കല്യാണ ഉറുമ്പുകൾ

കല്യാണ ഉറുമ്പുകൾ 













"അമ്പു എങ്ങോട്ടാ.. ?  "

കൈയിലുണ്ടായിരുന്ന വെള്ളിപ്പളുങ്ക് നിലത്തിട്ട് മനുവിനെ നോക്കി അമ്പു വായുവിൽ നാല് വര വരച്ചു. പിന്നീട്‌, വെള്ളിപളുങ്കും കക്ഷതെടുത്തുവെച്ച് കട്ടിളപ്പടി താണ്ടി മുന്നോട്ടു നടന്നു. പുറകെ അമ്പുവിൻറെ ഭാര്യ, മക്കൾ, മരുമക്കൾ, പേരക്കിടാങ്ങൾ.. എല്ലാവരുടെ കൈയിലും പളുങ്ക് മിഠായിയുണ്ട്. മനു അവരുടെ പോക്കും വരവും ഉറ്റുനോക്കിക്കൊണ്ട് രാപകലുകളില്ലാതെ ഉമ്മറത്തിരുന്നു.
കല്യാണ ഉറുമ്പുകൾ...

"അമ്പു ഇന്നെന്താ ഇത്ര  ധൃതില്... ? "
അമ്പു പിന്തിരിഞ്ഞ് വായുവിൽ ഒരു വൃത്തം വരച്ച് നെറുകെ  ഖണ്ഡിച്ചു.
ഉത്തമൻറെ മോളുടെ കല്യാണം. കുടിപുറപ്പാടിന് രണ്ടു കാളവണ്ടിയുള്ളൂ. വേഗം പോയാല് ഇടം പിടിക്കാം. പുറകെ വന്ന പേരൻറെ മൂക്കൊലിച്ചതും ട്രൌസേറഴിഞ്ഞതും ഒരേ സമയം. ട്രൌസറ് കയറ്റണോ മൂക്കു പിഴിയണോ?? ഒടുവിൽ രണ്ടും ചെയ്യാതെ അമ്പുവിൻറെ പുറകെ ഓടി.
അങ്ങനെ ഓരോ നാളും ഓരോ കല്യാണം. വയറു നിറച്ച് സദ്യ. അമ്പുവും വംശവും പെറ്റു പെരുകി.
കല്യാണ ഉറുമ്പുകൾ.....

"ഇന്ന് നല്ല മഴയാണല്ലോ മ്പു .. പോണോ ..?  "
അമ്പു കട്ടിളപടിയിൽ കയറി നിന്ന് കൈയോരം നെറ്റിയിൽ ചേർത്ത് വെച്ച് മഴയെ ചെറുത്തു നോക്കി. പോകാതെ പറ്റില്ലല്ലോ.! ഇന്ന് മനുവിൻറെ ഭാര്യയുടെ കല്യാണമല്ലേ ..?
"അമ്പു പോകണ്ട.. നല്ല മഴയാ .."
സാരമില്ല
"എന്നാ നിക്ക്‌..  ഞാനും വരണ്... "

കല്യാണ വീടെത്തിയതും ഉറുമ്പുകൾ അച്ചടക്കം പാലിച്ച്  ഒരു മൂലയിലൊതുങ്ങി നിന്നു. മനു അമ്പുവിനോട് ചോദിച്ചു.
"എന്ന്നേം  ഉറുമ്പാക്കാമോ?? എന്നെ കണ്ടാല് വ്ടെ കല്യാണം മൊടങ്ങും. "
അമ്പു താടിക്ക് കൈക്കൊടുത്ത് ആകാശത്തെക്ക് ചിന്തകൾ പായിച്ചു. ഭാര്യ തിനമണിയോട് എന്തോ കുറുകി. ശേഷം മനുവിനെ നോക്കി തള്ളവിരൽ ഉയർത്തി ക്കാണിച്ചു. അങ്ങനെ മനുവിനും വരിയിൽ ഇടം കിട്ടി.

"ഇവിടെ ഇത്തിരി അച്ചാറിട്ടേ.. "
ആരോ ഓടി വന്ന് ഒരു ചെറിയ ഇലയിൽ അച്ചാറിട്ടതും ഒരു നുള്ള് മുളക് താഴെ കല്യാണ ഉറുമ്പുകളുടെ നിരക്ക് മേലെ വീണെരിഞ്ഞു. ഫിറോമോണുകൾ ദ്രവിച്ചുപ്പോയി. കൂട്ടം തെറ്റിയ ഉറുമ്പുകൾ നാലുപാടും ചിതറിയോടി കാണുന്ന മരക്കാലുകളിൽ കടിച്ചു തൂങ്ങി. വേദനക്കൊണ്ട് പുളഞ്ഞ ദേഹണ്ണക്കാരുടെ കൈയ്യിൽ നിന്നും തോരനും പാലടയും വിരുന്നുക്കാരുടെ പുതുമോടിയിൽ വീണ് കറ പിടിച്ചു.
അടി.
ഇടി..
ബഹളം...
സദ്യ നിന്നു. പന്തലു വീണു. കല്യാണം മുടങ്ങി.

മനുവുറുമ്പ് ചുമരിൽ കയറി. അവിടെ നിന്നും പഴയ ഭാര്യയുടെ തടവളയിലേക്ക് എടുത്തു ചാടി. പിന്നെ മെല്ലെ ഇഴഞ്ഞ് പെണ്ണിൻറെ കാതിലെത്തി.

"എൻറെ  ആദ്യ ഭാര്യയെ,, ഞാൻ മനുവാണ്.... "
പെണ്ണ് ഉറുമ്പിനെ കൈയിലെടുത്ത് സൂക്ഷമായി നോക്കി. കഴുത്തിൽ കാക്കപ്പുള്ളിയുണ്ട്. മനു തന്നെ.
"അച്ഛാ, ദാ ഈ ഉറുമ്പാണ് കല്യാണം മുടക്കിയത്.. "

ആരൊക്കെയോ ചേർന്ന് വഴക്ക് ശമിപ്പിച്ചു.  ആരൊക്കെയോ ചേർന്ന് പന്തല് പിന്നെയും ഉയർത്തിക്കെട്ടി. കുറി കൈ മാറി. വരൻ വധുവിൻറെ കഴുത്തിലോട്ടു താലിമാല നീട്ടിയപ്പോള് പൂജാരി ഹോമകുണ്ടത്തിലേക്ക് നെയ്യും എണ്ണയും നേദിച്ചു. ആളിക്കത്തിയ തീയ്യിൽ പേരനൊഴികെയുള്ള അമ്പുവിൻറെ വംശാവലി വെന്തു മരിച്ചു. വെള്ളിപളുങ്കുകൾ മാത്രം അങ്ങിങ്ങായി ചിതറി കിടന്നു.

ബോധമറ്റ മനുവിൻറെ മൂക്കിൻ തുമ്പിൽ അമ്പുവിൻറെ പേരമകൻ ആഞ്ഞൊരു കടി വെച്ചു. മനു ഉണർന്ന് വധുവിനെ തേടി. അവനു തോന്നി, അവനിപ്പോൾ ശരിക്കും ഒരു ഉറുമ്പാണ്. കല്യാണ ഉറുമ്പ്‌. ഇനി ലോകം അവളുടെ നാഭിയിലാണ്. അമ്പുവിൻറെ പേരൻ എത്ര പറഞ്ഞിട്ടും മനു സ്വയം തിരിച്ചറിഞ്ഞില്ല. ആ മനസ്സ് ആദ്യ ഭാര്യയുടെ പൊക്കിൾ ക്കുടിയിൽ വിശ്രമം പൂണ്ടു കിടന്നു. അമ്പുവിൻറെ പേരൻ പുതിയൊരു വംശാവലി തീർക്കാൻ കട്ടിളപ്പടിയിൽ പെണ്ണിനെ തിരഞ്ഞ് നിന്നു.
കല്യാണ ഉറുമ്പുകൾ....

Night_raiN 

Comments

Popular Posts