ഗന്ധങ്ങൾ തേടി

തെറ്റിന് ഒരു ഗന്ധം. ശരിക്ക് മറ്റൊരു ഗന്ധം..

ഗന്ധങ്ങൾ തേടി


  നെറുകിൽ സാമ്പ്രാണി കത്തുന്നു. പിന്തിരിഞ്ഞു നോക്കിയപ്പോൾ വന്ന വഴി അറ്റംമുട്ടി കിടക്കുന്നത് അമ്മയുടെ മുലക്കകണ്ണുകളിൽ.  അവിടമാകം ചെന്നിനായകത്തിൻറെ ഗന്ധം, മനം പുരട്ടിച്ച ആദ്യ ഗന്ധം.. അഴലോടിച്ചു വിട്ട വഴിത്താരയിലെ അടുത്ത ഗന്ധം ഈസലിൽ ഉയർത്തി വെച്ച ക്യാൻവാസിൽ വരച്ച ചിത്രങ്ങളുടേതായിരുന്നു. പ്രകൃതിക്ക് പച്ച ചായത്തിൻറെ ഗന്ധം. വിപ്ലവത്തിന് ചുവപ്പിൻറെ ഗന്ധം. സമാധാനത്തിന് ഗന്ധമില്ല. എനിക്ക് മുൻപേ ആരോ ക്യാൻവാസിൽ വെള്ള ചായം പുരട്ടി നിറച്ചിരിക്കുന്നു. നിഴൽ മാത്രമായി നടക്കാനാഗ്രഹിച്ച കിളിയ്യൌവ്വനം പുതുനാമ്പ് മൊട്ടിട്ടപ്പോൾ  കാടു കയറിയ മനസ്സിന് കരിമഷിയുദെ മടുപ്പിക്കാത്ത ഗന്ധം ഇഷ്ടമായി. അത് കരിനിലാവിൻറെ വീട്ടിൽ നക്ഷത്ര ജാലകങ്ങൾ തുറന്നിട്ട്‌ എന്നെ മാത്രം കാത്തിരിക്കുന്ന ജാനകിയുടെ മിഴിമുനകളിൽ നിന്നുമാകണമെന്നു മാത്രം വാശി പിടിക്കുകയും ചെയ്തു.  

  ഏങ്ങലടിച്ചു വന്ന ഏമ്പക്കങ്ങളിൽ മദ്യത്തിൻറെ രൂക്ഷഗന്ധം ഞാനറിയും മുന്പേ ഉടപ്പിറന്നോരറിഞ്ഞു. വീടിറക്കി വിട്ട പാതിരാനേരത്തിൽ പാതിരാക്കാറ്റിലന്നു പാതിരാപക്ഷികളുടെ വിയർപ്പിൻറെ ഗന്ധം. അവർ തലയിൽ ചൂടിയ വാടിക്കരിഞ്ഞ മുല്ലമാലയുടെ ദുർഗന്ധം.  നഗരവാരിധിയിൽ പട്ടിണിക്കിണ്ണവുമായി അലഞ്ഞ നാളുകളിൽ കോർപ്പറേഷൻ പൈപ്പിലെ ക്ലോറിൻ ഗന്ധം. 

  നിറങ്ങളെല്ലാം ഞാൻ പിന്നീട് കറുപ്പിലോതുക്കി. കാലം ആ കറുപ്പ് അന്തരീക്ഷതിലെക്കും വലംകണ്ണിലേക്കും പരത്തി. ലക്ഷ്യങ്ങളില്ലാത്ത യാത്രകൾക്ക് തിരഞ്ഞെടുത്ത തീവണ്ടികളുടെ ലോക്കൽ കമ്പാർട്ട്മെ ന്ടിനു ആവര്ത്തിച്ചറിഞ്ഞ മൂശാടു ഗന്ധം. 

ബോംബെക്ക് ഒരു ഗന്ധം. 
സെക്കന്തരാബാദിന് മറ്റൊരു ഗന്ധം. 
കൽക്കട്ടക്കു വേറൊരു ഗന്ധം. 

ഭൂമി പിളർന്നു വന്ന ഈയാംപാറ്റകൾ സുനോഗച്ചിയിലെ കോളനിവീടിൻറെ ഉമ്മറത്തിരിക്കുന്ന ചിമ്മിനിക്കിണ്ണത്തിൽ ചത്തടിയുമ്പോള് നാസാരന്ധ്ര ത്തിൽ ജനനം ഉറപ്പില്ലാത്ത ശരികളെ തെറ്റുക്കൊണ്ട് കൊല  ചെയ്യുവാൻ മറയിട്ട പച്ചത്തുണിയുടെ മരുന്നു ഗന്ധം. 
വാർദ്ധക്യം തല വെളുപ്പിക്കാൻ തുടങ്ങിയപ്പോൾ പുഷ്കറിൽ പൊയ്വേഷം കെട്ടി അലക്കി വിരിച്ച കാവിക്കുപ്പായത്തിന് പാപത്തിൻറെ ഗന്ധം. കൈക്കുത്തി നടന്ന് ബാല്യം തിരിച്ച് പിടിച്ചു  ഇരന്ന് തിന്നാൻ തുടങ്ങിയ അവസാനനാളുകൾക്കു ജീര്ണിച്ച ഭകഷ്യവശിഷ്ട ഗന്ധം

  തെറ്റുകൾക്ക്  ഒരു ഗന്ധം. ശരികൽക്ക് മറ്റൊരു ഗന്ധം..

ഒടുവിലൊടുവിൽ എൻറെ ആത്മാവ് തിരഞ്ഞ് നടന്ന ഗന്ധം. സാമ്പ്രാണിത്തിരി എരിഞ്ഞ് തീരുന്ന ഗന്ധം. ജാനകിയുടെ അതേ കരിമഷി ഗന്ധം. ഞാനറിഞ്ഞ ഒരേയൊരു സുഗന്ധം...  തെറ്റിലും ശരിയിലും ഉൾപെടുത്താനാകാത്ത ഗന്ധം....

Night_raiN 

Comments

Popular Posts