ആകാശമേ, കേൾക
അടയിരുന്നു ചൂടേറ്റി മുളപ്പിച്ച്,
ഈ തിരക്കിലോട്ട്,
ഇനിയൊരു പന്തയത്തിലേക്ക്,
വിട ചൊല്ലി തല്ലിക്കുടയുവാനെൻ-
കരിമ്പടം കീഴെ രേതസ്സില്ല.
ആകാശമേ, കേൾക
ഇനിയെനിക്ക്,
ഞാനെഴുതി തീർത്ത,
വട്ടുതമാശകളിലെ,
പ്രണയിനിയുടെ വേഷം കെട്ടുവാൻ,
ഒരു പെണ്ണിനെ വേണം.
മനോവിഭ്രാന്തിയുടെ ദിനങ്ങളിൽ,
തലയുഴിഞ്ഞെന്റെ നെറ്റിയിൽ,
കണ്ണീർത്തടം കെട്ടി,
തലയോട്ടി തണുപ്പിച്ചൊരമ്മയായ്...
ആ അമ്മയുടെ മാറിൽ,
ശ്വാസനില തെറ്റി,
പട്ടടയിലൊളിച്ചൊരനുജത്തിക്കുട്ടിയായ്...
കൈവണ്ണ കരുത്തൂറും മുൻപ്,
ചുരമിറങ്ങിപ്പോയ ബാല്യസഖിയായ്...
എന്നെ മാത്രം വിഴുങ്ങുമൊരു കുലടയായ്..
ചമയങ്ങളഴിച്ചു വെള്ള പുതച്ചു-
നീയെൻ മനയിലെ കാവിൽ-
വന്നു തിരി തെളിയിക്കൂ...
മഴ നനഞ്ഞു വിഷക്കൂണുകൾ മുളച്ചൊരാ-
സ്ഥിത്തറയും ശാന്തമാക്കൂ...
കഴിയുമെങ്കിൽ,
മച്ചിനു മുകളിൽ ചിതറിക്കിടക്കും എഴുത്തുപ്പൊറ്റകൾ-
പ്രാണവായു മുറിഞ്ഞ പൊട്ടക്കിണറ്റിലോട്ട് തൂക്കിയെറിയൂ..
ഇനി ഞാനീ കവിതയിൽ
നിന്റെ പേരാവർത്തിച്ച് കോറിയിടാം..
തേഞ്ഞു തുടങ്ങിയൊരീയിരുട്ടിനോരത്തിരുന്ന്-
ആരുടേയും കണ്ണു വിഴുങ്ങാത്തൊരീ-
കന്യാതാരകങ്ങൾക്ക്
ഞാൻ അതു ചൊല്ലിക്കൊടുക്കാം....
ഇനി നീ മാത്രമെൻ നായിക.
ഇനിയെന്നുമെന്നും നീയൊരാൾ മാത്രമെൻ നായിക.
Danny
Ratnagiri.

Comments
Post a Comment