മിഷായേൽ - 2

കാലെക്കുറിച്ചിട്ടതെല്ലാം കടലെടുത്ത് പോയി.  തീർക്കുവാനുള്ളതാകെ തീരത്തടിഞ്ഞ് കിടന്നു. ഇരുചെവിയറിയാത്തോരാൾ പുണ്യം ചെയ്തതിന് പതിനായിരമാണ്ടുകൾക്കു ശേഷം വരം കിട്ടിയ  ഒരായുസ്സിന്റ ജന്മോദ്യേശം ചികഞ്ഞു കുത്തുവാനുള്ള മനക്കരുത്തിനെ കുലീനജനങ്ങൾ പുലയാട്ടു ചൊല്ലി മയക്കിക്കിടത്തി. മരുന്നും മന്ത്രവും പുഴുത്തു നാറി തുടങ്ങിയ മനയുടെ മച്ചിലേക്ക് ചെറുകിളികൾ വരാതെയായി. കിളിവാതിലിൽ ചിലന്തി കെട്ടിയ നൂൽ വല അങ്ങ് സ്വപ്നങ്ങളോളം വളർന്ന് പിന്നേയും വളർന്ന്, വളർന്ന് വളർന്ന് സ്വപ്നങ്ങളെ സൂക്ഷ്മ കണങ്ങളാക്കി. ആവശ്യമുള്ളവർ ഉപയോഗിക്കുന്നു. താൻ നിന്നു ക്കൊടുക്കുന്നു. സ്വയം വഴിവെട്ടി വിളിച്ച ദുഷ്സൗഹൃദങ്ങൾ മസ്തിഷ്കം കാർന്നെടുത്ത  അറിവിനും  മധു പാനിച്ച് തീർത്ത  കടലാസു നാണയങ്ങൾക്കും നന്ദി പറയാതെ ദിശ മാറിപ്പോയപ്പോൾ  ആൾത്തിരക്കു കൂടിയ പുൽത്തറയിൽ കുരങ്ങൻ ചുമക്കുന്ന ചവറ്റുകൂന പോലെ  അവൾ മുഖം മറച്ചിരുന്നു.. യൂസ് മി ഡസ്റ്റ്ബിൻ.

ദു:ഖിക്കുവാൻ കാരണങ്ങൾ ആവശ്യമില്ലാത്തവരിൽ ഒരുവളായിരുന്നു അവൾ.

കൈതപ്പൊന്തക്കു പുറകെ ആരും തിരക്കി വരാത്തൊരു പച്ചിലക്കാടുണ്ട്. ദു:ഖദുരിതങ്ങൾക്ക് മേൽ വായ്ച്ചിലമ്പുകൾകൊണ്ട് കലി തുള്ളി തീർത്തതിനു ശേഷം ഇവിടമാണവൾ ആത്മാവിലെ അക്ഷരചെപ്പിനെ വീണ്ടും ശുദ്ധീകരിച്ചെടുക്കുക.

ആത്മഹത്യക്കു മുമ്പ് ആ കാട്ടിൽ തിരികെയെത്തി. ജാതിയും മതവുമില്ലാത്ത ഒരു ദൈവത്തെ വിളിച്ചു കരഞ്ഞു...

" കഴിയുമെങ്കിൽ ഈ ജീവിതം ജീവിച്ചു തീർക്കുവാൻ പ്രതീക്ഷ നൽകുന്ന ഒരേയൊരു അദ്ഭുതം പ്രവർത്തിച്ചു കൂടെ നിനക്ക്.?  "

അവൾ മുട്ടുകുത്തി വീണ് തല മണ്ണിൽ തല്ലി.

മരണത്തോടുള്ള പ്രിയമായിരിക്കാം ഒരുപക്ഷെ മനുഷ്യരോടുള്ള എന്റെ വെറുപ്പ്.

ശബ്ദമില്ലാതെ കരഞ്ഞുകൊണ്ടിരുന്ന അവളുടെ അമ്മമ്മയുടെ കൈയ്യിൽ ഒരു പഴയ സുഹൃത്ത് ചുവന്ന മഷിയിലെഴുതിയ ഒരു കെട്ടു നോട്ടുപുസ്തകങ്ങളേൽപ്പിച്ചു. അതിനു പേര് "ആരാണ് ഞാൻ??" എന്നായിരുന്നു.

ഉൾക്കാടിനകത്തു കയറി തന്റെ കാവിസഞ്ചിയിൽ നിന്നും ഒരു ചെറിയ മുഖക്കണ്ണാടിയെടുത്തു. ദുഃഖരോഗിയുടെ മുഖം അവസാനമായി കണ്ണു നിറച്ചും കണ്ടു. അല്ലലല്ലാതെ മറ്റൊന്നും രചിക്കാനാവാത്ത  അവയവങ്ങൾക്ക് ദർപ്പണത്തിൽ പ്രതിഫലനമില്ല. മണൽച്ചുഴികളിലേക്കെന്ന പോലെ അവ അർത്ഥമില്ലാത്ത ആഴങ്ങളിലേക്ക് ഉരുണ്ടു കൂടി.

പതിനേഴിനു ശേഷമാണ് പോലീസ് പരേതയുടെ വീട്ടിലെത്തിയത്. പരിചിതനായ എസ്.ഐ ഒത്തിരി ശ്രദ്ധയോടെന്നപോൽ ആ തുണി സഞ്ചി അമ്മമ്മയെ ഏൽപ്പിച്ചു. രണ്ടു കഥാ പുസ്തകങ്ങൾ.. ഒരു കുറിപ്പു പുസ്തകം. കട്ടിയുള്ള കറുത്ത കണ്ണട. രണ്ടു പേന. ഒരു കൊന്ത. വാച്ച്..

കരഞ്ഞ് കടൽ തീർത്തു ക്കൊണ്ടിരുന്ന അമ്മമ്മക്ക് അല്പം സാന്ത്വനം.

തന്നേക്കാൾ പ്രായമുള്ള ഒരു പട്ടുത്താളി മരത്തിൽ തോരണം കെട്ടി. കളിത്തട്ടിലെ അവസാന രംഗം കണ്ടു കൂകി വിളിക്കാൻ മലയണ്ണാനുകളും കാട്ടുക്കുരുവികളും അക്ഷമരായി നിന്നു. അവഹേളന ഹർഷങ്ങളിതാദ്യമല്ല. മൃതുവിന്റെ തലങ്ങളിൽ ജിവിതമേൽപ്പിച്ച് കോടമഞ്ഞു കണക്കെ വാനിലേക്കുയർന്നു പോകുമ്പോഴെങ്കിലും എല്ലാവരേയും നോക്കി അട്ടഹസിക്കണം. വായിൽ തോന്നിയതെല്ലാം വിളിച്ചു പറയണം.

അപമാനങ്ങളൊളിച്ചു വെച്ച അലമാരത്തട്ടിനു മേലെ നിന്നും അമ്മമ്മക്ക് പൊടി പിടിച്ച ചില മരുന്നു ക്കുറിപ്പുകൾ കിട്ടി.

ഓർമ്മയിലെ കൊച്ചു കൊച്ചു കടലുകളെ തിരികെ വിളിച്ചു. തിക്കുമുട്ടി കണ്ണീർത്തുള്ളികളിറ്റു വീണു. ഓർമ്മകളിലെ നഷ്ടങ്ങൾ തൂക്കി നോക്കുവാൻ ഭൂമിയിൽ ഇനി കല്ലുകൾ ബാക്കിയില്ല.

എന്റെ മരണം എന്റെ മാത്രം സ്വകാര്യതയാണ്. അതിലേക്കെത്തി നോക്കുന്നവർക്ക് കാലനേക്കാൾ കറുപ്പാണ്. നിനക്ക് ഞാനെന്നപ്പോലെ എന്നിലെ എനിക്കും  ഇന്ന് ഞാൻ അന്യയാണ്. ഒരപരിചിത മാത്രമാണ്.
എനിക്ക് കണ്ടുപിടിക്കണം..

ഒരുപാടു പ്രകാശവർഷങ്ങൾ സഞ്ചരിക്കേണ്ടിയിരിക്കുന്നു. ആവിയാറി തണുത്താന്തരീക്ഷത്തിൽ മൗനം പൂണ്ടു മയങ്ങിക്കിടന്ന വെളളിത്താരകളെ തൊട്ടുണർത്തി അവൾ അന്വേഷണം ആരംഭിച്ചു.

ആരാണ് ഞാൻ ??
ആരായിരുന്നു ഞാൻ ??
ഒന്നു മനസ്സിലായി. കാലമെന്നോട് പറഞ്ഞ ഏറ്റവും വലിയ നുണകളായിരുന്നു, പൊട്ടത്തെറ്റുകളായിരുന്നു ആ ദു:ഖങ്ങൾ.

Danny
Diu.

Comments

Popular Posts