന്ന് കാലുമടക്കി ഒരൊറ്റ തൊഴി. പൂച്ച ചുമരിൽ തലയിടിച്ച് വീണു. പിന്നെ, എണീച്ച് നാലുപാടും നോക്കി. അമലുവിന്റെ കണ്ണും മൂക്കും നിറഞ്ഞൊഴുകി.

അമ്മച്ചി കടയിൽ പോകുന്ന നേരം നോക്കി അവൻ അടുക്കളയിൽ കയറി കാച്ചിയ പാലെടുത്ത് പൂച്ചക്ക് കൊടുത്തു. വെളിച്ചെണ്ണ പുരട്ടി വെള്ളച്ചോറു കൊടുത്തു . പൂച്ചക്കുഞ്ഞ് എങ്ങനെ തിന്നണമെന്നും എവിടെ തൂറണമെന്നും എന്തുകൊണ്ട് ഉറങ്ങണമെന്നും അങ്ങനെ മന:പാഠമാക്കി. രാത്രികളിൽ അവൻ അതിനെ നെഞ്ചിൽ കിടത്തിയുറക്കി. മരിച്ചുപ്പോയ അച്ഛാചഛനേക്കാളേറെ അവൻ പൂച്ചയെ സ്നേഹിച്ചു. പൂച്ച തിരിച്ചും. 

എന്തോ മെനക്കേടുള്ളത് തിന്നിട്ടാണ് പെരുന്നാളിനന്ന് രാത്രി പൂച്ച ചേട്ടന്റെ റൂമിലെ ചവിട്ടിയിൽ ഛർദ്ദിച്ചിട്ടത്. പിറ്റേന്ന് കാലത്ത് അമ്മച്ചി പൂച്ചയെ ഒരു സഞ്ചിയിലാക്കി ചേട്ടനു കൊടുത്തു. ചേട്ടൻ അത് ബൈക്കിന്റെ ഹാൻഡിലിലിട്ട് കടവാരത്തേക്ക് പോകുമ്പോൾ അമലു ഉമ്മറത്തെ തൂണിൽ ചാരി തലക്കുത്തി നിന്ന് കരയുകയായിരുന്നു.

തലക്കുത്തി നിന്നാൽ കുടലു മറിയും. അമ്മച്ചി സങ്കടപ്പെട്ട്  ഓടി വരും. അമലുവിന്റെ ആ വിശ്വാസം ഉടഞ്ഞില്ലാതാകുകയായിരുന്നുആ നേരം. വാശിക്കൊണ്ട് മുഖം ചുവന്ന അമലു അന്ന് ടൈ കെട്ടാതെയാണ് സ്കൂളിലെത്തിയത്. ഡ്രില്ലു പിരീയഡ് പാട്ടപ്പറമ്പിൽ ഇരുന്ന് കരഞ്ഞു. ഉച്ചക്കഞ്ഞി കുടിച്ചില്ല. നാലുമണി സമയത്ത് സ്കൂളിന് മുന്നിലൂടെ പോകുന്ന ചുവപ്പുവണ്ടിയിൽ കയറി നാടുവിട്ടു പോകുന്ന കാര്യം പോലും ചിന്തിച്ചു നോക്കി. കരഞ്ഞ് കരഞ്ഞ് കുഞ്ഞുതല വേദനിച്ച് പുളഞ്ഞു. ഇടവകപ്പള്ളിയിലെ ഇരുമ്പു മണിനാദം അമലുവിന്റെ കാതിൽ മുഴങ്ങി. വൈകീട്ട് ദേശീയഗാനത്തിന്റെ നേരത്ത് അമലു തല കറങ്ങി വീണു.

അപ്പച്ചന്റെ കൂടെ സൈക്കിളിലാണ് തിരിച്ചു വന്നത്. അമ്മച്ചിയുടെ മുഖത്തു നോക്കാതെ അവൻ മുറിയിൽ കയറി കതകടച്ചപ്പോൾ അമ്മമ്മയുടെ കണ്ണ് നിറഞ്ഞു. അവന്‍ ബാഗ് മേശക്കു മുകളിലേക്കെറിഞ്ഞ് കട്ടിലിൽ കമന്നടിച്ചുക്കിടന്നു. നേരം കുറച്ചുക്കഴിഞ്ഞപ്പോൾ കാതിൽ നനവ് പടരും പോലെ. മുഖം പൊക്കി നോക്കി. മ്യാവൂ...  ആ കരച്ചില്‍ അവന്‍ കേട്ടു.

തേക്കാത്ത ചുമരിന്റെ മുകളിലെ വാതായനത്തിലൂടെ പൂച്ച അകത്തേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതും അവൻ കണ്ടു. കുഴിപിഞ്ഞാണത്തിൽ തിന്നാനുള്ളതെടുത്തിട്ട് അവൻ മുറിയിൽ കൊണ്ട് പോയി പൂച്ചക്ക് കൊടുത്തു. അങ്ങനെ,  ആരുമറിയാതെ ഒരു പൂച്ചയെ തന്റെ മുറിയിൽ വളർത്തി. അമ്മമ്മ അപ്പോഴും എലി ശല്യം തുടങ്ങിയെന്നും പറഞ്ഞ് പിരാകി പിരാകി നടന്നു.

കുടുംബ സമ്മേളനത്തിന്റെ തലേന്ന് വീടൊതുക്കുന്ന നേരത്താണ് അമ്മച്ചി അമലുവിന്റെ കട്ടിലിനടിയിൽ ഉറുമ്പരിക്കുന്ന കുറെ മീൻമുള്ളുകൾ കണ്ടത്. അമ്മച്ചിക്ക് കലി കയറി. വൈന്നേരക്കളി കഴിഞ്ഞു വന്ന അമലുവിനെ അപ്പച്ചൻ അന്ന് തൂണിൽ കെട്ടിയിട്ട് തല്ലി. ആ കരച്ചിലു കേട്ട പൂച്ച ഉമ്മറത്തേക്ക് ഓടി വരുന്നതും ചേട്ടനതിനെ ചാക്കിലാക്കി ബൈക്കോടിച്ച് ക്കൊന്ടു പോകുന്നതും നിറക്കണ്ണുകളോടെ അവന്‍ നോക്കിനിന്നു. എന്റെ പൂച്ചയെ കൊണ്ട് പോകല്ലേയെന്ന് പ്രാണൻ വിടും ശബ്ദത്തിൽ അമലു കരയുന്നക്കണ്ട് സങ്കടം സഹിക്കവയ്യാതെ അച്ഛൻ വടി നിലത്തിട്ടു.

അമ്മ അമ്മയാണ്. രാത്രി അവൻ അമ്മച്ചിയുടെ ഓരം കിടന്ന് കുറുങ്ങി. നെറ്റിയിൽ തുണി നനച്ചിട്ട് അമ്മച്ചി  അവനെ ചേർത്തു പിടിച്ചു. പുലരും നേരം കണങ്കാലിൽ നേരിയ ചൂട് തോന്നിയെണീച്ച്  പീളക്കെട്ടിയ കണ്ണുകൾ തിരുമ്മി  നോക്കിയപ്പോള്‍..

അതാ....... പൂച്ച.

പൂച്ച കണംങ്കാലിലെ ചൂടുപ്പറ്റി സുഖമായി കിടന്നുറങ്ങുന്നത് അവന്‍ കന്ടു. ആ മുഖം തെളിഞ്ഞു. മെയ്യനക്കം തട്ടിയുണർന്ന അമ്മച്ചി അവന്റെ നെറ്റിയിൽ കൈ വെച്ചു നോക്കി. ചൂടിന് ഒരു കുറവുമില്ല. അപ്പച്ചനും ചേട്ടനും അവനേയും കൂട്ടി ആശുപത്രിയിലേക്ക് പുറപ്പെടുവാൻ തയ്യാറായി.

മൂന്നു ദിവസം കഴിഞ്ഞ്  അമലു വീട്ടിൽ തിരിച്ചെത്തി. ഓട്ടോറിക്ഷയിൽ നിന്നും ചാടിയിറങ്ങിയ അമലു മുറിയിലേക്കോടി. തട്ടിൻപുറത്ത്.. കട്ടിലിനടിയിൽ..
ബാഗിനു മേലെ..
പുസ്തകക്കൂട്ടിനിടയിൽ...
കമ്പിളിപ്പുതപ്പിനടിയിൽ...

ഇല്ല. പൂച്ചയില്ല. വീടു മുഴുവനും ചൂഴ്ന്നു നോക്കി, അവൻ പിന്നാമ്പുറത്തേക്കോടി. അവിടെ പേരമരക്കാലിൽ ഒരു കൊച്ചു പട്ടിക്കുട്ടിയെ കെട്ടിയിട്ടിരിക്കുന്നു. അതിനെ തലോടി നിന്ന സ്വന്തം ചേട്ടനോട് ശബ്ദം കുറച്ച് അവൻ ചോദിച്ചു.

"എന്റെ പൂച്ചയെവിടെ? "

നിറഞ്ഞ കണ്ണുകളോടെ ചേട്ടനവനെ കെട്ടിപ്പിടിച്ച് വിങ്ങിക്കൊണ്ട് പറഞ്ഞു.

" അമലൂ, ചേട്ടനറിഞ്ഞില്ലടാ, നിനക്കാ പൂച്ചയെ ഇത്രയ്ക്ക് ഇഷ്ടായിരുന്നുവെന്ന്.... അറിഞ്ഞിരുന്നേൽ ഞാനാ പൂച്ചയെ അന്ന് പെരുന്നാളിന്ടെ പിറ്റേന്ന് കടവാരത്ത് കൊണ്ടിടില്ലായിരുന്നു. "

ഉളളിൽ നിന്നും വന്ന ഏങ്ങലടിച്ചിലിന്റെ ശക്തമായ ആഘാതത്തിൽ ചേട്ടന്റെ തോള് ഒരു തൂക്കുമരംപ്പോലെ കാണപ്പെട്ടു. അവിടെ, അനക്കമില്ലാതെ അമലുവിന്റെ കഴുത്ത് ഊയലാടി.

Danny
Nightrain
Inspired from Beautiful Mind.

Comments

Popular Posts