ചിപ്പം
കുഞ്ഞിക്കുരുന്നൊരു വലയിലായിരുന്നു. വലയുടെ അറ്റം വിരലിൽ കോർത്ത് അവന്റെ ആചാര്യന്മാർ ചാരെ നടന്നു. ഒന്ന് വലുതായപ്പോൾ അവൻ ആ വല കടിച്ചു പൊട്ടിച്ചു.
തത്സമയം, അതിനേക്കാൾ കട്ടിയുള്ള മറ്റൊരു വലയിലാണെന്ന് താൻ ഇത്രയും നാൾ ജീവിച്ചിരുന്നതെന്ന് അവൻ തിരിച്ചറിഞ്ഞു. ആ വലയുടെ വക്കിൽ അവൻ സ്വന്തം കുടുംബക്കാരെ കണ്ടു. ആ വലയും കടിച്ചു പൊട്ടിച്ചു.
പിന്നീടാണ് രസം തോന്നിക്കുന്നൊരു വല അതിനും മേലെയുണ്ടായിരുന്നെന്ന് അവൻ മനസിലാക്കിയത്. അതിനറ്റത്ത് ചില നാട്ടുക്കാരും കുറച്ചു ബന്ധുക്കളും നിൽപ്പുണ്ട്. അവർ അവനെ നോക്കി ചെവിയിൽ അങ്ങോട്ടും ഇങ്ങോട്ടും വിടുവാക്ക് ചൊല്ലുന്നു. ആ വല കീറി മുറിക്കാനൊന്നും നിന്നില്ല. അവൻ അതിൽ കിടന്ന് തന്നിഷ്ടത്തിന് മുള്ളുകയും തൂറുകയും ചെയ്തു. ക്ഷമക്കെട്ട നാട്ടുക്കാരും ബന്ധുക്കളും അവനെ വിട്ട് പുതിയ വല വാങ്ങി അടുത്ത ബലിയാടിനെ കാത്തു നില്പ്പായി.
ആ വലയ്ക്കു പുറമെയും മറ്റൊരു വലയുണ്ടായിരുന്നു. അതിന്റെ കുടുക്ക് പ്രിയപ്പെട്ട ചങ്ങാതിമാരുടെ കൈയ്യിലായിരുന്നു.
അതും കീറിമുറിച്ച് അവൻ സ്വസ്ഥമായി പുറത്തു കടന്നു. പക്ഷെ, പടച്ചോൻ അയച്ചൊരു മലക്ക് അവനെ കാത്തു നില്പ്പുണ്ടായിരുന്നു. ഒരു വലയുടെ വക്ക് അപ്പോൾ തന്നെ അവന്റെ കൈവിരലിൽ കെട്ടിക്കൊടുത്ത് ആ മലക്ക് അപ്രത്യക്ഷമായി. അതിനകത്തൊരു പെണ്ണ്. അവൾ അവന്റെ ഭാര്യയായി.. ഒരു വർഷം കഴിഞ്ഞപ്പോൾ മലക്ക് അടുത്ത വലയും നെയ്ത് പിന്നേയും അവന്റെ വിരലിൽ കുരുക്കിയിട്ടു. അതിനുള്ളിൽ ഒരു മകൻ. കുടുംബക്കാർ, ചില ബന്ധുക്കൾ, സുഹൃത്ത്ക്കളിൽ ചിലർ.... അങ്ങനെ പത്തു വിരലിലും പടച്ചോന്റെ മലക്ക് വല കെട്ടി തന്നപ്പോൾ അവൻ വിരലുകൾ മുറിച്ച് കളഞ്ഞ് ഓടി രക്ഷപ്പെടാൻ നോക്കി. പോകുന്ന വഴിക്ക് ഒരു ലോറിയിടിച്ച് മരിച്ച് വീണു.
മീസാൻക്കല്ലിന് തൊട്ട് ഒരു മൈലാഞ്ചി കമ്പ് നട്ടുപ്പിടിപ്പിച്ചിരുന്നു. ആത്മാവ് പോകുന്ന നേരത്ത് കമ്പിലൊന്നു പോറി. ഒരു കുമിള പൊട്ടി. അതിൽ നിന്നും ഒരുപാട് ഓർമ്മകൾ മഴവെള്ളം പോലെ ഒറ്റയടിക്ക് കബറിന് മേൽ പെയ്തു വീണു. ആ മണ്ണ് നനഞ്ഞു. ദുഅ ചൊല്ലാനെത്തിയ ചെമ്പോത്തുകൾ അതു പൂർത്തിയാക്കാനാകാതെ മടങ്ങിപ്പോയി.
നൂറു വലകൾക്കു മീതെ ഒരു നീർപോള. താൻ അറിഞ്ഞിരുന്നില്ല, ഒരു കുമിളയ്ക്കകത്തായിരുന്നു താനിത്രയും നാൾ ജീവിച്ചിരുന്നതെന്ന്.
ഡാനി
തൃശൂർ.

Comments
Post a Comment