നോമ്പുനോറ്റ നിലാ നാളുകൾ
നോമ്പു നോറ്റ നിലാനാളുകള്
ഞാൻ ആദ്യമായി കണ്ട ജീവനുള്ള പുഷ്പം അവളായിരുന്നു.. ആദ്യമായ് അറിഞ്ഞ അനിർവചനീയമായ ഭാവതരളതയുടെ ശില്പിയും അവളായിരുന്നു. അടുക്കുംന്തോറും മനസ് കൊതിച്ചുപോയി. ഒരു നാളും അകലരുതേ എന്ന് പ്രാര്തിച്ചു പോയി...നനഞ്ഞ കണ്ണുകളും ഇടറുന്ന ശബ്ധവുമായിരുന്നു അവൾക്ക് ...
നടക്കുമ്പോള് അങ്ങനെയാണ് ഉപ്പൂറ്റിക്കല്ലുകൾ മണ്ണില് ഉരസാത്ത പോലെ,, കണംങ്കാലിൽകിടന്നാ വെള്ളിപാദസരങ്ങള് കാറ്റിനെന്നപ്പോലെ താളം പിടിച്ചു കൊണ്ടിരിക്കും.കാലിലെ കുഞ്ഞിവിരലുകളെ അവളെന്നും മൈലാഞ്ചിമൊഞ്ചിൻറെ ചുമപ്പൻതൊപ്പികൾ കൊണ്ടു പുതക്കും. എണ്ണമയത്തിലും കരിപെട്ടിയുടെ ചൂരിലും ചേരുന്ന ആ മൈലാഞ്ചിക്കൂട്ട് തൂവെള്ളമാർബിളിൽ തട്ടി പ്രതിഫലിക്കും. കൈമുട്ടോളം മെഹന്തി അണിയുന്നതിൽ നിന്നും അവളെ വിലക്കിയിട്ടുണ്ടെങ്കിലും ഞാനറിയാതെ കണ്ണുകളിൽ എന്നോട് ശുണ്ടി പിടിപ്പിച്ച് മേൽച്ചുണ്ടും കീഴ്ച്ചുണ്ടും ഉള്ളിലോട്ട് നുണഞെടുത്ത് അവൾ ചാർത്തും - മൈലാഞ്ചിക്കൂട്ടിൻറെ എട്ട് എണ്പതു ചാരുതയും...
വയസറിയിച്ചപ്പോള് ഉമ്മാ നല്കിയ സമ്മാനമാണ് വലതു കൈയിലെ സ്വർണ്ണ തടവള. ഉണ്ണിക്കാ ആദ്യമായി ഗൾഫിൽനിന്നും വന്നപ്പോൾ കൊണ്ട് വന്ന മോതിരവും വിരലിലുണ്ട്. കഴുത്തിലെ നൂലു പോലുള്ള സ്വര്ണമാല സുല്ഫാത്തുമ്മൂമ്മയുടേതാണ്.
മുടിയിഴകളെ കുഞ്ഞിനെപ്പോലെയാണവള് പരിപ്പാലിക്കുന്നത്. കുളി കഴിഞ്ഞ് വെള്ളടർക്കിയില് മുടി പതിച്ചു നോക്കുമ്പോള് ഒന്നോ രണ്ടോ മുടി കണ്ടാല് അവളുടെ കണ്ണുകൾ ഈറനണിയും. ഉമ്മയോട് പരാതി പറയും. ഉമ്മയുടെ മടിയില് കിടക്കും.
അവളുടെ ചിരി കണ്ടാല് പേരക്കമാവിൻറെ ഇളംച്ചില്ലകളിൽ നിന്നും കണ്ണി മാങ്ങകള് ചറ പറാ വീഴും. ഉമ്മറത്ത് നന്ദുമോനും അഞ്ജലിക്കുഞ്ഞുമായി കല്ലു കളിച്ചുക്കോണ്ടിരിക്കുംമ്പോഴാണ് ആ വീഴ്ച്ചയെങ്കില് ആരും വരുന്നില്ലെന്നുറപ്പു വരുത്തി ഓടിപ്പോയി അതെല്ലാം പെറുക്കിയെടുക്കും. പിന്നീട് ഉമ്മാ അറിയാതെ അടുക്കളയില് കയറി കുഴിഞ്ഞ പിഞ്ഞാണത്തില് ഉപ്പും മുളകും തിരുമ്മിക്കൂട്ടി കുഞ്ഞിപ്പിള്ളേരെ കൊതിപ്പിച്ച് തിന്നും.
തുലാവര്ഷത്തില് വീടിനു പുറകിലെ പച്ചക്കുളം നിറയും. ഉമ്മാ കാണാതെ അവൾ അതി ലോട്ട് എടുത്തു ചാടി നീന്തിയുലയും. അവൾ മീനല്ല കുളത്തില്- വെള്ളത്തിനടിയില് പറന്നു രസിക്കാൻ വരം ലഭിച്ച സ്വർണ്ണ ചിറകുള്ള ചിത്രശലഭമാണവൽ. അവളുടെ മേനിയില് തൊട്ടുഴിയുന്ന മീനുകളെ ഞാൻ എത്ര തവണ സ്വപ്നങ്ങളില് ഊത്തുളി തുപ്പി പിടിച്ചിരിക്കുന്നു.
കണ്നെഴുതുവാനും പൗഡറിടുവാനും മടിയോടു മടി.ഉമ്മാ തന്നെ കണ്ണെഴുതി കൊടുക്കണം.താത്ത തന്നെ പൗഡറിടണം.
മനസു പോലെ വീടും വൃത്തിയായി സൂക്ഷിക്കുവാൻ അവൾ ശ്രദ്ധിച്ചിരുന്നു. ഒരിക്കല് ഉമ്മാ അടുക്കള വൃത്തിക്കേടാക്കിയതിൻറെ പേരില് ഒരു കുടം വെള്ളം അവള് അടുപ്പിലൊഴിച്ചു. ഉമ്മായെ ഓടി തോല്പ്പിക്കുവാൻ അവൾക്കു ഒത്തിരി ഇഷ്ടമാണ്. ഉമ്മായെ ശുണ്ടി പിടിപ്പിച്ച് വീടിൻറെ പഴയ കല്ച്ചുമരുകളും മരക്കട്ടിളകളും പിന്നിലാക്കി അവൾ പൂത്തുമ്പിയെപ്പോലെ പാറി പ്പറക്കും.
നിലം തുടക്കുന്ന നേരത്ത് ഉണ്ണിക്കാ ചെളിക്കാലുമായി കയറി വന്നാല് തുടക്കുന്ന തുണിയെടുത്ത് ഇക്കായുടെ മുഖത്തിനെറിഞ്ഞ് മുറിയില് പോയി കതകടച്ച് നില്ക്കും
".മനു ... ഇക്കാ തല്ലാൻ വരണ്... ട്ടോ ..."
വൈകുന്നേരങ്ങളില് ചെടി കുഴിച്ചിടാനെന്ന വ്യാജേന പിള്ളേര് സെറ്റുമായി മണ്ണില് കളിക്കാൻ പോകും. നനച്ചിട്ട മണ്ണിൽ വിരലുകള് ചേർത്തിളക്കി ആ മണ്ണിൻറെ മണം ആസ്വദിച്ച് വീടിനു ചുറ്റും അവൾ വെച്ചെടുത്ത റോസാപ്പൂ ചെടികൾ ഉണ്ട്. നന്ദ്യാർവട്ടമുണ്ട് .ചെത്തിയും ചെണ്ടുമല്ലിയും ഉണ്ട്. ഒരുനാള് തന്നോട് ചോദിക്കാതെ പൂ പറിച്ചതിനു സ്വത്തുപ്പോട് അവൾ ഏഴു ദിവസം മിണ്ടിയില്ല.
തേങ്ങയോട് യുദ്ധം ചെയ്യുവാൻ അവൾക്കു ഒത്തിരി ഇഷ്ടമാണ്. തൻറെ ദൃഡമനസ്സും ശക്തിയും വീട്ടുക്കാരെ ബോദ്ധ്യപ്പെടുതുവാനായി അവള് കണ്ടെത്തിയ അതികഠിനമായ ജോലി..
"ബെറ്റിനുണ്ടോ മനൂ... ഒരു മണിക്കൂറു്.. അതിനുളളില് ഈ ഒരു തേങ്ങാ പൊതിച്ച് കൈയ്യില് തരാം "
ചുമല ചുരിദാറിൻറെ കഴുത്ത് അങ്ങേയറ്റം കയറ്റിവെച്ച് തൻറെ മുലകുഞ്ഞുങ്ങളേയും നീരൊഴുകാത്ത നീര്ചോലയും കറുപ്പ് ഷാളു കൊണ്ട് മറച്ചു വെക്കും. ചെമ്പക മരത്തിൻറെ ഇലകളില് തട്ടി പാഞ്ഞു വരുന്ന മീനച്ചൂടിൻറെ ഉഷ്ണക്കാറ്റില് അവളുടെ നെറ്റി പൊടിഞ്ഞു വിയര്ക്കും. അവളറിയാതെ ആ ഷാള് മറഞ്ഞു വീഴും ഒരു ദിവസം ഒരു നൂറു തവണയെങ്കിലും വീഴും. എൻറെ പ്രാര്ത്ഥനയായിരുന്നു അത്. ആ നേർത്ത മുടിയിഴകളെ താലോലിച്ചു ക്കൊണ്ടിരിക്കുവാൻ ...
അവളുടെ ആര്ത്തവ ചക്രങ്ങള് ഓരോന്നും... അപ്പോള്, അപ്പോള് മാത്രം,, അവളൊരു വലിയ പെണ്ണായി മാറും..
നാവിൻറെ നീളം കുറയും...
നാണത്തിന് മൊഞ്ചു കൂടും..
ഒരു മുയൽക്കുഞ്ഞുപ്പോലെ എൻറെ നെഞ്ചില് മുടിയുലച്ചു കിടക്കാനായി കൊതിച്ചു വരും..
അവളുമായി ജയിക്കാൻ എനിക്ക് ഇനിയും സാധിച്ചിട്ടില്ല .കാരണം അവള് തോറ്റാല് ദു:ഖി ച്ചു പോകുന്നത്. മുറ്റത്തെ കാശി തുമ്പ മുതൽ അങ്ങു മരുഭൂവിയിൽ കിടക്കുന്ന അച്ചുപ്പാ വരേക്കുമാണ്...
Dani
Night_raiN


Comments
Post a Comment