തേട്ടി തുപ്പുന്ന ഛായാചിത്രങ്ങൾ


 
















     


വിയര്പ്പ് മണത്ത ഒരു തുണ്ട് കടലാസ്സു കഷ്ണത്തിൽ അയാൾ കഞ്ചാവ് പൊതിഞ്ഞു വാങ്ങി. തേടി വന്ന വഴികളിലൂടെ തേടേണ്ടി വന്ന വിധികളേയോർത്ത് അയാൾ തെണ്ടിത്തിരിഞ്ഞു നടക്കുകയാണ്. മഞ്ഞുരുക്കിയൊഴിച്ച മധുശാലകളിലെ പുക പുരണ്ട നിഴൽവെട്ടങ്ങളിലും ഉഷ്ണകരമായ ചിന്താതുലനങ്ങൾക്ക് തണുപ്പ് കണ്ടെത്തുവാൻ കഴിയുന്നില്ല. അയാൾക്ക്‌ തണുപ്പ് അനുഭവപ്പെടില്ല. ഉച്ചിയിലമർത്തി ചവിട്ടുന്ന സൂര്യൻറെ ഉടയാടകൾ കണക്കേ ഹൃദയനെരിപ്പോടിൽ  നിന്നും പഴുത്തു വെന്ത രക്തപ്രവാഹങ്ങൾ മസ്തിഷ്ക്കത്തിൽ പെരുത്തു കയറുന്നു. ഉള്ളിലോട്ടാഞ്ഞെടുക്കുന്ന പുക ചങ്കിനെ നീലം മുക്കി ശ്വാസകോശത്തിൽ ചതുപ്പുകൾ സൃഷ്ടിക്കുന്നു. സ്വേദഗ്രന്ഥികൾക്ക് വിശ്രമമില്ലാത്ത ഒരു ശരീരം. അയാൾ.., അയാൾ ഒരു ചിത്രം വരക്കാരനാണ്.

    നിശയുടെ നിശബ്ധമായ നീലവെളിച്ചത്തിൽ, കടൽത്തീരത്തെ ഇടുങ്ങിയ വാടകമുറിയിലിരുന്ന് ചോര തുപ്പിയ ബ്ലെയിഡിൻറെ കവിളിൽ രാകി മിനുക്കിയെടുത്ത  പെൻസിലിൻറെ അറ്റം കൊണ്ട് അയാൾ ആ ചിത്രം വരച്ച് തീർത്തു. നിറങ്ങൾ മുളപ്പൊട്ടി ഗര്ഭപാത്രത്തിൻറെ ചുവരിൽ തലയിടിച്ചു കരഞ്ഞു. ഒൻപതു മാസവും ഒൻപതു ദിനങ്ങളും തീർന്നപ്പോൾ ചോരയിൽ മുങ്ങിയ കടലാസ്സിൽ ചുരുക്കം ചില നിറങ്ങൾ പ്രത്യക്ഷപ്പെട്ടു. ഭ്രൂണഹത്യ പാപമായതുക്കൊണ്ടാകാം വരച്ചുക്കൊണ്ടിരുന്ന ചിത്രങ്ങൾ ഇടവേളകളിൽ കീറി കളയാതിരുന്നത്. എന്നാൽ, പെറ്റു വീഴുന്ന ഓരോ കുഞ്ഞിനേയും അയാൾ ഒരുപാടു നേരം നോക്കിയിരിക്കും. അതിനുശേഷം മുറിയാത്ത മനസ്സിനെ വഹിക്കുന്ന ശരീരത്തിൻറെ നാനാഭാഗങ്ങളിൽ നിന്നും മാംസം ഖണ്ഡിച്ച് ചോരയെടുത്ത്‌ ക്യാൻവാസിൽ പുരട്ടും. അതായിരുന്നു അയാളുടെ ശീലം. അതെ, അയാളുടെ ചായപ്പലകയിൽ  ചുവപ്പു നിറമുണ്ടാകാറില്ല. ആ ചുവപ്പ് അയാൾ കടമെടുത്തിരുന്നത് തൻറെ ശരീരത്തിൽ നിന്നുമായിരുന്നു.

    ഇപ്പോഴാണെൻറെ ചിത്രം പൂർത്തിയായത്. ഇനി കഴുത്ത് ഞെരിച്ചു കൊന്നു കളയണം..

    അട്ടഹാസങ്ങളുടെ പിന്നോളികൾ അലമുറയിടുന്ന കടൽത്തീരത്തിനോടു ചേര്ന്ന ചെറിയ വീടിൻറെ വലിയ മരകതകുകൾക്കിടയിലൂടെ കഞ്ചാവിൻറെ തെറുപ്പു മണം ഇണ ചേരാനൊരുങ്ങി നിന്ന ഞണ്ടുകളെ ഉന്മത്തരാക്കുന്നത് അയാൾ കണ്ടു. പിന്നേയും  നീലിമയിൽ തിരഞ്ഞു. അവിടെ മറ്റൊരു രൂപം. അടുത്ത സംഭോഗത്തിനു സമയമായി.

    ചുവപ്പില്ലാതെ ഞാൻ എന്നു വരച്ചു തുടങ്ങുന്നുവോ അന്ന് എൻറെ ചിത്രങ്ങൾ സത്യങ്ങളാകും. സ്വപ്‌നങ്ങൾ യാഥാർത്യങ്ങളാകും.

    ആർട്ട്സ് കോളേജിൽ നിന്നും പടിയിറങ്ങി പത്തു വർഷങ്ങൾ.. പത്തു സംഭോഗങ്ങൾ.. പത്തു പൊടി കുഞ്ഞുങ്ങൾ.. പത്തിനേയും കഴുത്ത് ഞെരിച്ച് ഒരേ കുഴിമാടത്തിലിട്ടു.

     ഞാനിപ്പോൾ ആരാണ്...? പണ്ടു ചോദിക്കുവായിരുന്നുവെങ്കിൽ പറയാമായിരുന്നു ഞാനൊരു ചിത്രം വരക്കാരനാണ്..... 

_________________________________________

Night_raiN 

Comments

Popular Posts