നാലാം മാനം

നീ തനിച്ചല്ല.
നിന്റെയുള്ളിൽ അലയടിക്കുന്ന നീർക്കെട്ടുകൾ അവർ കാണുന്നുണ്ട്. 
നീയറിയാതെ അവർ അതു പകർത്തെടുക്കുണ്ട്.
നിന്നെയോർത്ത് അവർ നീറുന്നുണ്ട്.
നിനക്കു വേണ്ടിയവർ പ്രകൃതിയോട് മത്സരിക്കുന്നുണ്ട്.
നീയൊരാളാൽ ഭൂമി തിരഞ്ഞിറങ്ങാറുണ്ട്.

നാലാം മാനം.

മൂന്നു വർഷം വിശ്വ വ്യവസായ ശാലയുടെ അങ്ങേടത്തുള്ള കുടുസ്സു മുറിയിലിരുന്ന് കംപ്യൂട്ടറിൽ ആവുന്നോളം അക്ഷരങ്ങൾ തുന്നിച്ചേർത്തു. വ്യവസ്ഥാപകരുടെ അനാസ്ഥകളിൽ, കാര്യഭടൻമാരുടെ തണ്ടുതപ്പിത്തങ്ങളിൽ ഒരു നാവുക്കിടാവിനെപ്പോലെ അവൾ പണിയെടുത്തു. മസ്തിഷ്കം മുഷിഞ്ഞു നാറിയതും കണ്ണു കുഴിഞ്ഞ് കടുകുമണിയായതും ഫാക്ടറിയുടെ പുകച്ചുരുളു മൂടി കറുത്തു പോയ വെളുത്ത പ്രാക്കളുടെ ഭയചകിതമായ കുറുകലിൽ നിന്നുമാണ് അവൾ ധരിച്ചറിഞ്ഞത്. ഭരണാധികാരികൾക്ക് പാദോപാസന നടത്തിയ കൂട്ടുമുലച്ചികൾ അവൾക്കു മുമ്പേ ഒന്നാം നിലയിലേക്കും പിന്നീട് ശീതികരിച്ച രണ്ടാം നിലയിലേക്കും കൂടു മാറ്റി. നിദ്ര വേലയെ ഛേദിക്കുന്ന പാർശ്വങ്ങളിൽ ഏരാളൻമാർ കൊഴുമോരു കൊടുത്ത് അവളിലെ നിദ്രയെ മയക്കിക്കിടത്തി.

മഞ്ഞുകാലം ആയാൽ മണ്ണ് നിശബ്ദമാകും. കാതോർത്ത് കിടന്നാൽ കടലരിമ്പം കേൾക്കാം, കടൽവിളക്കിന്റെ വെട്ടം ജനലഴികൾ ഖണ്ഡിച്ച് അകത്തു കയറി ചുമരിൽ കുമ്മായം വീശി പോകും.  
പിന്നേയും വരും. പിന്നേയും  പോകും.  പിന്നേയും വരും. പിന്നേയും പോകും...  
അങ്ങനെ, പുലർ വെട്ടം മാനത്തു നിന്ന് ചിന്നിയടർന്നു വീഴും വരെ, 

കറുത്ത മഞ്ഞ് കറുത്ത രാവിൽ കറുത്ത ഭൂമിക്കു മേലെ ദുഃഖിതർക്കു വേണ്ടി റോന്തുച്ചുറ്റിക്കൊണ്ടിരുന്നു. ജോലി തീർത്ത് രാത്രിയിൽ വിശ്വ തന്റെ കുടിയിലെത്തി. കാലത്ത് കുളിച്ച് തുവർത്തിയ തോർത്തുമുണ്ട് സോഫാ സെറ്റിയിൽ നനവ് പടർത്തിയിരുക്കുന്നു. മുറിയിലെ ഹീറ്റർ ഓൺ ചെയ്ത് ഓക്കാനം പൂണ്ടൊരു കോട്ടാവിയിട്ട് അവൾ തറയിേലേക്ക് കമന്നടിച്ച് വീണു. പൂർത്തികരിക്കപ്പെട്ട അരാജകാവസ്ഥയിലൂടെ  ശുദ്ധീകരിച്ചെടുത്ത ആത്മീയ നിർവൃതി.

The Immeasurable Ecstasy Of Total Anarchism,
വെറേന്തു വിളിക്കണം അതിനെ?

  ചമ്പടത്തിന്റെ വാട മണത്ത് പാകശാലയിലെ പാറ്സൽ കവറുകളിൽ പറ്റിപ്പിടിച്ചിരുന്ന കൊതിയനീച്ചകൾ അവളുടെ ദേഹത്തിനു ചുറ്റും മൂളിപ്പറന്നു.
ആവർത്തിക്കുന്ന ദുർദിനങ്ങൾ, 
ആരുമില്ലായ്മയുടെ അനിശ്ചിതത്വം.

നിദ്ര മറവിയിേക്കുള്ള ഒരു ഒളിച്ചോട്ടം.

ഓടാമ്പലു തള്ളി അമ്മ അകത്തു കയറി. എറെ ദൂരേ പോയാലും എത്ര വെെകി വന്നാലും അമ്മയ്ക്ക് നാളികേരപ്പാലിന്റെ നറുമണമാണ് അന്നും ഇന്നും. വെളുത്ത ചേലയുടെ ഉതിർന്നു വീണ ഒരറ്റം മടക്കി പുറകിലോട്ട് ഇട്ട് അമ്മ ദുഃഖപുത്രിയുടെ ഓരമിരുന്നു. ചെറു പുഞ്ചിരിയോടെ അവളുടെ സ്വപ്നങ്ങളിൽ വർണ്ണങ്ങൾ ഒഴുക്കി. ജടപിടിച്ചു തുടങ്ങിയ മുടിയിഴകളിലെ കറുപ്പ് കളയാതെ കെൈവെള്ളയിൽ കോരിയെടുത്തു.
അച്ഛൻറെ കണ്ണുകളിൽ വിഷാദമുണ്ട്. അച്ഛൻ ആഗ്രഹിച്ചിരുന്നതല്ല. മകളുടെ കയ്യിൽ വന്നു വീണതാണ്  ഈ ജോലി. ആണ്ടുകൾക്ക് മുമ്പ് മകളേയും കൂട്ടി പുലരിമഞ്ഞു തേവാനിറങ്ങുമ്പോൾ പള്ള വിങ്ങി മുട്ടിയ നന്ദനാലിന്റെ കൊമ്പത്ത് ആയിരം വെളുത്ത പ്രാക്കളുണ്ടായിരുന്നു. ലക്ഷങ്ങൾ, കോടികൾ , - കുറുകുമായിരുന്നു. മനുഷ്യൻ പടച്ച ദെൈവങ്ങളോടല്ലാത്ത ഒരു പ്രാർത്ഥന പോലെ,

തുലാമിലെ ഇടിവാളുകൾ മന്നിടം കുത്തി മുറിക്കുമ്പോൾ വെവ്വെളുത്ത പ്രാക്കൾ വിശ്വയുടെ മച്ചിൻ പുറത്തോട്ട് കൂടു മാറ്റും. മയിൽ പ്രാക്കൾ അവളുടെ അച്ഛന്റെ തോളിൽ വന്നിരുന്ന് ആകാശങ്ങളിലെ കഥകൾ പറയും. 

നാലാം മാനം 

തുലാമല്ലാതിരുന്നിട്ടും, ഇടിവാളു മിന്നാതിരുന്നിട്ടും കറന്റ്  പോയി. അമ്മമ്മ ചങ്ങല വിളക്കിൽ നാലു തിരിയിട്ട് കത്തിച്ച് വിശ്വയുടെ ചാരെ വന്നിരുന്നു. മുറിയിലെ ചൂടകന്ന് തണുപ്പേറി തുടങ്ങിയപ്പോൾ അവൾ ഭ്രൂണാവസ്ഥ പൂണ്ട് പിറുപിറുക്കാൻ തുടങ്ങി. അനിയൻ തന്റെ കുഞ്ഞുതൊന്തി ചേച്ചിയുടെ ദേഹം മുട്ടിച്ച് ക്കിടന്നു. അവൾ വീണ്ടും വിറച്ചു മരവിക്കുകയായിരുന്നു. 

ഉറക്കം കെട്ട വിശ്വയുടെ കാലുകൾ തറത്തണപ്പിൽ നീലം പൂണ്ട് കലച്ചുക്കിടന്നു. കൈ നിലത്തൂന്നി അവൾ പതിയെ എണീച്ചു. നാലു മൺച്ചിരട്ടകളിലെ കരി പുരണ്ട നൂലുകൾ എടുത്തു മാറ്റി, അതിൽ കട്ടപ്പിടിച്ച വെളിച്ചെണ്ണ നിറച്ചു. പുതിയ നൂലിൽ തീ തെളിയിച്ച് നാലു ചിത്രങ്ങൾക്കു മുന്നിലും വെച്ച് തലയുയർത്തി നോക്കി. 

നാലു ഫ്രയിമുകളിലും മുഖങ്ങളില്ല. അവൾ സ്വയം കരണത്തടിച്ച് കണ്ണുകൾ തിരുമ്മി വീണ്ടും തലയുയർത്തി നോക്കി. 

അമ്മ, അച്ഛൻ, അമ്മമ്മ, കുഞ്ഞനിയൻ...

ആത്മാവുകൾ ആയിരം പ്രകാശവർഷം അകലെ അങ്ങ് നക്ഷത്രങ്ങൾക്കിടയിൽ താമസം ചിട്ടപ്പെടുത്തിയവരാണ്. അവർ, തണുത്തുറഞ്ഞ ചില്ലുരൂപങ്ങളാണ്. പുലരിയുടെ വെട്ടമുന കൊണ്ട് ഉടഞ്ഞു വീഴുന്ന ദുർബലങ്ങളായ വെറും ചില്ലുരൂപങ്ങൾ...

അച്ഛൻ കളവു പറഞ്ഞതാണ്. പുക കൊണ്ട് കറുത്തുപോയ വെളുത്ത പ്രാക്കൾ, അവയെല്ലാംതന്നെ സത്യത്തിൽ ഇന്ന് വാവുക്കാക്കകൾ ആണ്. ലക്ഷങ്ങൾ, കോടികൾ , - 

കരയുമായിരുന്നു.
എന്നും...
എപ്പോഴും.....
അവരുടേതു മാത്രമായ ഭാഷയിൽ.....

ഡാനി.

Comments

Popular Posts