അഘോര - 1


         കത്തിക്കെടാറായ ചിതയിൽനിന്നുയരുന്ന പുകയും തൂമഞ്ഞും വേര്തിരിചറിയാനാവാത്ത രാത്രി. കാറ്റോടിച്ചു വിട്ട വെണ്ണീർചാമ്പലുകള് ദേഹത്തുരുണ്ട് കയറി. ചുടുകൈയില് തീക്കട്ടകള് തട്ടിമാറ്റി ഞാൻ ചുടുകാടിനകത്തോട്ട്‌ പ്രവേശിച്ചു. 
എന്നും രാത്രികളില് ഞാൻ ഇവിടെയാണ്‌. പറക്കമുറ്റാത്ത ആത്മാക്കളുടെ കാവലാൾ ഞാന്. 

അഘോര ( aghora )











        പട്ടടകളില് എല്ലു മുറിഞ്ഞു പൊട്ടുന്നുണ്ട്. ദേഹത്ത് രോമങ്ങള് കത്തിക്കരിയുന്ന ശബ്ദം. ആയിരം വര്ഷം പഴക്കമുള്ള എന്റെ കല്മണ്ടപത്തിലോട്ട്  നീങ്ങവെയാണ് ഞാൻ അയാളെ കണ്ടത്. 

      വൃത്തിഹീനമായ വലതു കാലില് ഒരു ചിലങ്ക. പേരിനു മാത്രമായി  അരയില് മുഷിഞ്ഞ കാവികോണകം. മൂന്ന് ദിക്കിലോട്ടു പുതുമുള പൊട്ടി നില്ക്കുന്ന ഒരു മരശിഖിരം. ജടാധാരിയുടെ മൂക്കും മുഖവും ചുവപ്പ്. കണ്ണിൽ കഞ്ചാവിൻറെ നീലിമ, എഴുത്തുവര തെറ്റി പോയ ഏതോ തലയോട്ടിയില് അയാളത് കുത്തി കെടുത്തുന്നു. മാംസ ഭോജനം തുടങ്ങുന്നു.

ഞാൻ : ആര് നീ..? 
അയാള് : ആര് നീ.. ഞാനാരെന്ന് ചോദിക്കാൻ? 
ഞാൻ : ഞാനീ ചുട്‌കാടി നുടയോൻ. 
അയാള് : ഞാൻ നിനക്കുമുടയോൻ.. ഞാൻ.. ആഘോരി ..
ഞാൻ: ഞാനെന്ന ഭാവമോ നിനക്കഘോരി ??? 
അയാള് : നിനക്കും അധിപൻ നാം..  ചൊല്ലൂ നീ ആര്..?? 
ഞാൻ : അറിയേണ്ടതെങ്കില്  കണ്ണിമ മൂടി തുറന്നേക്കു.. ഇനിയൊരാവർത്തി തുറക്കാൻ കഴിഞ്ഞീടില്ലന്നുറപ്പ്..

                                                       *  *  *  *  *  *

     അബോധാവസ്ഥയുടെ  അവസാന  മിടിപ്പുകളാണ് ആ നെഞ്ചിലിടിക്കുന്നത്. ആ മിടിപ്പ് തന്നെയാണ്  ഇപ്പോള്  എൻറെ  വലം  കാലിലെ  പെരുവിരലില്. കാലനു പോലും വേണ്ടാത്ത ആ മൃതദേഹം മുയലയൻ വലിച്ചു തേറ്റി പൊന്തകാടില് മറഞ്ഞു.കഴിവൊഴിഞ്ഞ ആത്മാവിനെ മാംസപിണ്ടമാക്കിയതിനു ശേഷം ഞാൻ കാലു കഴുകുവാനായി കടവിലേക്ക് നടന്നു. 

    കൈ താഴ്ത്തി നദിയെ ഉയർത്തി ചുമരാക്കി പിടിച്ചു ഞാൻ എന്നെ കാണുന്നു.. നിങ്ങള് എന്നെ കാണുന്ന അതേ രൂപത്തില്..

    നിലം തൊട്ട് കിടന്ന വിഷനാഗം എൻറെ മുതുകിലൂദെ അരിച്ച് കയറി കഴുത്തില് ചുറ്റി പിണഞ്ഞു ഇരുതല നാവു പുറത്ത് നീട്ടി. വെന്തെരിയുന്ന ചിതയുടെ ശിരോഭാഗത്ത്‌ കുത്തിവെച്ചിരുന്ന ത്രിശൂലം കൈയിലെടുത്ത് ചിത മേൽക്കുമേല് മാറ്റി. ശൂലത്തിൻറെ കഴുത്തിൽ കെട്ടിവെച്ച ഡമരു അഴിച്ചെടുത്തു ഞാൻ കാത് കടുംതുടിയോട് ചേർത്ത് വെച്ച് ആദിപ്രപഞ്ച നാദങ്ങള് ശ്രവിച്ചു. ഇടംകാലിലെ തടവള മൊഴിയാട്ടം തുടങ്ങി. ഞാനറിയാതെ തന്നെ എൻറെ ചുവന്ന കപർദ്ദം അഴിഞ്ഞു വീണു പുറം തലോടി. ഭൂമധ്യത്തിലെ ത്രികണ്ണിനു എരിവു കൂടി .. ലാവ ആഗ്നേയാ സ്ത്രങ്ങൾ കണക്കെ നേര്വീചിയില് ഉടഞ്ഞു കൊണ്ടിരുന്നു. അന്ന് വാസുകി തുപ്പിയ കാളകൂടം കഴുത്തില് നിന്നും ഉടല് മുതല് അടി വരെ പരന്ന്  ശരീരം നീലനിറം പൂണ്ടു. 

      ചലനം.. താളം.. രൗദ്രം.. മൂര്ധ്ന്യാവസ്ഥ..

     ഉടല് തണ്ക്കുന്നുണ്ട്. ഉയിരിനെ തണുപ്പിക്കുവാനായി അനിയന്ത്രിതമായ ചടുല നടനങ്ങള്ക്ക്‌  മൂന്നാം ബോധം ആവശ്യപ്പെടുന്നു. അരയിലെ ആനത്തോല്  മുറുക്കി. പുലിത്തോല് ആടയാക്കി. ചെമലപ്പട്ടിൻറെ കരയില് മുന്നിലെരിയുന്ന അഗ്നിമണ്ഡലം കസവ് നെയ്തു. ആകാശഗംഗയിൽ  നിന്നെന്നപ്പോലെ  അർദ്ധ ചന്ദ്രാകാരത്തില് തീർഥവും കരിക്കിൻ നീരും ഗോചുരവയും പെയ്തിറങ്ങി. എരിക്കിൻ പൂവും നാഗദന്തിയും കൂവളത്തിനിലയും ജടാമകുടത്തില് വീണു കൊണ്ടിരുന്നു. അംഗവടിവിലെ രുദ്രാക്ഷ മാലകളും കപോലങ്ങളും നനഞ്ഞു.

     പേരാലിൻകറയോടൊപ്പം പുനര്ജന്മം ഇല്ലാത്ത ഒരു ആത്മാവിൻറെ ശേഷിക്കുന്ന ചാരം വിഭൂതിയായി ഞാൻ ഉടലിലണിഞ്ഞു ..

    ഭൂതഗണങ്ങള് വന്നു തൊഴു കൈയോടെ നിന്നു. ഇനി പുലരുവോളം നടനം .. രുദ്ര നടനം.. ശിവ താണ്ടവം ..

"എന്നും രാത്രികളില് ഞാനിവിടെയാണ്‌..  ഞാൻ.. പറക്കമുറ്റാത്ത ആത്മാക്കളുടെ കാവലാൾ"


Night_raiN
Koramangala

Comments

Popular Posts