ഉൾക്കാഴ്ച്ച
ഉൾക്കാഴ്ച്ച
ഇച്ഹാക്കടലുകളുടെ മിതത്വം പാലിച്ച അലമാലകളുമായി തെരുവ് തെണ്ടികൾ ദേശത്തിനു മുന്നിൽ ഭിക്ഷ യാചിച്ച് പരുങ്ങി നിന്നു. ചളുങ്ങിയ പാത്രങ്ങളിൽ വീണ ഒറ്റനാണയങ്ങൾ ദൈവ വികൃതിയിൽ പിറവിയെടുത്ത പുതിയിനം ജീവികളായി കിലുങ്ങി ചിരിച്ചു. തെണ്ടികൾ കളിയാക്കപ്പെടുന്നു. നാണയത്തുട്ടുകൾ കളിയാക്കുന്നു. ദേശക്കാർ കളിയാക്കാൻ കാരണക്കാരാകുന്നു. കഥ നടക്കുന്ന പ്രസ്തുത പ്രദേശത്തെ തെണ്ടികളുടെ കൂട്ടത്തിൽ കൈയില്ലാത്തവർ ഒരുപാടുണ്ടായിരുന്നു. കാലില്ലാത്തവർ ഒരുപാടുണ്ടായിരുന്നു. അവർക്ക് ചെറുമക്കളുടെ വയസ്സേ ഉണ്ടായിരുന്നുവുള്ളൂ.. എന്നാൽ അക്കൂട്ടത്തിൽ, പലപ്പോഴായി മണ്ണ് തിന്ന് വിശപ്പടക്കാൻ മാത്രം തലയിലെഴുത്ത് ബാക്കി വെച്ച വൃദ്ധ ദമ്പതികളുണ്ടായിരുന്നു. അവർ ജന്മനാ അന്ധരായിരുന്നു. ആ ദേശത്ത് അന്ധരായി ജനിച്ചതും ജീവിച്ചതും അവർ മാത്രമായിരുന്നു.. ദേശത്ത് അവരുടെ പേര് കുരുടൻതന്തയെന്നും കുരുടിത്തള്ളയെന്നുമായിരുന്നു. തെണ്ടികൽകിടയിൽ അവരുടെ പേര് കാളിയമ്മയെന്നും മുത്തുമാരിയെന്നുമായിരുന്നു. അവർക്കിടയിൽ മാത്രം അവർ കാളിയും മുത്തുവുമായി നില കൊണ്ടു.
പടിഞ്ഞാറൻദിശ ചുവക്കുമ്പോൾ തെരുവ് തെണ്ടികളുടെ ഭിക്ഷാ പാത്രങ്ങൾ നിറഞ്ഞ് കാണപ്പെട്ടു. എന്തോ കാളിയുടേയും മുത്തുവിന്റെയും മടിശീലയിൽ മാത്രം നാണയങ്ങൾ വീണതേയില്ല. മാട് മോന്തി ബാക്കി വെച്ച പശവെള്ളവും കുരങ്ങന്മാരുടെ കയ്യിൽ നിന്നും തെറിച്ചു വീഴുന്ന കനികളും കഴിച്ച് അവർ കാലനോട് ആയുസ്സ് കടമെടുത്തു.
കാലം ഒന്ന്.
കാലം രണ്ട്..
കാലം മൂന്ന്...
മൂന്നു കാലങ്ങൾ മുരണ്ടു പോയി.
നാലാം കാലത്തിലെ ആദ്യ രാത്രിയിൽ ദേശത്ത് ഒരപരിചിതൻ നഗ്നനായി കാലുക്കുത്തി. ദേശകവാട കമാനത്തിനു കീഴെ തെണ്ടികളെല്ലാം മുഴു നിദ്രയിലായിരുന്നു. കണ്ണ് തുറന്നാലും ഇല്ലെങ്കിലും കാണുന്ന ഇരുട്ടിനെ ധ്യാനിച്ച് മുത്തു കാളിയെ ചേർത്ത് പിടിച്ചു.
"ആരാ അത്..? "
നഗ്നൻ കൈകൾക്കൊണ്ട് നഗ്നത മറച്ച് കമാനത്തിനു പുറകെ പതുങ്ങി നിന്നു.
"ഞാൻ ശിഹാ.. പാശ്ചാത്യ രാജ്യങ്ങളിൽ വെടി വീമ്പിളക്കിയെന്നാരോപിച്ച് മാലോകർ എന്നെ രണ്ട് കാട്ടുപ്പന്നികളോടൊപ്പം തൂക്കിലേറ്റി.
"എന്നിട്ട് നിങ്ങൾ മരിച്ചില്ലേ.? "
"ഇല്ല."
"എന്തുക്കൊണ്ട്..? "
"ആയുസ്സ് തീരാഞ്ഞതുക്കൊണ്ട്.. "
"ഇപ്പോൾ നിങ്ങള്ക്കെന്തു വേണം.? "
"ഞാൻ നഗ്നനാണ്. നഗ്നത മറക്കാൻ തുണി വേണം. "
"നിങ്ങൾ ശരീരംക്കൊണ്ടും മനസ്സുക്കൊണ്ടും ഞങ്ങള്ക്ക് മുൻപിൽ നഗ്നനാകുന്നില്ല. "
നഗ്നത മറക്കപ്പെടുവാൻ ശരീരം പൊതിയുവാനുള്ളത്രയും തുണി വേണ്ട. കാഴ്ചക്കാരൻറെ കണ്ണു കെട്ടുവാൻ മാത്രം ഒരു തൂവാലയായാലും മതി.
അജ്ഞാതമായ ദേശത്ത് നാല്പതു നാൾ വസിക്കാനായിരുന്നു ശിഹായുടെ വിധി. ആ സമയം കൊണ്ട് നരഭോജികളുടെ വിഷമമ്പേറ്റ് തുളഞ്ഞു പോയ കൈകളിലും കണംങ്കാലിലും പുതിയ ദശ വന്നു. മുപ്പതിയോന്പതു നാൾ ശിഹാ തെണ്ടികളുടെ കൂടെ ജീവിക്കുകയും അന്ധദമ്പതികൾക്ക് മാത്രം ആരും ഭിക്ഷ നല്കുന്നിൽല്ലെന്ന് മനസിലാക്കുകയും ചെയ്തു. അവസാന നാൾ ശിഹാ ദേശവാസികളെയെല്ലാം തെണ്ടികളുടെ മുന്നിൽ വിളിച്ചു കൂട്ടി. അവൻ ചോദിച്ചു.
" എന്തുക്കൊണ്ട് ഈ അന്ധ ദമ്പതികൾക്ക് മാത്രം ആരും ഭിക്ഷ നല്കുന്നില്ല..? "
തെണ്ടികൾ ശിഹായെ നോക്കി. ശിഹാ ദേശക്കാരെ നോക്കി. ദേശക്കാർ പരസ്പരം നോക്കി. കൃഷ്ണമണികളുറക്കാത്ത കുരുടനും കുരുടിയും മാത്രം ആരെയും നോക്കാനാവാതെ ഇരുട്ടിൽ തപ്പി തടഞ്ഞ് നിന്നു. മൗനം.. ശിഹാ ചോദ്യം പിന്നേയുമാവര്തിച്ചു. മൗനം പിന്നേയുമാവർത്തിക്കപ്പെട്ടു. ഉത്തരമൊന്നും ലഭികാതെ നിന്ന ശിഹാ ഒടുവിൽ കൈക്കുമ്പിളിൽ മറച്ചു പിടിച്ചിരുന്ന ഒരു തുണിക്കിഴി ദേശക്കാരെ കാണിച്ചു.
" ഉടമസ്താവകാശികളില്ലാത്ത മുപ്പതു വെള്ളി മൂല്യമാണിത്. ഇത് ഞാൻ ഇവരെ ഏല്പിക്കുന്നു. "
ശിഹാ മുത്തുവിൻറെ കൈപുറം സ്വന്തം ഉള്ളം കയ്യിലാക്കി പണക്കിഴി വെച്ചു കൊടുത്തു. കണ്ടു നിന്ന ദേശവാസികളെല്ലാം ആദ്യ മാത്രയിൽ സ്തംബ്ധരായി. അടുത്ത മാത്രയിൽ അവർ അട്ടഹസിക്കാനും ആർത്തുച്ചിരിക്കാനും തുടങ്ങി. അതിൽ ചിലർ ചിരിച്ചു നിലത്ത് വീണു. ചിലർ ചിരിച്ചുച്ചിരിച്ച് കരയുകയും ചെയ്തു.
ഇതെല്ലാം കണ്ടു നിന്ന ശിഹാ വിലാപ്പുറത്തെ മുറിവിൽ തൊട്ട് ശേഷിക്കുന്ന വേദന തിരിച്ചറിഞ്ഞ് താൻ സ്വപ്നത്തിലല്ലയെന്നുറപ്പുവരുത്തി. ചിരി മുഴുവനായും നിലച്ച നേരം ശിഹാ ചോദിച്ചു.
" നിങ്ങളെന്തിനു അട്ടഹസിക്കുന്നു..? സകല തെണ്ടികൽക്കും ദാനം ചെയ്കയാൽ നിങ്ങളെന്തുക്കൊണ്ട് ഈ അന്ധർക്ക് ദാനം നല്കു............. "
ചോദ്യമാവസാനിക്കും മുന്പേ ഉത്തരം ചെവിയിൽ കൊത്തിയ ശബ്ദമായ്.. ശബ്ദം മാത്രം.. ഉടമസ്ഥനില്ലാത്ത ശബ്ദം. ദേശത്തിൻറെ ശബ്ദം.
"ഹേ, വലിയവനെന്നു സ്വയം കരുതുന്ന ചെറിയവനെ.. അങ്ങേ തലക്കലേ തെണ്ടികളെ നോക്കു.. കൈ ഇല്ലാത്തവർ.. കാലില്ലാത്തവർ.. അവർക്ക് ഞങ്ങൾ ഭിക്ഷ നല്കുന്നു. അവർ ഞങ്ങളെ അറിയുന്നു. ഞങ്ങളെ ബഹുമാനിക്കുന്നു. ഞങ്ങളുടെ പണപ്പെരുപ്പം കണ്ട് അന്തം വിടുന്നു. ഈ അന്ധദമ്പതികൾ ഞങ്ങളെ കാണുന്നില്ല. അറിയുന്നില്ല. ഇവർക്ക് ഭിക്ഷ നല്കുന്നതുക്കൊണ്ട് ഞങ്ങൾക്കെന്തു പ്രയോജനം..? ഞങ്ങളെ തിരിച്ചറിയാത്തവർക്ക് ഞങ്ങളെന്തിനു ഭിക്ഷ നല്കണം..? "
പിതാവ് ചെയ്തു വെച്ച തെറ്റുകള്ക്ക് പുത്രന എൻറെ പിഴ ചൊല്ലി നിന്ന നേരം അന്ധദമ്പതികളുടെ കവിളത്ത് നീലഞരമ്പുകൾ തെളിഞ്ഞ് കാണപ്പെട്ടു. അതിനു മുകളിലൊഴുകി പോയ ചുടുദ്രാവകത്തിനവസാനമൊലിച്ച കണ്ണീർപ്പീളയും പീലികളും മനസ്സിൻറെ വേദനയെ പുറത്തു കാണിച്ചു. ദേശവാസികൾ ഓരോരുത്തരായി മടങ്ങി. ശിഹാ വെള്ളിടി വെട്ടുമെന്ന് പ്രതീക്ഷിച്ച് ആകാശത്തോട്ടു നോക്കി. ഒന്നും തന്നെ സംഭവിച്ചില്ല. ഇന്ന് നാല്പതാം നാളാണ്. ഇന്നുയർന്നു പൊങ്ങിയില്ലെങ്കിൽ മേലെ സ്വർണ്ണ കസാല നഷ്ടപ്പെടും. ചാട്ടവാറടിയുടെയും കപാലമുടച്ച് ആഴത്തിലിറങ്ങിയ രക്തമകുടത്തിൻറെ വേദന ചരിത്രത്തിൽ ഇടം പിടിക്കാതെ പോകും. ആര്ദ്ര ചിത്തൻറെ മനസ്സിൽ ഒരസാധാരണമായ അവസ്ഥ രൂപപ്പെട്ടു.
രാത്രിയിലെ അത്താഴവിരുന്നിൻറെ ജീർണ്ണത മറക്കാൻ കവാത്തു നടത്തിയ ദേശക്കാരുടെ തലയ്ക്കു മേലെ വെള്ളിവെളിച്ചമുദിപ്പിച്ച് ഒരു മാടപ്രാവ് പറന്നുയര്ന്നുപ്പോയി. അത്, വഴിമുടക്കി നിന്ന ഒരു ഗരുഡൻറെ കൃഷ്ണമണികൾ കൊത്തി താഴെയിട്ടു. മുത്തുമാരി തപ്പി തടഞ്ഞ് എങ്ങനെയോ അവയെടുത്ത് കാളിയുടെ കണ്ണ്‍സ്ഥാനങ്ങളിൽ ശിഹാ ഏല്പിച്ചിരുന്ന പച്ചമരുന്നും ചേർത്ത് കെട്ടി വെച്ച് കൊടുത്തു.
നേരം വെളുത്തു. കുരുടി കണ്ടു. കുരുടനെ.. മറ്റു തെണ്ടികളെ.. ദേശത്തെ.. ദേശനിവാസികളെ.. അന്നാദ്യമായി കുരുടിയുടെ ചെമ്പുത്തട്ടിൽ ഒറ്റ നാണയങ്ങൾ വീണു. ദാനം ചെയ്തവർ കുരുടിക്ക് മുൻപിൽ ബഹുമാനത്തിനു വേണ്ടി ആർത്തി പിടിച്ച് നിന്നു. കുരുടി ഒറ്റ നാണയങ്ങൾ അവരുടെ മുഖതോട്ടെറിഞ്ഞു. മറ്റു തെണ്ടികൾ അത് പെറുക്കിക്കൂട്ടവേ കുരുടനും കുരുടിയും തിമിരദേശത്തിൻറെ പ്രധാന കവാടം കടന്ന് പുറത്തേക്കു നടന്നു.
വഴുക്കൻപ്പാറ വിട്ട് വേരുപ്പാലം കടന്നപ്പോൾ ഇല്ലിമരത്തിന് താഴെ കണ്ണുകളറ്റു പോയ ഒരു ഗരുഡൻ ചിറകടിച്ച് പിടയുന്നത് കണ്ട കുരുടി നെടുവീര്പ്പെട്ടു. ആലോചനക്കു അധികം സമയമെടുക്കാതെ കാളിയമ്മ രണ്ടു കൃഷ്ണമണികളും ചൂഴ്ന്നെടുത്ത് ഗരുടന് കൊടുത്തു.
" കാളി എന്തിനാ നീ ഇത് ചെയ്തത്.? " മാരി ചോദിച്ചു.
" ഞാൻ ഭയക്കുന്നു മാരി ..
കാഴ്ചയുടെ നിറവിൽ ഉള്കാഴ്ചയുടെ അകം പൊരുള് നഷ്ടപെടുമെന്നു ഞാൻ ഭയക്കുന്നു...
നമുക്ക് കണ്ണുകൾ വേണ്ട മാരി. നമുക്ക് കണ്ണുകൾ വേണ്ട.. "
ആത്മാവിൽ തിമിരം ബാധിക്കാത്തവരുടെ ഇടം തേടി, ഭൂമിയിൽ ഇല്ലായിടം തേടി അന്ധനും അന്ധയും നടന്നു നീങ്ങി..........
Night_raiN


Comments
Post a Comment