ഇരുൾ

മഴ പെയ്യുമ്പോൾ ചിലപ്പോഴൊക്കെ, വേടർ ഏൽപ്പിച്ച മുറിവുകളിൽ നിന്ന് ഒരിറ്റ് കണ്ണീർ കിനിയും. 
ഓരോ കുറിയ പക്ഷികളും ഓരോ മുറിവിലും ഒരുപാട് ഓർമ്മകൾ തുന്നിക്കെട്ടിവെച്ചിരുന്നു. 

മഴച്ചീളു വീണ മുറിവിലെ ഓർമ്മകൾ മഴത്തുള്ളിയോട് ചേരുന്നു. 
ആ ഓർമകൾ മഞ്ഞുപുകയായ് ഉയർന്ന് ആകാശപഥങ്ങളിൽ  കടന്നു ചെന്ന് ഈ കുറിയ പക്ഷികളുടെ കഥ ചൊല്ലുന്നു.

മാനം തീരാനോവുകൾ ഏറ്റെടുത്ത് ആർദ്രമായ ഓർമ്മകളെ മാത്രം തിരിച്ചയക്കുന്നു.
മഴ പെയ്യുമ്പോൾ മാനം ഇരുളുന്നത് അതിനാലത്രേ, 

മഴ ഓർമ്മകളുടെ പെയ്ത്താണ് സഖീ...
മഴത്തരികളിലെ ഈ തണുപ്പ്, 
ഇക്കാലമത്രയും ഭൂമിയിൽ വസിച്ച കുറിയ പക്ഷികളുടെ ഹൃദ്യമായ ഓർമ്മകളാണ്.

പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്.
ഒരു മഴ ഭൂമിയിൽ നിന്ന് ആകാശത്തിലോട്ട് പെയ്തിരുന്നുവെങ്കിൽ,
ഈ ഇരുട്ടിന് അസഹ്യമായ ചൂടാണ്.
ഇവിടെ ഞാൻ ഉരുകുകയാണ്.

രാത്രിമഴ.



Comments

Popular Posts