അവയവങ്ങൾ പിറുപിറുക്കുമ്പോൾ
മൂത്തു നരച്ച ആകാശം, കൂനുക്കുത്തിയ മഴവില്ല്. ചോന്നു കലങ്ങിയ സൂര്യൻ. ഭൂമി ചത്തു ചീഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മകന് തോന്നി.
അന്ന് മകൻ അച്ഛന്റെ തോളത്ത് കൈയ്യിട്ട് പോകുമ്പോൾ ഭൂമി ഇങ്ങനായിരുന്നില്ല.. ആകാശത്തിലെ വെള്ളമേഘങ്ങൾ വെറും വെള്ളിനരകൾ, മഴവില്ലു വളച്ചു വെച്ചിരിക്കുന്നത് മകന്റെ കുഞ്ഞുങ്ങൾക്ക് നക്ഷത്രങ്ങളെ അമ്പെയ്തു കളിക്കാൻ... പിന്നെ സൂര്യന്റെ ചോപ്പ്- പെറ്റപ്പാടെ ചത്ത് മണ്ണിനടീലു പോയ അമ്മ തൊടാൻ മറന്നിട്ട പൊട്ട്. അമ്മേടെ കണ്ണാടി ആകാശായിരുന്നുത്രേ.. ഇതിലും കേൾക്കാൻ രസമുള്ള ഒരു കൂട്ടമുണ്ട്. അതിന് അന്നത്തേക്കാളും പഴക്കമുണ്ട്. തന്തയില്ലാത്തവനെ അച്ഛന് ചന്തയിലേക്ക് വന്ന ഒരു പാണ്ടി ലോറിയിലെ തക്കാളിപ്പെട്ടിയിൽ നിന്നും കിട്ടിയതാണ്.
ചീഞ്ഞ ഭൂമിയിലെ നാറിയ ഒരു കോണിൽ മകൻ ബസ്സിറങ്ങി. കാണാതായ അച്ഛനെക്കുറിച്ച് പത്രമാപ്പീസിൽ തമിഴ് പരസ്യം കൊടുത്ത് തിരികെ മടങ്ങി. ഭൂമിയിൽ ആകെയുണ്ടായിരുന്ന ഒരച്ഛൻ. മകന്റെ നെഞ്ചുവേദനക്ക് മരുന്നു വാങ്ങുവാൻ പോയതാണ്. എട്ടു മാസമാകുന്നു. ഒരറിവില്ല.
.........
രാത്രി. തിരുത്തനിക്കടുത്ത് നാഷ്ണൽ ഹൈവേയുടെ ഓരംപറ്റി, വിയർത്ത് കിതച്ചോടി വരുന്ന വൃക്കയെ കാത്ത് കരള് നിൽപ്പുണ്ടായിരുന്നു. കരള് ചോദിച്ചു.
" എവിടായിരുന്നു? "
"കാലിഫോർണിയ, ആ നാറി ഇന്നലെ സ്വയം തലക്ക് വെടിവെച്ച് ചത്തു. നിയോ ? "
കരളു പറഞ്ഞു.
" എന്നെ ഉത്തര കൊറിയയിലോട്ടാണ് കയറ്റിയത്. അവിടെ ഒരു കാനിബൽ ഹോട്ടലിലെ അടുപ്പത്ത് നിന്ന് ഇറങ്ങിയോടീതാ.. "
രണ്ടു പേരും ഒരുപാട് അലഞ്ഞ് അച്ഛനെ കണ്ടുപിടിച്ചു. ശേഷം, ആ ഭൗതിക ശരീരത്തിലേക്ക് ലയിച്ച് ചേർന്നു. നിർവൃതിയുടെ നിശ്വാസമുതിർത്ത് വൃക്ക കരളിനോട് ചോദിച്ചു.
" ഹൃദയം ഇനിയുമെത്തിയില്ലേ? "
കരളു മറുപടി പറഞ്ഞു.
"എങ്ങനെയെത്താനാണ്..? അത് മകന്റെ നെഞ്ചിലല്ലേ? അതു നൽകാൻ വേണ്ടിയല്ലേ അച്ഛൻ അവനോടു പോലും അറിയിക്കാതെ തിരുത്തനി വന്നത്. ഒടുക്കം വൈദ്യൻമാര് മൊത്തം ചൂണ്ടിയത്. പാവം ആ ചെക്കനറിയില്ല. അച്ഛന്റെ ഹൃദയം വെച്ചാണ് അവൻ അച്ഛനേയും തേടി നടക്കണേന്ന്... "
Danny
Nightrain.

Comments
Post a Comment