ശാന്തിതീരം

കണ്ണുകളടച്ച് കെട്ടിയില്ലെങ്കിൽ കണ്ണീർ പൊഴിഞ്ഞ് കടൽ കര കയറും. ശാന്തിത്തീരം പാഴ്നിലമാകും.
ദു:ഖം ഒരു സാംക്രമിക രോഗമാണ്. പ്രജകളുടെ വിഷാദങ്ങൾ  അണുക്കളായ് പ്രസരിക്കാതിരിക്കാനായി മഹാക്കൊത്തളത്തിലെ മുത്തച്ഛൻമാർ പ്രശ്നം വെച്ച് ഉപായം കണ്ടെത്തി. ശാന്തിത്തീരത്തെ മക്കൾക്ക് ഇന്ദ്രിയങ്ങൾ അഞ്ചിൽ മൂന്നിന് വിലക്കേർപ്പെടുത്തി. അന്നു മുതൽ ജന്മംക്കൊണ്ട കുഞ്ഞുങ്ങൾക്ക് കണ്ണും കാതും നാവും നഷ്ടപ്പെട്ടു. മുറിച്ചെടുത്ത ഇന്ദ്രിയങ്ങൾ കൊണ്ട് മുത്തച്ഛൻമാർ ശാന്തിത്തീരത്തെ രുദ്രരക്ഷസ്സുകളെയൂട്ടി. അവ പാടേ പ്രീതിച്ചു. നന്നോണം, പ്രജകൾ ദു:ഖമറിയാതെ ജീവിച്ചു. പക്ഷെ, പില്ക്കാലത്ത് മുത്തച്ഛൻമാരുടെ ഭൂതാദികൾ പരലോകം പൂകവയ്യാതെ ശാന്തിത്തീരത്തിനതിരിലുള്ള ചതുപ്പുക്കളങ്ങളിൽ രക്ഷസ്സുകളുമായുള്ള അവിരാമജപ സമ്പർക്കമാലയിലേർപ്പെട്ടു. ഒന്നും കാണാതെ, ഒന്നും കേൾക്കാതെ, ഒന്നും ഉരിയാടാതെ ശാന്തിത്തീരത്ത്  ഒരു  കിരാതസംസ്ക്കാരം ഉയർന്നു വന്നു.

സാനിക്ക് ചെറുപ്പത്തിലേ വികൃതരൂപമായിരുന്നു. അവൾ പ്രസവിച്ചപ്പോൾ ശിശു ചാപ്പിള്ളയെന്ന് പറഞ്ഞ് പതിച്ചി അതിനെ പാലപ്പറമ്പിലോട്ടെറിഞ്ഞു. അതിനെതിർവശത്താണ് ശാന്തിത്തീരത്തിലെ വ്യവസായശാലകളുടെ വിഷവാതകക്കുഴലുകൾ മേഘങ്ങളെ ദുഷിപ്പിക്കുന്നത്. അതുവഴി വന്ന ഇന്ദ്രിയങ്ങളുളെളാരു ചെന്നായ ശിശുവിന്റെ മേലു അരിച്ചിറങ്ങിയ ഉറുമ്പുപൊറ്റകളെ നക്കിത്തുടച്ചു. ഇതൊരു ചലച്ചിത്രമല്ലാത്തതുക്കൊണ്ട് ചെന്നായ് ആ ശിശുവിനെ പരിചരിച്ചില്ല. ഞാനൊരു സാഡിസ്റ്റ് അല്ലാത്തതുക്കൊണ്ട് ആ ശിശു മരിച്ചതുമില്ല. ആ ശിശു എവിടെ വളർന്നു.. എങ്ങനെ വളർന്നെന്നുമാർക്കാർക്കുമറിയില്ല.

ക്നാഥ് ഈശ്വർ ഞെട്ടിയുണർന്നു. മന്വന്തരങ്ങളുടെ അങ്ങേയതിരിലേക്ക് തന്റെ അനുവാദം ചോദിക്കാതെ, തന്നെ കൂട്ടിക്കൊണ്ടു പോകുന്ന മനോരാജ്യദേശാടനങ്ങൾ. ഈസാനി. അവരുടെ മകൻ. മുറിച്ചെടുത്ത അവയവേന്ദ്രിയങ്ങൾ മല പോലെ കൂട്ടിയിട്ടിരിക്കുന്ന ശാന്തിത്തീരത്തിലെ ചതുപ്പുകൾ.

ഡറ്റിറ്റി കാർഡ് കഴുത്തിൽ തൂക്കിയ ഈശ്വർ കണ്ണാടിയിൽ നോക്കി മുടിയും താടിയും ഒന്നുകൂടിയൊതുക്കി. ഫ്ളാറ്റിന്റെ ഡോർ പുറത്ത് നിന്ന് ലോക്ക്  ചെയ്ത് ലിഫ്റ്റിൽ കയറി. ലിഫ്റ്റിൽ നിന്നിരുന്ന അത്രയും ആളുകളുടെ കണ്ണുകൾ കൈയ്യിലെ സെൽഫോണുകളിലായിരുന്നു. അവർ ആരേയും കാണുന്നില്ല. അവർ ഈശ്വറിനേയും കാണുന്നില്ല. പാർക്കിനരികിലൂടെ 80 ഫീറ്റ് റോഡിലേക്ക് ബസ്സ് പിടിക്കാൻ നീങ്ങി. ഇനിയും വെട്ടിയിറക്കാൻ ബാക്കിയുള്ള ഒരു പാലമരത്തിലെ കൊമ്പിലിരുന്ന് മൈനകൾ കരയുന്നുണ്ട്. പാർക്കിൽ ജോഗിംങ്ങ് ചെയ്യുന്നവർ അത് കേൾക്കുന്നില്ല. അവരുടെ ചെവികളിൽ ഇയർഫോണുകൾ തയ്ച്ചു ചേർത്തിരിക്കുന്നു. അവർ ഈശ്വറിനേയും കേൾക്കുന്നില്ല. ഓഫീസിലെത്തി ഈശ്വർ തന്റെ കാബിനിലിരുന്നു. നാലുപാടു നിന്നും കമ്പ്യൂട്ടർ കീബോഡുകളിൽ  ചിതറിയോടുന്ന വിരലൊച്ചകൾ. കംപ്യൂട്ടർ കീബോഡുകൾ - ചതുപ്പുക്കണ്ടങ്ങൾ. ഏവരും തിരക്കിലാണ്. അവർ പരസ്പരം സംസാരിക്കാറില്ല. അവർ ഈശ്വറിനോടും സംസാരിക്കാറില്ല.

ന്നു രാത്രി, പതിവുപോലെ ഫ്ളാറ്റിലെ നാലുചുമർ മുറിക്കകത്ത് ഏക്നാഥ് ഈശ്വർ തനിച്ചിരുന്നു മദ്യപിച്ച് കിടന്നുറങ്ങി. നിലാവെട്ടം കടക്കാൻ അറച്ചു നിൽക്കുന്ന ഫ്ളാറ്റിലെ മേൽത്തട്ടിനും മേലേ ഉയർന്ന പുകത്താരയിലൂടെ ശാന്തിത്തീരത്തിലെ ചതുപ്പുകളിൽ ഒളിച്ചു പാർത്തിരുന്ന മുത്തച്ഛൻമാരുടെ ഭൂതപ്രേതാദികൾ ചലമായി താഴോട്ട് ഒലിച്ചിറങ്ങി. അവർ ഈശ്വറിന്റെ നിദ്രാമണ്ഡലത്തിൽ ശാന്തിത്തീരത്തിന്റെ വ്യാപ്തി വിപുലീകരിച്ചു.

രാത്രി ആരുമില്ലാത്ത നേരം, കമ്പ് കുത്തിപ്പിടിച്ച് കരിമ്പടം പുതച്ച് ലിഫ്റ്റിൽ കയറി വന്ന വിരൂപയായൊരു പടുക്കിളവി ഈശ്വറിന്റെ ഡോറിൽ മുട്ടി വിളിച്ചു.

"മകനേ, എണീക്കുക...  മടങ്ങി വരിക.. "

ഡാനി
തൃശൂർ.

Comments

Popular Posts