അവരോഹണം

അപരിചിതരായ ചിലർ,
അജ്ഞാതമായി കിടന്നിരുന്ന സോപാനങ്ങൾ,
ഇടയ്ക്കു തോന്നി പോകാറുണ്ട് -
'അ'
മനോഹരമായൊരു അക്ഷരമാണ്.

അവരോഹണം

കുന്നിക്കുരുക്കളുടെ നിഷ്കളങ്കത കൈയിലേക്ക് പടർത്തി ജീവിതം ഭദ്രമാക്കി തന്ന അനീഷേട്ടനിലേക്ക്.
ആതിഫി- പേർഷ്യയിൽ നിന്നും ദത്തെടുത്തോമനിച്ച അനിയത്തിക്കുട്ടിയിലേക്ക്.
ഒടുങ്ങാത്ത ആൾത്തിരക്കിലും ഒളിഞ്ഞിരിക്കുന്ന ആ മൗനത്തെ ആദ്യമായി അനുഭവിച്ചറിഞ്ഞ ഗരീബ്ബ് നവാസിന്റെ അജ്മീർ ദർഗ്ഗയിലേക്ക്.
ആദ്യമായി നന്ന് കേട്ടൊരു കഥ - അഘോരയിലേക്ക്.
തിരുത്താനാകാത്ത തെറ്റുകളുണ്ടെന്നും തിരിച്ചറിവ് തന്നവൾ... ആരുവിലേക്ക്..
അരിസ്ട്രോക്കേറ്റിന്റെ രുചിയിലേക്ക്..
അഡോളസെൻസിന്റെ ആദ്യ പകുതിയിൽ അവളെ തപ്പി അന്തം വിട്ടു നടന്ന അയ്യന്തോള് പള്ളിപ്പെരുന്നാളിലേക്ക്,
ആരാരുമില്ലാത്തോർക്ക് - നിർമ്മല കോൺവെന്റിൽ പോയെഴുതി പ്രൈസിടച്ച കെട്ടുകഥയിലേക്ക്.
ആദ്യ സിനിമ - ആകാശദൂതിലേക്ക്.
ഞായറാഴ്ച പുലരികളിലെ എന്റെ വേദപാഠപുസ്തകമായിരുന്നു അവൾ, മേഗി ടീച്ചറുടെ മോള് ആതിരയിലേക്ക്,
രണ്ടാം ക്ലാസിലേക്ക് എന്നെ തിരഞ്ഞിറങ്ങിയ ഉറ്റമിത്രം, കാരണങ്ങളില്ലാതെ പിരിഞ്ഞുപ്പോയവൻ - അഭിമന്യുവിലേക്ക്,
ആദ്യമായി ഉച്ചരിച്ച അമ്മയെന്ന വാക്കിലേക്ക്.
ആ അമ്മയുടെ ഉദരത്തിലേക്ക്.
ആ ഉദരത്തിൽ എന്നെ ജനിപ്പിച്ച അപ്പച്ചനിലേക്ക്.
ആദിപൂർവ്വികരിലേക്ക് ..
ആദത്തിലേക്ക്.
സ്വാമിയുടെ കൈതലമമർന്ന ആ ഒരു പിടി മണ്ണിലേക്ക് ...
ആരംഭത്തിലേക്ക്,
ആദിയിലേക്ക്.
മോഹിച്ചു പോകുന്നു - ഒരു തിരുത്താടനം.. മഹാതീർത്ഥാടനം.

Dani
Nightrain
Elthuruth.

Comments

Popular Posts