അയപ്പനേയാണെനിക്കിഷ്ടം

മുറിവില്ലാതെ ചോര വാർന്നോരാൽ  















നനഞ്ഞ മണ്ണും നിറഞ്ഞ വയലുമുള്ള ഉൾനാടൻ ഗ്രാമത്തിൻറെ മടിയിൽ ഞാറുഴിഞ്ഞ് പുളയുന്ന നീർക്കോലികളെ നോക്കി കവി വരമ്പിലൂടെ നടന്നു. ഒടുക്കം നേരിൽ കണ്ട കൊറ്റികളോടും അസ്തമിക്കാനൊരുങ്ങി നില്ക്കുന്ന സൂര്യനോടും അയാൾ ചോദിച്ചു.

ജീവിതത്തിലേക്കുള്ള വഴി ഏതിലേയാണ്...?

ഉത്തരമില്ല. പ്രപഞ്ചതാളം തല്ലി പഠിപ്പിച്ച ചെയ്തികളിൽ നൂലിഴ വ്യത്യാസമില്ലാതെ അവ ദേശാന്തരങ്ങളിലേക്ക് മറഞ്ഞു.

ചൊമലഹാരമണിഞ്ഞു സഖാക്കളുടെ തോളിൽ നാടു പ്രദക്ഷിണം ചെയ്യവേ നടപ്പാതയിൽ കണ്ട വിലാപയാത്രയിലെ ജഡത്തിൻറെ മുഖമറ ഉയർത്തി നോക്കി കവി ചോദിച്ചു.

ജീവിതത്തിലേക്കുള്ള വഴി ഏതിലേയാണ്...?

അമ്മക്ക് ഇനി വേണ്ടത്‌ ചോദ്യങ്ങളല്ല. ഇനിയൊരിക്കലും ഉത്തരമരുളാത്ത  വായിൽ കോരിയിടുവാൻ കീടനാശിനി തെളിക്കാതെ പോയ  ഒരു പിടി പച്ചരിയാണ്. 

 നിറങ്ങളായി വന്ന് ഒടുക്കം നിഴൽ മാത്രമായി മാറിയ ജെന്നിയെ കണ്ട്  കവി ഒരിക്കൽ ചോദിച്ചു. 

ജീവിതത്തിലേക്കുള്ള വഴി ഏതിലേയാണ്...?

മൗനം. നഷ്ട പ്രണയത്തിൻറെ അകകാമ്പിൽ അമറി തളരുന്ന വേദനയുടെ പ്രതി ധ്വ നികൾ.. 

ദേശാടനങ്ങളുടെ മറ പിടിച്ച് ചൊല്ലി മുഷിഞ്ഞ കവിതകളെ പൈസയായി  സ്വരുക്കൂട്ടി, കുപ്പായക്കൈമടക്കിൽ കാത്തു വെച്ച് കാതങ്ങളകലെ വിട്ടൊഴിഞ്ഞ സ്വപ്നങ്ങളേയോർത്ത് കുടുസ്സു മുറിയിലെ ഏകാന്തതയെ രമിച്ചുക്കൊണ്ട് മേശവിളക്കിനോടു ചോദിച്ചു. 

ജീവിതത്തിലേക്കുള്ള വഴി ഏതിലേയാണ്...?

വിളക്ക് പിന്നീട് ചിമ്മിയില്ല. ഇനിയൊട്ട് ചിമ്മുമ്മെന്ന് തോന്നുന്നുമില്ല. 

പ്രഭാവലയങ്ങൾക്കുള്ളിൽ തല കുമിഞ്ഞിരുന്ന് കഞ്ചാവിൻറെ പടവിൽ സർഗാത്മകതയെ വെല്ലു വിളിച്ച ജോണിൻറെ കല്ലറയോട് ചോദിച്ചു. 

ജീവിതത്തിലേക്കുള്ള വഴി ഏതിലേയാണ്...?

തിളയ്ക്കുന്ന വായുവായി കല്ലറക്ക് മുകളിൽ ഉയിര്ത്തെഴുന്നേൽക്കുന്ന  ജോണിൻറെ ആത്മാവിന് ഇന്ന് ശബ്ദം വശമല്ല. 

ജീവിതത്തിലേക്കുള്ള വഴി ഏതിലേയാണ്...?
ജീവിതത്തിലേക്കുള്ള വഴി എവിടെയാണ്...?

മനസ്സിൻറെ ചുമരുകളിൽ പിന്നെയും ചെമല പട്ടുടുത്ത തീണ്ടാരി തെയ്യങ്ങൾ ഉറഞ്ഞു തുള്ളുന്നു. കുനിഞ്ഞു കുത്തിയ ശരീരത്തിലെ ചഷകം കലർന്ന വിയർപ്പ് തുള്ളികൾ ഒട്ടിക്കിടന്ന നാറും വസ്ത്രങ്ങൾ കീറി പറിച്ച് കവി തെരുവിൽ കണ്ടവരോടെല്ലാം ചോദിച്ചു. 

ജീവിതത്തിലേക്കുള്ള വഴി ഏതിലേയാണ്...?
പറയൂ ..
ജീവിതത്തിലേക്കുള്ള വഴി ഏതിലേയാണ്...?

ആകാശമേ പറ, ഭൂമിയെ പറ..
കൊള്ളിമീനുകളെ പറ.. മണൽത്തരികളെ പറയുവിൻ..
ഹാ മദ്യമേ, മധു ചഷകമേ പറ..
ജീവിതത്തിലേക്കുള്ള വഴി ഏതിലേയാണ്...?

നഗരം.... ഗ്രാമം... കാട്.. അരുവി. അരുവിയുടെ അങ്ങേ തലക്കലാണ് ജലം പറക്കുവാൻ ശീലിക്കുന്നത്.  വഴുക്കൻ പാറയുടെ മേലെ കയറി നിന്ന് അളന്നെടുക്കാനാവാത്ത ആഴത്തിലോട്ടു നോക്കിയപ്പോൾ കവി മരണത്തെ കണ്ടു. മുന്പേ നദിയിൽ മരിച്ചു വീണ നക്ഷത്രങ്ങളെ നോക്കി കവി ചോദിച്ചു.

എൻറെ മരണമേ പറ, ജീവിതത്തിലേക്കുള്ള വഴി ഏതിലേയാണ്...?

മരണത്തിനറെ തുടക്കത്തിനും ഒടുക്കത്തിനുമിടയിൽ സുദീർഘ മായൊരു സമയമുണ്ട്. സ്വപ്നവീചികളുടെ ദൈർഘ്യം പോലെ..  ആഴങ്ങളിൽ ചെന്നെത്തുന്നതിനു മുന്പ് കവി അക്ഷരങ്ങളെ ധ്യാനിച്ച്‌ വരുത്തി അവസാന കവിതയെഴുതി. വരികൾ  പൂർത്തി യാക്കും മുന്പേ കാലിൻറെ പെരു വിരലിൽ നിന്നും തണുപ്പ് മേലോട്ട് പടർന്നു കഴിഞ്ഞിരുന്നു. അന്നേരം കവിയുടെ ഹ്രദയ തുടിപ്പി നറെ രേഖാ ചിത്രം ഇതു പോലെയായിരുന്നു...... 

അമ്പ് ഏതു നിമിഷവും മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത് അഞ്ചെട്ടുപേര്‍ കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന് ഒരു ഗര്‍ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി 


എൻറെ പ്രിയ കവി,, നിന്നെ നീയായി പടച്ചു വിട്ട ദൈവത്തിനെ ആരാധിച്ചതിനു മാപ്പ്. വ്യഥക്കുമേൽ വ്യഥയാൽ നിൻറെ ജീവിതം കയത്തിലാഴ്ത്തിയ ദേവഗണങ്ങളെ പൂജിച്ചതിനു മാപ്പ്. നിന്നെ സ്നേഹിക്കാതെ നിൻറെ കവിതകളെ മാത്രം സ്നേഹിച്ചു പോറ്റിയ പുലയാടിമക്കളുടെ കൂട്ടത്തിലൊരുവനായി പോയതിന് മാപ്പ്. നിൻറെ പ്രണയവും ചുവപ്പും വിറ്റു കാശാക്കിയ പ്രസാധകരിലും മാധ്യമ പുഴുക്കളിലും ബഹുമാനത്തിൻറെ അംശമുണ്ടെന്നു തെറ്റിധരിച്ചതിന് മാപ്പ്. നിന്നെ അറിഞ്ഞും അറിയാതെ ഭാവിച്ചവർക്കിടയിൽ ജീവിക്കുന്നതിന്‌ മാപ്പ്. ഇന്നു നിന്നെ അറിയാതെ ജീവിക്കുന്നവർക്കിടയിൽ ജീവിച്ചു തീരുന്നതിനും മാപ്പ്..  
എവിടെയാണെങ്കിലും നീ ചില്ലു പാത്രത്തിൽ മദ്യം നിറച്ച് ഒഴിച്ചു കൊള്ളുക. ഞാൻ എത്തിയിരിക്കും.. അല്പം വൈകിയാണെങ്കിൽ കൂടി.. ലഹരികളുടെ നീര് കടമ്പകളിൽ തല നനച്ച് സര്ഗസൃഷ്ടികളുടെ മുനമ്പിൽ നീ ഓർത്തോർത്തു പാടുന്ന നിൻറെ കവിത കൽ കേൾക്കാൻ മരണം തൊടാത്ത  കാതുകളുമായി ഒരു നാൾ ഞാൻ എത്തിയിരിക്കും; തീര്ച്ച.











about one of my favourite malayalam poet A. Ayappan

Night_raiN

Comments

Popular Posts