ദേവയാനി

ദേവയാനി











       

         ഓരോ രാത്രിയുടെ ഊഴവും അവളുടെ ചിന്തകളിലേക്ക് പറന്നുപ്പൊങ്ങുവാനുള്ള ധവളക്കുരുതി മാത്രമായിരുന്നു. എന്നാൽ, ഇന്ന് എരിഞ്ഞു പൊള്ളുന്ന ശരീരത്തിൽ അവളുടെ മധുരമുള്ള വിയർപ്പുതുള്ളികൾ വീണുക്കെട്ടുമ്പോൾ അവൻ തണുത്തുറയുന്നു. ദേവയാനി അവൻറെ മടിയിൽ തല വെച്ചു കിടക്കുകയാണ്. ആദ്യമായി.. ഒരു പക്ഷെ അവസാനമായും..

        സ്ഥാനം തെറ്റിക്കിടന്ന നീല ബ്ലൗസ്സിൻറെ ഇഴകൾക്കുള്ളിലൂടെ കൈയോടി ച്ച് അവൻ ദേവയാനിയുടെ മാറിടം തരളമായി തലോടി. അവളുടെ കണ്ണുകൾ നനഞ്ഞു കിടന്നിരുന്നു. ദൈവങ്ങൾക്ക് പോലും ഗണിച്ചു നോക്കുവാൻ സാധിക്കാതെ പോയ നീർത്തു ള്ളികൾ.

       ഇപ്പോൾ അവർ രണ്ടു പേരും നന്നേ തളര്ന്നു. ശരീരം വിയർത്തു ചൂടു പിടിച്ചിട്ടും ദേവയാനി അവനോടു പറ്റി ചേര്ന്നു ക്കിടന്നു. അവൻ പുക ഊതി വിട്ടുക്കൊണ്ടിരുന്നു. അവൾ മൃദുലമായി ചിരിച്ചു. പിന്നെ ചോദിച്ചു.

" ഓടുന്ന ട്രിയിനിലിരുന്ന്  രാത്രിയുടെ സൗന്ദര്യം  ആസ്വദിച്ചിട്ടുണ്ടോ  നീ .. ?   "

     അവനു ഉത്തരങ്ങളറിയില്ല. അറിഞ്ഞാൽപ്പോലും പറയുവാൻ കഴിവില്ല. മുഖം മറച്ചു ക്കിടന്ന അവളുടെ ചുരുണ്ട മുടി തുമ്പുകളെ അരിച്ചു മാറ്റി ആ കണ്ണുകളിലേക്ക് അവൻ നോക്കി. ദേവയാനിയുടെ കണ്ണുകൾക്ക്‌ നക്ഷത്രങ്ങളുടെ തിളക്കമാണ്. അവൻ സിഗരറ്റ് കുത്തിക്കെടുത്തി ചാരം മണക്കുന്ന വിരലുകൾക്കൊണ്ട് അവളുടെ കമ്മലിടാത്ത ചെവി തിരുമ്മുവാനാഞ്ഞു. അവൾ ആ കൈ പതിയെ തട്ടി മാറ്റി അവൻറെ ശരീരത്തിൽ നിനും വേർപ്പെട്ട് മേലെ ശബ്ദമുണ്ടാക്കി കറങ്ങുന്ന ഫാനിലെ സുവർണ്ണപ്പൂവിൽ ദൃഷ്ടിയുറപ്പിച്ചു കിടന്നു. ആരോടെന്നില്ലാതെ പറഞ്ഞു.

" രാത്രി കടൽ കര കയറുന്നു. മാമലകൾ തിരമാലകളാകുന്നു. മലകൾക്കപ്പുറത്തു നിന്നും എത്തി നോക്കുന്ന പതിഞ്ഞ വെളിച്ചം തിരയിലെ നുരകളാകുന്നു. തിരക്കും നാം നില്ക്കുന്ന തീരത്തിനുമിടയിൽ കാണുന്ന ദീപങ്ങൾ കരയടിഞ്ഞ നക്ഷത്രമത്സ്യങ്ങളാകുന്നു. ഞാൻ ശ്വാസം നിലക്കാൻ പോകുന്ന  ഒരു പൊടി മീനും. "

       അവൻ അവളെ കൗതുകത്തോടെ നോക്കി. അവൾ പുഞ്ചിരിച്ചു. അവൻറെ ജീവിതത്തിൽ ആരാലും പകരം വെക്കാൻ കഴിയാതെ പോയ ആ പഴയ പുഞ്ചിരി. കിടക്കയിൽ നിന്നും എണീച്ച് അവർ വസ്ത്രങ്ങൾ മാറി. ദേവയാനിയുടെ നെറ്റിയിൽ സ്ഥാനം തെറ്റിക്കിടന്ന വലിയ ചുമന്ന പൊട്ട് പറിച്ചെടുത്ത് അവൻ സ്വന്തം കൈക്കുമ്പിളിൽ കുത്തി വെച്ചു.

        ട്രെയിനിലെ ലോക്കൽകമ്പാർട്ട്മെന്റിൽ നീളൻ സീറ്റിൻറെ ജനാലക്കരികിൽ ഇരുവശത്തുമായി അവർക്ക് ഇടം കിട്ടി. ദേവയാനി ചെരുപ്പുകളഴിച്ച്  കാൽപടം അവൻറെ പാദത്തിനു മേലെ അമർത്തി വെച്ചിരുന്നു. അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി, കൈവിരലുകളിലേക്ക് നോക്കി, കാൽവിരലുകളിൽ രണ്ടാമത്തേതിലണിഞ്ഞ ചെമ്പു മോതിരത്തിൽ നോക്കി അങ്ങനേയിരുന്നു.

       അവൾ പറഞ്ഞു.

   "എനിക്ക് കടൽ കാണണം.. "
 
        ദേവയാനിയുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുക എന്നതു മാത്രമാണ് തൻറെ നിയോഗമെന്ന് അവൻ കരുതുന്നു. അവനു ചെയ്തു തീര്ക്കുവാൻ ഈ ഭൂമിയിൽ വേറെ കർമ്മങ്ങളില്ലതാനും. കൈയ്യിലുണ്ടായിരുന്ന തുണിസഞ്ചി സീറ്റിൽ വെച്ച് ഉറങ്ങിക്കൊണ്ടിരുന്ന സഹയാത്രികരെ ബുദ്ധിമുട്ടിക്കാതെ അവൻ ദേവയാനിയേയും കൂട്ടി ഡോറിലേക്ക് നടന്നു. ഡോറിലെത്തിയതും അടുത്ത ട്രാക്കിൽ അതിവേഗത്തിൽ പാഞ്ഞെത്തിയ മറ്റൊരു ട്രയിനിൻറെ ഇരമ്പലിൽ ഭയന്ന് അവൾ അവൻറെ നെഞ്ചോട്‌ ചേർന്ന് മുഖം മറച്ചു. ഒരു ഞൊടിയിലെ ചുംബനം.. ഒരായിരം വർഷങ്ങൾ നീണ്ടു നിന്ന പോലെ... ട്രയിനിൻറെ വേഗത കൂടിക്കൊണ്ടിരുന്നു. പാളം മാറുമ്പോൾ മിടിക്കുന്ന ചങ്കിനോടൊപ്പം അവർ ഡോ റിൽ ആടിയുലഞ്ഞു. ദേവയാനിയുടെ വലം കൈക്ക് വിശ്രമമില്ല; മഞ്ഞു വീശിയടിച്ച ക്കാറ്റിൽ മുഖം മറക്കാൻ ധൃതി പ്പൂണ്ട ചുരുണ്ടമുടിക്കൂട്ടങ്ങളെ ചെവിക്കു മേലോട്ട് ഒതുക്കി വെക്കുകയാണ്. ആ കയ്യിൽ അവനു മുത്തമിടാൻ തോന്നി. ആരും കാണുന്നില്ലെന്നുറപ്പുവരുത്തി അവൻ അവളുടെ പിൻക്കഴുത്തിൽ പിടിച്ച് തന്നോടടുപ്പിക്കുവാൻ ശ്രമിക്കവേ അവൾ തടഞ്ഞു.

   "നിനക്ക് കാണേണ്ടേ കടൽ.. ? നീ അറിയുന്നുണ്ടോ കടലിനെ ...?

ദേവയാനി, നീയാണെൻറെ ഉപ്പുക്കടൽ. മനസിലെ ഓർമകളെ നീറ്റി നീറ്റി തല്ലുന്ന നിൻറെയീ ചുരുണ്ടമുടിയാണ് നീ എന്ന കടലിലെ നുര പതഞ്ഞു പൊങ്ങാത്ത തിരമാലകൾ. അവൻ പറഞ്ഞില്ല. അവൻറെ മനസ്സു പറഞ്ഞു. അതറിഞ്ഞെന്ന പോലെ അവൾ തുടര്ന്നു.

      "നീ കാണുന്നുവോ ഓടിക്കൊണ്ടിരിക്കുന്ന ഈ മലനിരകൾ...?  രാത്രി കടൽ കര കയറുന്നു. മാമലകൾ തിരമാലകളാകുന്നു. മലകൾക്കപ്പുറത്തു നിന്നും എത്തി നോക്കുന്ന പതിഞ്ഞ വെളിച്ചം തിരയിലെ നുരകളാകുന്നു. തിരക്കും നാം നില്ക്കുന്ന തീരത്തിനുമിടയിൽ കാണുന്ന ദീപങ്ങൾ കരയടിഞ്ഞ നക്ഷത്രമത്സ്യങ്ങളാകുന്നു.ഞാൻ ശ്വാസം നിലച്ചുക്കൊണ്ടിരിക്കുന്ന ഒരു പൊടി മീനും.."

    ആ കണ്ണുകളിൽ എന്തിനോടോ മറച്ചുവെച്ചൊരു കൊതി തെളിഞ്ഞു വരുന്നപ്പോലെ അവനു തോന്നി. വാക്കുകൾക്കിടയിൽ കയറി അവൻ അവളുടെ കഴുത്തിനു പുറകെ കൈ വെച്ചു. മറ്റൊരു ട്രെയിൻ കൂടെ കടന്നു പോയി. കാഴ്ചക്കാരനു അർത്ഥമറിയാൻ സാധിക്കാതെ പോകുന്ന മറ്റൊരു ചുംബനം.

   ആ ചുംബനത്തിനു ശേഷം സിഗരട്ടെടുക്കാനായി അവൻ സീറ്റിലോട്ടു നടക്കവേ, അവൾ അവൻറെ കൈ കടന്നു പിടിച്ചു.

"   ഇനിയെങ്ങനെ ഞാനെൻറെ കുഞ്ഞിനു പാലൂട്ടും.. ഈ മാറിടങ്ങൾ ഇന്ന് അശുദ്ധമല്ലേ...?
    ഇനിയെങ്ങനെ ഞാനെൻറെ ഭർത്താവിനെ ചുംബിക്കും.. ഈ അധരങ്ങൾ അശുദ്ധമായില്ലേ..?  "

    ദേവയാനിയുടെ കവിളിൽ ഒരിറ്റു കണ്ണീർ വരയപ്പെട്ടു. അവൻ അവളെ നെഞ്ചോടടുപ്പിച്ച് മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.

     " നീ ഓർക്കുന്നില്ലേ നിൻറെ നെറ്റിയിൽ സിന്ദൂരക്കറ വീഴും മുന്പെയുള്ള പതിനൊന്നര വർഷ ക്കാലം. നാം പരസ്പരം തൊടാതെ പ്രണയിച്ചു സ്വപ്‌നങ്ങൾ പെറ്റുക്കൂട്ടിയ കാലം.. ആ പ്രണയത്തിൻറെ വിശുദ്ധി നിന്നെ കാക്കും.. "

    തീവണ്ടി ചക്രങ്ങളിൽ നിന്നും ഇരമ്പൽ താളങ്ങൾ മുന്പോട്ടും പിന്പോട്ടും പാഞ്ഞു. കാറ്റിലെ തണുപ്പ് അവരെ അല്പം കൂടെ ചേർത്ത് നിർത്തുവാൻ ശ്രമിച്ചു. എന്നാൽ, അവൻ അവളിൽ നിന്നും വേർപ്പെട്ട് സിഗരറ്റിനായി സീറ്റിലോടട്ട് തിരിഞ്ഞു നടന്നു. ദേവയാനി തൻറെ തിരമാലകളെ നോക്കി ഡോറിൽ ചാരി നിന്നു.

    സഞ്ചിയിൽ നിന്നും സിഗരറ്റ് കൂടെടുക്കുംപോൾ അവൻ ജനാലിലൂടെ പുറത്തേക്കു നോക്കി. ട്രെയിനിലെ വെളിച്ചം പുറത്ത് വീണ്  മണ്ണിൽ മറ്റൊരു നിഴൽ തീവണ്ടി സമാന്തരമായോടുന്നു. അവൻ അകലെ നോക്കി.

     മലകൾ, മലഞ്ചെ രിവുകൾ..
     അല്ല.
     തിരകൾ തിരമാലകൾ..
     തന്നെ വിഴുങ്ങാനൊരുങ്ങി പുറപ്പെടുന്ന കൂറ്റൻ തിരമാലകൾ.....

    നഷ്ടപ്പെട്ടുവെന്നുറപ്പിച്ചു തന്നെയാണ് അവൻ തിരിച്ചോടിയത്. ഓടുന്ന വഴിയിൽ കൈയിലെ സിഗരട്ട്കൂട് താഴെ വീണു പോയി. അറിയാതെ ചവിട്ടിയ കാലുകളുടെ ഉടമസ്ഥർ ഉറക്കനഷ്ടത്തിൽ മുറുമുറുത്തു. കാറ്റിലെത്തിയപ്പോൾ അവിടെ ദേവയാനി ചാരി നിന്നിരുന്ന ഡോർ ശ ക്തമായി ആടിയുലയുന്നുണ്ടായിരുന്നു. അടുത്ത് കണ്ണാടിയിൽ ഒരൊറ്റ ചുരുണ്ടമുടി ലകഷ്യമില്ലാതെ പാറി കളിക്കുന്നു. അവൻ ഡോറിൻറെ ഇരു കമ്പികളിലും കൈകൾ കോർത്തു പിടിച്ച് അകലേക്ക്‌ നോക്കി. ശരിയാണ്...

     രാത്രി കടൽ കര കയറുന്നു. മാമലകൾ തിരമാലകളാകുന്നു. മലകൾക്കപ്പുറത്തു നിന്നും എത്തി നോക്കുന്ന പതിഞ്ഞ വെളിച്ചം തിരയിലെ നുരകളാകുന്നു. തിരക്കും നാം നില്ക്കുന്ന തീരത്തിനുമിടയിൽ കാണുന്ന ദീപങ്ങൾ കരയടിഞ്ഞ നക്ഷത്രമത്സ്യങ്ങളാകുന്നു. അവൾ, ദേവയാനി.... ശ്വാസം നിലച്ചു പോയ  ഒരു പൊടി മീനും....

     കൈക്കുമ്പിളിൽ നിന്നും എപ്പോഴോ അടർന്നു വീണ ദേവയാനിയുടെ വലിയ ചുവന്ന പൊട്ട് അന്വേഷിച്ചു കണ്ടെത്തുവാൻ ഒരായുസ്സിൻറെ പാതി ഇനിയും ബാക്കിയുണ്ട്. അവൻ ആശ്വസിച്ചു..  


Night_raiN

Comments

Popular Posts