നൂറാമത്തെ കുറിപ്പ്.

അന്നു നാം വഴക്കു കൂടി..
പൊട്ടി വീണ നിൻ വളപ്പൊട്ടുകൾ,
തിരിച്ചു നല്കാം എല്ലാമിനി,
തിരഞ്ഞു മടുക്കേണ്ട...
ആ കൂർത്ത മുനയിലെൻ,
പാഴ്സ്വപ്നങ്ങളുണ്ട്.
കൈത്തണ്ടയിലെ രക്തക്കറയുണ്ട്.


നിനക്കു വേണ്ടി ഞാൻ, 
എന്നോടു തന്നെ ചെയ്യുമീ, യുദ്ധമാണിന്നുമെൻ പ്രണയം. 
ചോര പൊടിയാത്തത് ദേഹം
വിറങ്ങലിച്ചു പോയതിനാലത്രെ. 
കണ്ണുനീരോ?
എനിക്കു കണ്ണുകളുണ്ടോ?
നിന്നെ അന്ധമായി പ്രണയിച്ചവനല്ലേ?

തിരിച്ചെത്തുമോ നീ?
ഒരു പൂവ് മതി .
നിൻ മുടിയിൽ ചൂടി 
നിറം കെട്ടു പോയതായ്കിലും,,,
ഒരു തിരിനാളം,. 
ഒരു തുള്ളി വെട്ടം ചൊരിഞ്ഞാലും,,

മാംസം തുരന്ന് ഇല്ലികൾക്കിടയിൽ നിന്നുമീ ഹൃദയം കവരൂക. 
ചുവന്ന കടലാസ്സു പൂക്കളാൽ മറച്ച്
ഉത്തരീയത്തിൽ കെട്ടി
ശവപ്പറമ്പു വിടുക, 
പിന്തുടരുന്ന ചെമ്പോത്തുക്കൾക്കെൻ
രക്തം തളിച്ച കടലാസ്സു പൂക്കളൂട്ടുക.

മഴ തല്ലിമെതിച്ചിട്ട, 
നാം കണ്ടുമുട്ടിയിരുന്ന,
ഇടവഴിയുടെ തുഞ്ചത്ത്
അരക്ക് പുണ്ണുപിടിച്ചൊരാൽമരമില്ലേ?
ആ മരപ്പൊത്തിലിന്നും
നമ്മുടെ കൗമാരത്തിന്റെ ശ്വാസോച്ഛാസമുണ്ട്.
എന്റെ യുദ്ധങ്ങൾ അവസാനിക്കട്ടെ,
എന്റെ ഭ്രാന്തുകൾ തീരട്ടെ,
പുനർജനിക്കു മുൻപെ ഇനി - 
തെല്ലു മയങ്ങണം.
ഇവിടെ,
നിൻ ശ്വാസത്തിലമർന്നുക്കൊണ്ടു തന്നെ 
നിന്നെ മറക്കണം,

വളപ്പൊട്ടുകൾ എടുത്തുകൊൾക,

ഡാനി.

Comments

Popular Posts