എന്റെ കർണ്ണർ - 1
എൻറെ കർണ്ണൻ
പുറപ്പാട്
"ഭൂമിയിൽ സ്വന്തമെന്നു പറയുവാൻ എനിക്ക് യാതൊന്നുമില്ല. ഈ ശരീരം പോലും.. ഉള്ളുറക്കമ്മില്ലാതെ ഉണര്ന്നു കിടക്കുന്ന വ്യഥകളുടെ ഇരുണ്ട വർണ്ണങ്ങളിൽ ധവള പ്രകാശം അന്വേഷിച്ചലയുന്ന മനസ്സ്. ഇന്ന് ജയപരാജയത്തിൻറെ കാഹളം നാഴികകൾക്ക് മുന്നിൽ മാത്രം കേള്ക്കുമ്പോള് തിരിച്ചറിഞ്ഞ യാഥാർത്യങ്ങളിൽ നീറിയിറ്റുന്ന അമ്മക്കണ്ണീരിൽ കർണ്ണൻ ഇല്ലാതാകുകയാണ്. ഈ അറിവും ഇനിയൊരു ശാപമാണ്. അറിഞ്ഞും അറിയാതെയും ആര്ജിക്കപ്പെടെണ്ടി വന്ന ശാപങ്ങളേക്കാൾ ഇരട്ടി പ്രഹരമേല്പ്പിക്കുവാൻ കഴിയുന്ന മറ്റൊരു ശാപം..."
ആ പുലരിയിൽ, ഹസ്തിനാപുരിയിലെ ജനങ്ങൾ ഒന്നടങ്കം സൂതപുത്രൻറെ അവസാന അർഘ്യം കാണുവാൻ ദുഖാർദ്രമായ കണ്ണുകളോടെ പടവിനു ദൂരെയായി തിങ്ങി നിറഞ്ഞു നിന്നു. ആശ്വാത്ത്മാവും ശല്യരും ദുര്യോധനനുൽപ്പെടുന്ന നൂറു സഹോദരിൽ മോക്ഷപ്രാപ്തി ലഭിക്കാത്തവരെല്ലാം തന്നെ അവിടെ സന്നിഹിതരായിരുന്നു. ആർക്കും കർണ്ണാന്തരീക്ഷത്തിലേക്കു പ്രവേശനം ഉണ്ടായിരുന്നില്ല. നദിയിൽ പാതി മുങ്ങി നിന്നിരുന്ന തൻറെ ഗുരുവിൻറെ തുണക്ക് വായുജിത്ത് മാത്രം കടവിൽ കൂട്ട് നിന്നു. രണഭൂമിയിലെ മരണഗന്ധം പേറിയ കാറ്റ് വായുജിത്തിൻറെ കുന്ജിരോമങ്ങൾ വലിച്ചു വിട്ടു. നാളെ ഇതുപോലൊരു കാറ്റായി കർണ്ണനും എത്തും, നിൻറെ കടിഞ്ഞാണിൽ പിടുത്തമിടാനായ്....
കണ്ണുകളടച്ച് രാധേയൻ ഗംഗാ നദിയിൽ മുങ്ങി. ആയിരം ഓളങ്ങളുടെ അലതല്ലല്ലിലൂദെ ആ മനസ്സ് ഒഴുകുകയാണ്. ഉള്ളിൽ കിനിഞ്ഞു കിടക്കുന്ന സത്യങ്ങൾ ഇനിയും ആരോടും തുറന്നു പറഞ്ഞിട്ടില്ല. അത് കർണ്ണനോടൊപ്പം വളർന്ന്, ഇന്ന് കർണ്ണനോട് കൂടെ തന്നെ ഇല്ലാതാകും. ഒഴുക്കിനടിയിൽ കണ്ണ് തുറന്നു. ജലോപരിതലത്തിൽ പുലരിയുടെ പൊങ്കിരണങ്ങൾ അണിഞ്ഞോരുങ്ങുന്നു. ആ ദൃഡശരീരം നദിയിൽ നിന്നും ഒരൂക്കോടെ മേലോട്ട് പൊന്തി വന്നു. ദാന ധർമ്മങ്ങൾ ചെയ്ത് കൊതി തീരാത്ത കൈക്കുമ്പിളുകളിൽ പുണ്യ തീർത്ഥം കോരി സൂര്യദേവനർപ്പിച്ച്, കർണ്ണൻ നദിയുടെ ഉടലിൽ നെടുംതൂണായി നിന്നു. അശ്രു ധാരയായി കൈക്കുമ്പിളിലെ അർഘ്യജലത്തിൽ വീണുടയുകയാണ്. ചുട്ടുപ്പൊള്ളുന്ന ചുടുക്കണ്ണീരുക്കൊണ്ട് പിതാവിന് പുത്രൻറെ അവസാന അഞ്ജലി.
യുദ്ധഭൂമിയിലെ ജ്വലന രോഷമാകുവാൻ പുറപ്പെടുന്ന പുത്രന് അനുഗ്രഹാശ്ശിസ്സൂകളുമായി പിതാമഹൻറെ ശതകോടി രശ്മികൾ ഒന്നിച്ചു വന്ന് ആ ശരീരത്തിൽ പതിച്ചു. നീലജലമണിഞ്ഞ കണ്പോളകൾ താനെ വിരിഞ്ഞു. കുണ്ടലങ്ങളും കവചവുമില്ലാതെ കർണ്ണൻ ചുവന്നു .
ഓം മിത്രായ നമ :
നദിയിൽ നിന്നും തിരിഞ്ഞു കയറുമ്പോള് സൂര്യബിംബം അത്യുഷ്ണത്തോടെ കർണ്ണനു പിന്നിൽ വെട്ടി തിളങ്ങി. അതു കണ്ട് ഹസ്തിനാപുരം അപ്പാടെ പേടിച്ചമ്പരുന്നു. സൂര്യരശ്മികൾ കാഴ്ചക്കാരുടെ കണ്ണിൽ ചുമപ്പിൻറെ പട്ട് പുതച്ചു. പുലരിയിൽ പിറന്നു വീണ അത്യുഷ്ണത്തിൽ ഗംഗയുടെ പുൽമേട്ടിൽ ഒളിച്ച് കിടന്നിരുന്ന രാനിലാഹിമകണങ്ങൾ മേലെ മേഘമാലയെ തിരഞ്ഞുപ്പോയി. താഴെ സൂര്യപുത്രൻ സൂര്യരഥത്തിൽ നിന്നും ആഗമിക്കുന്നു.അതു കണ്ട് വായുജിത്ത് രണ്ടു മുന്കാലുകളും മുന്നോട്ടുയർത്തി ഘോരമായി ചിന്നം വിളിച്ചു. ആ ചിന്നംവിളി കുരുക്ഷേത്രഭൂമിയിലേക്ക് പടയൊരുക്കം നടത്തുന്ന പാണ്ടവസൈന്യങ്ങൾക്ക് ഭീതിജനകമായി, കൗരവപ്പടയുടെ പരേതാത്മാക്കൽക്കു ആശ്വാസമായി, അങ്ങു പാണ്ടവപ്പുരയിൽ രവിലോചനൻറെ കാതുകളിലും ആ ഒലി നിറഞ്ഞു കേട്ടു.
കർണ്ണൻ ജ്വലിക്കുകയാണ്. കർണ്ണനു മാത്രം ഈ ജ്യോതിസ്സ് ഉഷ്ണകരമല്ല. ഇത് അവൻറെ പിതാവ് അവനൊരുക്കുന്ന ഛായയാണ്. ആയോധനകലയുടെ അവസാന മാറ്റുരക്കലിനു പോകുവാൻ തയ്യാറെടുക്കുന്ന സ്വപുത്രനു പിതാവൊരുക്കുന്ന അനുഗ്രഹത്തണൽ. ഉടലിലെ വെള്ളം ശപഥങ്ങളാക്കി, ഉയിരിലെ കർണ്ണനെ കൊന്നൊടുക്കി, ഇതാ യുദ്ധാസക്തനായി മറ്റൊരു കർണ്ണൻ പുനരവതരിക്കപ്പെടുന്നു. ഈ കണ്ണുകളിൽ വ്യഥയില്ല. മനസ്സിൽ ചഞ്ചലതയില്ല. ഇത് കർണ്ണനല്ല, സൂര്യപുത്രനൊ സൂതപുത്രനൊ അല്ല,, രാധേയനോ ദാനവീരനോ അംഗരാജാവോ അല്ല... ഈ അവതാരം അര്ജുനൻറെ ശത്രു മാത്രമാണ്.
ഇത്ര നാൾ തന്നെ ചുമന്ന, തന്നെ ശപിക്കുകയും ചെയ്ത ഭൂമാതയുടെ നെറുകിൽ അഷ്ടാംഗ നമസ്ക്കാരം ചെയ്ത് അവസാന ചുംബനം.
ഓം പുഷ്ണേ നമ :
അരയിലെ മഞ്ഞക്കസവ് മുറുക്കിക്കെട്ടി, കർണ്ണൻ വായുജിത്തിൻറെ ഞാണിൽ പിടുത്തമിട്ട് മേലെ ചാടിക്കയറി. കൊടുങ്കാറ്റുപ്പോലെ കൊട്ടാരത്തിലേക്ക് മടങ്ങി. കുളമ്പടിയേക്കാൾ ശബ്ദത്തോടെ കണ്ടു നിന്നവരുടെ ഹൃദയമിടിച്ചു. കർണ്ണൻ പോയ നിമിഷം സൂര്യതേജസ്സ് കറുത്ത മേഘശകലങ്ങളിൽ പോയി മറഞ്ഞു. ഒരുപക്ഷെ, സൂര്യദേവൻ അറിയുന്നുണ്ടായിരിക്കാം -ഇന്ന് കർണ്ണനും അവൻറെ വിലാപങ്ങളും അര്ജുനൻറെ ആന്ജലിക ബാണത്താൽ മുക്തി കൈവരിക്കുമെന്ന്... ശല്യരും ആശ്വാത്ത്മാവും ഇന്നലെയുടെ ചെയ്തികളിൽ മനസ്തപിച്ചു. നിശ്വസിക്കാൻ മറന്നു പോയ ദുര്യോധനൻറെ കണ്ണുകൾ നിറയുന്നു.
പതിനേഴാം നാളിലെ കുരുക്ഷേത്രയുദ്ധത്തിനു സമയമാകുന്നു..
ഉടലിൽ ലോഹകവചങ്ങളണിഞ്ഞ് ഉള്ളിലെ നൊമ്പരങ്ങളെ കോപത്താൽ ആക്രമിച്ച് കീഴ്പ്പെടുത്തി, രത്നകിരീടധാരിയായി, ജ്വലന മുഖനായി, കർണ്ണൻ കൊട്ടാരപ്പടികൾ ചവിട്ടിയിറങ്ങി. പൂമുഖത്ത് വ്രുഷാലിയെയും വ്രഷകേതുവിനേയും കണ്ടതും ആ മനസ്സ് തരളമാകുകയാണ്. പത്നി പതിയുടെ തിരുനെറ്റിയിൽ സൂര്യതിലകം ചാർത്തി. പിതാവ് പുത്രൻറെ കവിളിൽ ചുംബിച്ചു. ആ ചുംബനത്തിൽ ഒരായുസ്സോളം അവനു ജീവിക്കാൻ വേണ്ട പ്രാര്തനകളുണ്ടായിരുന്നു... സ്നേഹവായ്പ്പുകളുണ്ടായിരുന്നു.. പിന്നെയും വ്രഷാലിയെ നോക്കി. ഒരു മന്ദഹാസത്തിൽ ആയിരം വാക്കുകൾ ഉച്ചരിക്കപ്പെട്ടു. അണിയിച്ചൊരുക്കിയ രഥത്തിൽ ശല്യർ മറ്റു കുതിരകളോടൊപ്പം വായുജിത്തിനേയും ചേർത്തുക്കെട്ടിക്കഴിഞ്ഞിരുന്നു. ദുര്യോധനൻ വിജയധനുസ്സും ആശ്വാത്ത്മാവ് ഹിരണ്യഗർഭമെന്ന ശംഖും കർണ്ണകരങ്ങളിൽ അര്പ്പിച്ചു. രഥത്തിൽ കയറവെ, പട്ടാംബരത്തിനു കീഴെ ഒരു ചെറിയ ഭാരം തേർപാദുകത്തിൽ തട്ടിയതായി കർണ്ണനു തോന്നി. മുന്നോട്ടു ചലിക്കുവാൻ ശല്യർ കുതിരകൾക്ക് സൂചന നല്കി. രഥം മെല്ലെ നീങ്ങി തുടങ്ങി. കർണ്ണൻ പൊന്നാടയുടെ തുമ്പിലെ കെട്ടഴിച്ചു നോക്കി. ഒരു മന്കുടത്തിൻറെ പൊട്ടിയ കഷ്ണം. നീങ്ങുന്ന രഥത്തിലിരുന്ന് ആ ചുവന്ന കണ്ണുകൾ വ്രഷാലിയെ തേടി. നനഞ്ഞൊഴുകിയിട്ടും ഇമവെട്ടാത്ത നീലക്കണ്ണുകളുമായി അവൾ തൻറെ പ്രിയപതിയെ ഉറ്റുനോക്കി നില്ക്കുകയായിരുന്നു.
കൈയ്യിൽ വൈജയന്തി ശക്തിയില്ലാതെ,
തലയ്ക്കു മേലെ മൂന്നു പിരാക്കുകളുമായി,
എൻറെ കർണ്ണൻ രണക്കളത്തിലേക്ക് പുറപ്പെട്ടു.
Night_raiN
ref- mrithyunjaya
Danny
Koramangala.


Comments
Post a Comment