മഴവിൽമരങ്ങൾ

വിങ്ങൽ 




















I

അർദ്ധനഗ്നരായ കറുമ്പന്മാർ  സൂര്യവെട്ടത്തിൽ മിന്നുന്ന മഴു കഴുതിലേറ്റി ശിപ്പായിയുടെ പുറകെ നടന്ന് വന്നു. മഴവില്ലുമരത്തിൻറെ വേരുകൾക്കിടയിൽ അടയൂര്ന്നിരിക്കുന്ന മനുഷ്യനോട് ശിപ്പായി സാന്ത്വന സ്വരത്തിൽ മൊഴിഞ്ഞു .

"പൂക്കളെല്ലാം വാടി, പുഴകളെല്ലാം വറ്റി, മരങ്ങളെല്ലാം ചുടുക്കാറ്റിലെരിഞ്ഞ് വെന്തു വെണ്ണീറായി. ഇനി ഈ ഭൂമിയിൽ വെട്ടിയിറക്കുവാൻ ഈ മരത്തിൽ മാത്രമേ ശിഖിരങ്ങളുള്ളൂ.. കുഞ്ഞിക്കിടാങ്ങൾക്കു അന്നം പാചകം ചെയ്തു കൊടുക്കുവാൻ  ഇതിൽ നിന്നും രണ്ടു തടി വെട്ടിയിറക്കണം..   "

മനുഷ്യൻ ചുറ്റും നോക്കി. കണ്ണെത്താത്തിടത്തോളം പൊടി തിന്നുന്ന കാറ്റ്. അങ്ങിങ്ങ് മുൾച്ചെടികൾ മുളച്ചു പൊന്തി തുടങ്ങുന്നു. നീണ്ടോഴുകി കിടന്നിരുന്ന പുഴയിലെ അവസാന തുള്ളിയും  അസ്ഥികൾ പുറത്തോട്ടു തള്ളി നിന്ന ഇളം പൈക്കിടാവ് മോന്തി തീർത്തു. പക്ഷികൾ ഉച്ചത്തിൽ നിലവിളിച്ച് പറന്നുക്കൊണ്ടിരിക്കുന്നു. ഭൂമിയെന്ന മൊട്ടപ്പാറയിൽ കാറ്റ് പോറിയിടുന്ന ശബ്ദം മാത്രം കാതടച്ചു കേള്ക്കാം..   പൂഴിമണലിൻറെ ഘോര ഗര്ജ്ജനം നാളെ പ്രസവിക്കാനിരിക്കുന്ന വിധവകളുടെ കുഞ്ഞുങ്ങൾക്ക്‌ താരാട്ട് പാടാൻ തയ്യാറെടുപ്പ് നടത്തുന്നു.

അയാൾ തൻറെ മരത്തെ നോക്കി. ആകാശം മുത്തി നില്ക്കുന്ന തൻറെ മരം. ഇതിൽ മാത്രം ചില്ലകളുണ്ട്. ഇവിടെ മാത്രം ഇലകളുണ്ട്. ഇങ്ങ് മാത്രം തണലുമുണ്ട്. ഇതിൽ നിന്നും കൊഴിഞ്ഞു വീഴുന്ന ഓരോ ഇലയും ഇത്ര നാൾ അയാളോട് പറഞ്ഞിരുന്ന വെളിപാടുകൾ തീര്ച്ചപ്പെടുകയാണ്. മനുഷ്യൻ നിഷ്ക്കാരുണ്യം ശിപ്പായിയോട് പറഞ്ഞു.

" ഇന്നലെ രാത്രിയിൽ ഞാൻ അന്നം പാചകം ചെയ്യുവാൻ അടുപ്പുക്കൂട്ടിയത് എൻറെ കാലുകൾ വെട്ടി മുറിച്ചെടുത്താണ്. ഇന്ന് എൻറെ കൈകൾ അറത്തെടുത്ത് ഞാൻ അടുപ്പ് കൂട്ടും. നാളെ ഞാൻ ഈ മരത്തണലിൽ കിടന്നു മരിക്കും. അത്രയും നേരം നിൻറെ കുഞ്ഞിക്കിടാങ്ങൾക്ക് ആയുസ്സ് നീട്ടി കിട്ടുവാൻ അറിയുന്ന ദൈവങ്ങളോട് ഞാൻ പ്രാർത്ഥിക്കാം... "

മരം വെട്ടുകാർ മടങ്ങി. പുറകെ ശിപ്പായിയും..


II

കാട്; പുതുമഴയിൽ നനഞ്ഞു കുതിര്ന്ന പുതുമണ്ണിൻറെ ഗന്ധത്തിലാണ് മറ്റൊരു പുലരിയുണർന്നത്.
പക്ഷികൾ കുറുകി ചിറകടിച്ച് പറന്നു രസിച്ചു. മഴ നനഞ്ഞൊരു പക്ഷിയുടെ നനഞ്ഞ ചിറകിൽ നിന്നും ഇറ്റു വീണ ഒരു തുള്ളി, അപ്പൂപ്പൻത്താടി ചില്ലയിൽ തട്ടിയുടഞ്ഞു. ആ ചില്ലയിളകി. അതിലൊരു കായ് പൊട്ടി. അനന്തരം, ഭൂമിയിൽ ഒരു ജീവനും കൂടി എഴുതി ചേർക്കപ്പെട്ടു.

ഒരു പുതു അപ്പൂപ്പൻത്താടി. തെല്ലു നാണത്തോടെ, ഭയത്തോടെ, അപ്പൂപ്പൻത്താടി ചില്ലയിൽ നിന്നും ഊർന്നിറങ്ങി നിലത്തോട്ട് വീണു. അമ്മയോട് യാത്ര പറയുന്നതിനും മുന്പേ കാറ്റവനെ സ്വന്തമാക്കി. ഇട തഴച്ചു വളര്ന്ന പച്ചപ്പിൻറെ ആര്ദ്രതയിലൂടെ തൻറെ നൂറു കാലുകൾക്കൊണ്ട് നീന്തി അവനുല്ലസിച്ചു. പുഴയിൽ ഒഴുകി പോയിരുന്ന ഇലയിലേക്ക് അവൻ എടുത്തു ചാടി. ഇലയെ തോണിയാക്കി വിരലുകളാൽ തുഴ പിടിച്ചു. അപ്പൂപ്പൻത്താടി മദിക്കുന്ന രസം കണ്ടുക്കൊണ്ട്  വെള്ളാരം കണ്ണുകളുള്ള സ്വര്ണമത്സ്യങ്ങൾ ജലോപരിതലത്തിലേക്ക് കുമിള വിട്ട്  സ്വാന്തന്ത്ര്യത്തേയും സമാധാനത്തേയും  സ്തുതിച്ചു.

ഇലവഞ്ചി പാറയിൽ തട്ടി മറഞ്ഞപ്പോൾ അപ്പൂപ്പൻത്താടി പുഴയോളങ്ങളിൽ ഊഞ്ഞാലുക്കെട്ടി. കാറ്റ് സാന്ത്വനമെന്നവണ്ണം അപ്പൂപ്പൻത്താടിയെ കരയിലോട്ടിട്ടു. ഒളിക്കണ്ണിട്ടു വന്ന സൂര്യരശ്മികൾ അവൻറെ നഗ്നത ചെമല പുടവയാൽ മറച്ചുക്കെട്ടി. അപ്പൂപ്പൻത്താടി പറന്നു. പിന്നേയും പറന്നു. പിന്നേയുംപിന്നേയും പറന്നോടുവിൽ തൻറെ മരത്തിനരികിലെത്തി.

ചുറ്റുമെങ്ങും പ്രകൃതി പച്ച പിടിച്ചിരുന്നിട്ടും തൻറെ മഴവില്ലുമരത്തിൽ മാത്രം ഇലകൾ തളിര്ത്തില്ല. പൂക്കൾ വിരിഞ്ഞില്ല. കായ്കൾ കനിഞ്ഞില്ല. അപ്പൂപ്പൻത്താടിയുടെ ഉള്ളുരുകി. സൂര്യൻ മറന്നു വെച്ച മഴത്തുള്ളികൾ അപ്പൂപ്പൻത്താടിയുടെ വെള്ളപ്പൂടകളിലിരുന്ന് കാര്മേഘം കെട്ടിപ്പടുത്തു. വൈകാതെ നേർത്ത കരച്ചിൽ താളവും രൂപപ്പെട്ടു. അപ്പൂപ്പൻത്താടി കരയുകയാണ്. ജീവിതം ആഘോഷിക്കാൻ വേണ്ടി മാത്രമല്ലല്ലോ..? ദുഖിക്കാനും കൂടിയുള്ളതല്ലേ..? കണ്ണു തുടച്ചു നോക്കിയ അപ്പൂപ്പൻത്താടി ചിതലു പിടിച്ച മരവേരുകൾക്കിടയിൽ ശോഷിച്ച ഒരു അസ്ഥികൂടവും തലയോട്ടിയും കുറച്ചു നഖങ്ങളും പല്ലുകളും കണ്ടു. തൻറെ പൂർവജന്മ ശരീരത്തെ നോക്കി അപ്പൂപ്പൻത്താടി കൊഞ്ഞനം കുത്തിയ ശേഷം മരത്തിൻറെ ചിതലിച്ച വശങ്ങളിൽ രോമാഹർഷങ്ങളാൽ തലോടി.

പെട്ടെന്ന്, ഒരത്ഭുതമെന്നപ്പോലെ ചിതൽ പുറ്റുകൾ വഴുതി വീണു. അവിടെ മാത്രമൊരു മഴ പെയ്തു. ആ മഴയിൽ മരം സട കുടഞ്ഞെണീച്ചു. ഞൊടിയിടയിൽ മരമാകെ ഇലകൾ തളിർത്തു. പൂക്കൾ വിരിഞ്ഞു. കായ്കൾ കനിഞ്ഞു. ആത്മാവ് തട്ടി വിളിച്ച ശബ്ദത്തിൽ മരം പുനരുത്വാനം ചെയ്തിരിക്കുന്നു. അപ്പൂപ്പൻത്താടി ഒരു കമിതാവിനെപ്പോലെ മരത്തിലെല്ലാം ഉരസി നടന്നു. ഇക്കിളി പൂണ്ട മരം അപ്പപ്പോഴായി ചുവപ്പും മഞ്ഞയും കലർന്ന പൂക്കൾ വീഴ്ത്തിക്കൊണ്ടിരുന്നു. നൂറായിരം ദേശാടനക്കിളികൾ വിരുന്നു വന്നു. അവ ചിലച്ചുക്കൊണ്ടിരുന്നു.. ആഘോഷം ..

സന്ധ്യയായപ്പോൾ മഴ നിന്നു. ദേശാടനക്കിളികൾ ദിക്കു നോക്കി തിരിച്ചുപ്പോയി. താഴെ അപ്പൂപ്പൻത്താടിയും മരവും മാത്രമായി. അപ്പൂപ്പൻത്താടി പഴയ പോലെ മരത്തിൻറെ വേരുകൽക്കിടയിൽ കിടന്നു മയങ്ങി. നിലാവുറങ്ങി. നക്ഷ്ത്രങ്ങളുറങ്ങി. ഭൂമി ഉറങ്ങി. ആകെ നിശബ്ധത...

ആ നിശബ്ദതയെ ഭഞ്ചിച്ചുക്കൊണ്ട് അകലെ ഏതോ ഒരു മരത്തിൻറെ പള്ളയിൽ അറവുകാരൻ മഴുവെറിഞ്ഞു. മഴവില്ലുമരം മാത്രം അതു കേട്ടു. മരം കരയാൻ തുടങ്ങി. കരഞ്ഞു. കരഞ്ഞുക്കൊണ്ടെയിരുന്നു .. പോയ ഇന്നലെകൾ വരാനിരിക്കുന്ന നാളെകളാണെന്ന തിരിച്ചറിവിൽ മരം കരഞ്ഞുക്കൊണ്ടെയിരുന്നു...

മരണവിളി കേട്ടു തുടങ്ങിയ ദേശത്തു നിന്ന്  കോണ്ട്രാക്റ്ററും  അപ്പ്രേൻഡിസുകളും ഉറങ്ങുന്ന അപ്പൂപ്പൻത്താടിയെ ലക്ഷ്യമാക്കി ഇപ്പോൾ വന്നുക്കൊണ്ടിരിക്കുവാണ്.

_____________________________________________________











The real Rainbow tree

Eucalyptus deglupta )

These rainbow eucalyptus trees go from brown to bright green and then to a dark green. Then it’s blue, purple, pink, orange, red, burgundy, and then back to brown! Then the brown layers peel off again and the cycle begins all over again!
CC CV FROM-
Www.boredombash.com

Night_raiN

Comments

Popular Posts