ഫ്രീ ഹഗ്ഗ്
തണുപ്പിച്ചു വെച്ചിരിക്കുന്ന കുടുസ്സു കാബിനുകളിലേക്ക് കൂട്ടാളികൾ കുതിച്ചു കയറുമ്പോൾ അയാൾക്ക് അമർഷം തോന്നി, അവരുടെ ജീവിക്കുന്ന ശവം ഇരുത്തി വെക്കാനുള്ള ഒരു വലിയ ശവമഞ്ചം മാത്രമാണ് അതെന്ന് അയാൾ വിശ്വസിച്ചു പോന്നു. പ്രപഞ്ചത്തിന്റെ നെറുകയിലേക്കാണ് താൻ നടന്നു കയറുന്നെന്നുള്ള മൂപ്പെത്താത്ത തലച്ചോറിലെ കൂട്ടിമുട്ടാത്ത നാഡികളിൽ മുളച്ചു പൊന്തിയ ആവേഗങ്ങൾ അയാളുടെ തീർത്ഥാടനത്തിന് പാദരക്ഷയിട്ടു. നാടിന്റെ വിളി നിരാകരിച്ച് നല്ലവരുടെ വിടവിലൂടെ കാഷായം ധരിച്ച് കമണ്ഡലുവും തൂക്കി അയാൾ വടക്കോട്ട് യാത്രയായി.
Denial
ഒറ്റ ദശാബ്ദത്താൽ തീർത്തും ഒറ്റയായി, മുടി കൊഴിഞ്ഞു താടി നരച്ച് മുഖം കറുത്ത് വിരൂപനായി. അരികിലേക്കടുക്കും തോറും അകലേക്ക് നീങ്ങുന്ന ഒരു കുള്ളൻ നക്ഷത്രമാണ് പരമസത്യമെന്ന് പലപ്പോഴായി തോന്നി. അന്നേരങ്ങളിൽ തടിച്ച് വീർപ്പുമുട്ടിയ നെറ്റിയിലേയും കഴുത്തിലേയും രക്തധമനികളിലൂടെ ലാവ തിളച്ചു പൊന്തി വന്ന് അയാളുടെ മുഖമാകെ പിന്നേയും പിന്നേയും പൊള്ളിച്ച് പോയിക്കൊണ്ടിരുന്നു.
Bargain
പുറം തെരുവുകളിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളോടും, ശേഷം, പുകച്ചു തുപ്പിയ തെറുപ്പു ബീഡികളോടും ആദ്യമാദ്യം അയാൾ മെല്ലെ സംസാരിക്കാൻ തുടങ്ങി. ഒറ്റ ദിവസംക്കൊണ്ടുയർന്നു പൊങ്ങുന്ന ആകാശമാളികകളുടെ ചുട്ടുപ്പൊളളുന്ന തണലിലൂടെ, ഉരുക്കുക്കരി പുരട്ടിയിട്ട ഒഴുകിയകലുന്ന പാതകൾക്കരികിലൂടെ, തന്നെ പിന്തള്ളി ഭൂമിയുടെ തെറ്റത്തേയ്ക്ക് കാലു നീട്ടി വെക്കുന്ന വലിയ, ഒരുപാട് വലിയ മനുഷ്യരുടെ പാദ ഗർജ്ജനങ്ങളിൽ ചെവി കൊത്തിയടച്ച് അയാൾ തന്നോടു തന്നെ പുലമ്പി പുലമ്പി ഒച്ചിനെപ്പോലെ മെെല്ലെ നീങ്ങി. വിശ്രമമില്ലാതെ വേല ചെയ്യുന്ന, മുഷിഞ്ഞു നാറിയ ഭൂമിയുടെ ചുവന്ന പട്ടുടുപ്പിലെ തിരക്കിനുള്ളിൽ എവിടെയോ അയാൾ ഒച്ചിനെപ്പോലെ മെല്ലെ മെല്ലെ നീങ്ങി നിരങ്ങിക്കൊണ്ടിരുന്നു. അയാളുടെ വായ്ത്താരികൾക്ക് ഘനഗാഭീര്യം കെൈവന്നു.
Anger
നിരങ്ങി നിരങ്ങി ആ ഒച്ച് കടൽത്തീരത്തെത്തി. അക്കരെ ചേരാൻ തോണിയില്ല, തുഴയില്ല. തുഴക്കാരനുമില്ല. ഒച്ചിന്റ ഓടു പൊട്ടി ദുഷിച്ച മണമ്മുള്ള ഒരു ദ്രാവകം അതിന്റെ ശരീരത്തിൽ നിന്നും കടലിലേക്ക് വമിക്കാൻ തുടങ്ങി. അതിനനുസരിച്ചെേന്നോണം വേലിയേറ്റം ശക്തി പ്രാപിച്ച് തീരത്തെ ആക്രമിച്ചുക്കൊണ്ടിരുന്നു.
Depression
നാട് ഒരുപാട് മാറിക്കഴിഞ്ഞിരുന്നു. നാട്യശെൈലിയിൽ ഉയർന്നു വന്ന പൂമരങ്ങൾ ഇറക്കുമതി ചെയ്ത പുൽമൈതാനങ്ങൾ.. ഒറ്റനിറത്തിൽ പണിതെടുത്ത ഒരുപാട് വില്ലകൾ.. ആഴമില്ലാത്ത നീന്തൽക്കുളങ്ങൾ... ചാപ്പലിനരികെ, ഇന്ന് പാസ്റ്റർ നിന്നു പ്രസംഗിക്കുന്നില്ല. അമ്പലാൽത്തറ വലക്കമ്പികളാൽ ചുറ്റപ്പെട്ട് സ്മാരക സൗധത്തിലുൾപ്പെടുത്തിയിരിക്കുന്നു. മാളിനു മുന്നിലെ നീർക്കുഴലുകൾക്കു മുമ്പെ നിന്ന് ഒരു പയ്യൻ ഗിത്താറു തട്ടി ഇംഗ്ളീഷ് പാട്ട് വിറ്റഴിക്കുന്നു.
അയാൾ അവിടത്തെ ടെയിലു പതിച്ച കംഫർട്ട് സ്റ്റേഷനിൽ കയറി തന്റെ ബാഗ് തുറന്നു. കമ്പിളിക്കൊണ്ട് തുന്നിയെടുത്ത ഭീമാകാരമായ ഒരു കുരങ്ങൻ കുപ്പായം. ദ്രുതഗതിയിൽ വേഷം മാറ്റി തെരുവിലേക്കിറങ്ങി.
വഴിയെ രണ്ടായി വെട്ടി എതിർദിശയിലേക്ക് ഒട്ടിച്ചൊതുക്കിയ ചാപ്പലിനു മുമ്പിൽ ചെറിയൊരു ഉദ്യാനമുണ്ട്. അവിടം, കുറച്ചു പേരുണ്ട്.
യോഗ...
ലാഫിങ്ങ് തെറാപ്പി..
ജോഗിംങ്ങ്..
സ്വിംമിംഗ് ക്ലാസുകൾ..
എല്ലാവരും തന്റെ സഹജീവികളാണ്.
എല്ലാവരും തന്റെ കൂടി സഹജീവികളാണ്.
കല്ലിച്ചു കെട്ടിയ കവിളുകളെ മൃദുവായി തട്ടിയുണർത്തി അയാൾ ചിരിക്കുന്ന കുരങ്ങിന്റെ മുഖംമൂടിയണിഞ്ഞു. ചാപ്പലിനു മുന്നിൽ ചെന്നു നിന്ന് തന്റെ സഹജീവികൾക്ക് നേരെ കെൈ വിരിച്ചു നിന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞു.
ഫ്രീ ഹഗ്ഗ്.
Acceptance
മൂടിക്കെട്ടിയ മുഖമറയ്ക്കത്തു നിന്നും മുറവിളിയാർക്കും കേൾക്കാൻ കഴിഞ്ഞില്ല.
വൈകി..
ഒരുപാടു വെെകിയതു പോലെ....
Danny Supertramp.

Comments
Post a Comment