താപം

തീരാതെ വെച്ച മോഹവുമായി
മണ്ണടിയുമ്പോൾ
കല്ലറ പിളർന്ന്
അടങ്ങാത്ത കലിയുമായ്
ഉറുമ്പുപ്പാറ്റകൾ ഉയർന്നു പൊങ്ങും. 
നിന്റെ നിദ്രാടനങ്ങളിൽ 
അവ നിന്നെ വലം വെക്കും.
ഇരുട്ടു മാത്രം നിറഞ്ഞ രാത്രികളിൽ,
നിനക്കും നിന്റെ അറയിലെ
ഫാനിനുമിടയിൽ
ചില്ലു ചിറകടിച്ച് വട്ടമിട്ട് പറന്ന്
അവ നിന്നെ സ്വൈരം കെടുത്തും.

തീർക്കാതെ വെച്ച ഒരൊറ്റ മോഹവുമായി
മണ്ണുപൂകും മുമ്പേ,
ഞാനെന്റെ കണ്ണു രണ്ടും പിഴുതു
നിന്റെ കുഞ്ഞുങ്ങൾക്ക് 
കളിക്കാൻ കൊടുക്കും.
നമ്മുടെ പ്രണയം ഒരു കണ്ണു-
പൊത്തിക്കളിയായിരുന്നില്ലേ?
എന്റെ കൺകളിൽ കറുത്ത ശീലക്കെട്ടി
എന്റെ യ്യൗവ്വനം മുഴുവൻ
നീയെന്നെ പ്രാന്തിയാക്കി
തോൽപ്പിച്ചില്ലേ?

തീർക്കാതെ വെച്ച ഒരേയൊരു മോഹവുമായി
ഞാൻ മണ്ണു പറ്റുമ്പോൾ
നിനക്കു സന്തോഷിക്കാം,
വഴി തെറ്റിയാണെങ്കിൽപ്പോലും
എന്റെ ഭൂതം
നിന്നെ പിന്തുടരില്ല,
നിനക്കു ശാന്തി നേരുന്നു.

വെറുപ്പാണ്,
ഇന്നെനിക്ക്-
ഞാൻ പ്രാർത്ഥിച്ചിരുന്ന മൂന്നു മതങ്ങളിലെ ദൈവങ്ങളോടും
അഞ്ചു ഭാഷകളിലെ കവികളോടും.
എനിക്ക് വെറുപ്പാണ്,
കുറെ നിന്നോടും...
കുറെ എന്നോടും.

ഈ മഴകൾ, 
ഇനിയെനിക്ക് നനയേണ്ട.
ഈ ക്രോധാഗ്നി ഞാൻ എന്റെ ഹൃത്തിൽ
കെടാതെ സൂക്ഷിക്കട്ടെ,
വിധിയുടെ നാളുകളിൽ
ഉറക്കമുണരാനിരിക്കുന്ന
ദൈവത്തിന്റെ തോട്ടത്തിലേക്കുള്ള
ആദ്യത്തെ ചാവേറാണ് ഞാൻ..
നിന്നെ വെറുക്കുവാൻ
എന്നെ ഞാൻ സ്വയം പഠിപ്പിച്ചു തുടങ്ങുകയാണിവിടെ,

nightrain.

തിരുത്ത് : എനിക്ക് കഴിയുന്നില്ലല്ലോ...

Comments

Popular Posts