ലെന

ഉള്ളു നീറി  പുകയുമ്പോഴും മുല്ല വാരിയെറിയണ പോലുള്ള നിന്റെ ആ ചിരിയുണ്ടല്ലോ....

ലെന

ആകാശക്കോട്ടയിൽ നിന്ന് ഒരു പിടി ഛായങ്ങൾ കട്ടെടുത്ത് ഭൂമിയിൽ ഞാൻ നിന്റെ ചിത്രം വരക്കാനൊരുങ്ങി.

നീയുറങ്ങുമ്പോൾ നിനക്കു ചുറ്റും മുളച്ചു പൊന്തിയ ആ കൂരിരുട്ടിനെ കഴുത്തറ്റം വരെ മാത്രം നീളം വരുന്ന നിന്റെ ചുരുണ്ട തലമുടിയിഴകളിലേക്ക് ഞാൻ പകർത്തി.
കാർമേഘമഷിക്കൂട്ടുകൊണ്ട് നിന്റെ പുരികങ്ങളിലും കൺപീലിയിലും തലോടി.
മാനം ചുവന്നു നിന്ന നേരം ദൂരെ ദിശയിലെ വെള്ളരിപ്രാവുകൾ കൊത്തിയെടുത്തു തന്ന അരുണ വർണ്ണം നിന്റെ കവിളുകളിൽ തീർത്തൊരുക്കി.
മേലെ താരുണ്യം പ്രാപിച്ച ഇന്ദ്രധനുസ്സുകൊണ്ട് പുഞ്ചിരിയുടെ കമാനം തീർത്ത് ഞാൻ നിന്റെ മുഖം പ്രസാദിപ്പിച്ചു.
ബ്രഹ്മാന്തരീക്ഷത്തിലെ തമോഗർത്തങ്ങൾക്കരികെ തപം ചെയ്തു കൊണ്ടിരുന്ന നക്ഷത്രഗണങ്ങളുടെ മൗനം നിന്റെ ചുണ്ടുകളിലേക്കൊഴുക്കി.
ചന്ദ്രബിംബം പാതി കീറി മുറിച്ച് നിനക്കു മൂക്കുത്തിയണിഞ്ഞു.
സൂര്യദീപ്തം നിന്റെ തിരുനെറ്റിയിൽ പൊട്ടു തൊടുവിച്ചു.

പക്ഷെ,

ഇനിയും ഇപ്പോഴും ഞാൻ നിന്റെ മിഴി ഗോളങ്ങളെ തൊട്ടുണർത്തിയിട്ടില്ല. വികൽപമായ മനോനിലയുള്ള ഒരു കലാകാരന്റെ മുമ്പിലാണ് നിന്റെ ജനനമെങ്കിൽ ആ ക്ഷണം തന്നെ നീ സ്വയം മൃതിയിൽ ലയിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു .

നിന്നിലെ പ്രാണനെ, എന്റെ പാതി ജീവനെ ഉണർത്താതെ ഒരായുസ്സു മുഴുവൻ ഞാന്‍ പ്രണയിച്ചിടട്ടെ...

നീ ഉറങ്ങുക സഖീ- ഞാനുണർന്നിരിക്കുന്ന നാളുകളത്രയും.

Dani
UmerKote.

Comments

Popular Posts