ചിലപ്പ്
ആമുഖം
ചമതമരമേ, അഞ്ചരയടിതാഴ്ച്ചയിലേക്കാഴ്ന്നിറങ്ങുന്ന തായ് വേരുകൾ മഞ്ചവും തുളച്ചെന്റെ മാംസ്യാദികളിൽ നിലയുറപ്പിക്കുക. രക്തവും മജ്ജയുമൂറ്റിയെടുത്ത് ആകാശത്തോളം പൊങ്ങി എനിക്കു തണലൊരുക്കുക. ആൾത്തിരക്കൊഴിഞ്ഞ നട്ടുച്ചവെയിലുകളിൽ ജലഭ്രാന്തിപോൽ ഇനി ഞാനെഴുതുമ്പോൾ ഇവിടെ, നീയെന്റെ അസ്ഥിവെള്ളകളിൽ സൂര്യതാപം പുരളാതെ ശ്രദ്ധിക്കുക.
"മനസ്സ് തെന്നി വഴുതുന്ന നിമിഷങ്ങളിൽ കാൽത്തളയേക്കാൾ ഉത്തമം കൈയ്യിലൊരു പേനയാണ്. അവസാനമായി ഒന്നും കുറിക്കുവാനില്ലേ..? "
ചിലപ്പ്
നിലാവും നക്ഷത്രങ്ങളുമില്ലാത്ത പേടിപ്പെടുത്തുന്ന ഒരിരുട്ടിൽ തണുത്തുറഞ്ഞ മാർബിളിൻ കുരിശിൽ ചാരിയിരുന്ന് ഇറച്ചി നഷ്ടപ്പെട്ട അസ്ഥിവിരൽ തുമ്പിനാൽ എന്റെ കല്ലറക്ക് മുകളിൽ ഞാനൊരു കുറിപ്പ് പോറിയിട്ടു.
പിറ്റേന്ന് കാലത്തു പെയ്ത ചാറ്റൽമഴയിൽ ആ കുറിപ്പൊലിച്ചു പോയി.
ആയിരം രാത്രികളിൽ ഞാനെഴുതി.
ആയിരം ചാറ്റൽ മഴകൾ അതു മായിച്ചു.
അസ്ഥികൾ തേഞ്ഞുപൊടിഞ്ഞെന്റെ കൈമുട്ട് തൂവൽമുനയായി.
അന്നുച്ചനേരം, സെന്റ് പീറ്റേഴ്സിലെ ടിഗ്വിൻ സിമിത്തേരിയിൽ നിന്നും ഒരു ഭൂതം എന്റെ കല്ലറക്കു മുകളിൽ വിരുന്നെത്തി.
ഇരുന്നു. എന്റെയടുത്തിരുന്നു.
മൊഴിഞ്ഞു. എന്നോടു മൊഴിഞ്ഞു.
" _തൂലികയിൽ കോർത്ത് താളുകളിൽ തറച്ചിടുന്ന അക്ഷരങ്ങൾക്ക് ചലിക്കാനാകില്ല.
അക്ഷരങ്ങൾ പറവകളാണ്.
അവയെ ചലിക്കാനനുവദിക്കണം.
അവയെ ചിലക്കാനനുവദിക്കണം... _''
രാത്രിയിൽ മാംസബന്ധമില്ലാത്ത അസ്ഥിമടക്കുകളിൽ നിലാവെളിച്ചം തട്ടി പ്രതിഫലിച്ചതു കണ്ട് പേടി പൂണ്ട ചമതമരം, ചുവന്ന പുഷ്പങ്ങൾ എന്റെ കല്ലറക്ക് മേലോട്ട് പെയിച്ചു. അവ ചികഞ്ഞു മാറ്റി ഞാനെഴുതി. അന്ന് പുലരുവോളമെഴുതി. എന്നാൽ, അരുണോദയത്തിൽ ആഗമിച്ച ആദ്യ കിരണം എന്നേയും പേറി പ്രകാശവേഗതയിൽ എവിടേക്കെന്നില്ലാതെ യാത്രയായി. മറന്നു തുടങ്ങുന്നു...
മറക്കേണ്ടതാണല്ലോ...
എല്ലാം..
എന്തോ ഞാൻ പോറിയിട്ടിരുന്നല്ലോ ആ കല്ലറക്ക് മുകളിൽ...? ഇനി പെയ്യാനിരിക്കുന്ന ചാറ്റൽമഴകളേക്കാൾ ശക്തി പ്രാപിച്ചുക്കാണുമോയെന്തോ ആ വാക്കുകൾ...
ശൂന്യാകാശത്തൊട്ടിലുകളിൽ ഇനി നാടിറങ്ങി കാണാൻ വരുന്ന anonymous stranger, അത് ദൈവമാണെങ്കിലും ഭൂതമാണെങ്കിലും നിന്നെ മാത്രം ഉപദ്രവിക്കാതിരിക്കട്ടെ.....
" _ മനുഷ്യരെഴുത്തുക്കോലുകൾ,
ഭൂമി പുസ്തകം.
വാഴ്_വുകൾ താളുകൾ,
എഴുത്തുകോലുകൾ ധൃതിയിലത്രേ-
അവനവന്റ താള് ചന്തം ചാർത്തണം.
അവനവന്റ മാത്രം താള് ചന്തം ചാർത്തണം_''
Danny
TSR.
പൊടിയുവാൻ വൈകുമെൻ അസ്ഥികൾ-
ഒരുനാളുമുറങ്ങാതൊരു പാഴ്ശരീരം വഹി-
ച്ചൊരുപാടലഞ്ഞതാണീ ജന്മം മുഴുക്കനെ...
Theme - Racism, Reincarnation, Hope.

Comments
Post a Comment