തോറ്റവന്റെ കദന കഥ
ചാക്കോ മാപ്പിളയ്ക്ക് എട്ട് ആൺമക്കളായിരുന്നു. മത്തായി, യാക്കോബ്, ജോസഫ്, ഡേവിഡ്, വർഗ്ഗീസ്, ഫ്രാൻസിസ്, അഗസ്റ്റിൻ പിന്നെ പൂച്ചക്കണ്ണനായ റാഫേൽ. അവന്റെ ജനനം കഴിഞ്ഞ് നാലാംപക്കം മാപ്പിള കരിവണ്ടി കയറി കലിക്കട്ടയിലേക്ക് നാടുവിട്ടു. പിന്നീട് തിരിച്ച് വന്നില്ല.
ഇക്കണ്ടകാലമത്രയും സെറാഫിൻ, ചാക്കോമാപ്പിളയുടെ ഭാര്യ എട്ട് ആൺമക്കളെയും പൊന്നുപോലെ നോക്കി വളർത്തി.
മത്തായി പഠിച്ച് ഏഴാംക്കൊല്ലം തരണം ചെയ്തപ്പോൾ സെറാമ്മ പള്ളീലച്ചനോട് പറഞ്ഞ് മത്തായിയെ കടലു കടത്തി. പിറകെ, അടുത്തടുത്ത വർഷങ്ങളിലായി ഇളയവരും.. റാഫേലൊഴികെ-
ജയിച്ചവന്റെ കഥ
ഉള്ളിലുണ്ടായിരുന്നൊരായിരം ചോദ്യങ്ങളെ തനിഷ്ടം പറക്കാനനുവദിച്ചു. ഉത്തരങ്ങൾ ഭീകര സത്വങ്ങളായിരുന്നു. ആകയിൽ, ചോദ്യങ്ങൾ തിരിക വരാൻ മടിച്ച് ദൂരെ നക്ഷത്രങ്ങളിൽ തപം ചെയ്യാനിരുന്നു. റാഫേലിന് രാജ്യം വിടാൻ താത്പര്യമുണ്ടായിരുന്നില്ല. അയാൾ തന്നെത്തന്നെ മതിമറന്ന് സ്നേഹിച്ചു. മറ്റാരുടേയും വാക്ക് വില പോക്കാതെ, കിട്ടുന്ന ജോലി ചെയ്ത് ഹിന്ദുസ്ഥാനിൽ ഒരു നാടോടിയായി കറങ്ങി നടന്നു. പെറുക്കിക്കൂട്ടിയ കടലാസ്സു കഷ്ണങ്ങളിൽ നിന്ന് ഭാഷകളും അറിവുകളും സ്വായത്തമാക്കി. ഇടയ്ക്കെപ്പോഴോ കഴുത്തിലെ കൊന്ത പൊട്ടിച്ചെറിഞ്ഞ് നിരീശ്വരവാദിയായി.
എന്നാൽ, എത്ര അലഞ്ഞാലും സെറാമ്മിച്ചിയുടെ ജന്മദിനത്തിന് ഉപയോഗമില്ലാത്ത ഏതെങ്കിലുമൊരു ഉപഹാരവുമായി റാഫേൽ നാട്ടിലെത്തും. പിന്നെ ഒരു മാസം തിന്നും കുടിച്ചും വീട്ടിൽ അടയിരിക്കും.
അയാൾ ദു:ഖമെന്താണെന്നറിഞ്ഞിട്ടില്ല. അയാൾക്ക് അതു മനസിലാവുകയുമില്ല. കാരണമെന്താണെന്നല്ലേ? അയാൾക്ക് പെറ്റമ്മയൊഴിച്ച് മറ്റു ബന്ധങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല.
ബന്ധങ്ങളെല്ലാം പ്രതിജ്ഞകളാണ്.
ബന്ധങ്ങളെല്ലാം ചുമതലകളാണ്.
ബന്ധങ്ങളെല്ലാം വിട്ടുവീഴ്ചകളാണ്.
ബന്ധങ്ങളെല്ലാം ബന്ധനങ്ങളാണ്.
ഇതൊന്നുമില്ലാത്തവന്റെ ചിന്തയിൽ വ്യാകുലതകൾക്കും കണ്ണുനീരിനും പ്രാർത്ഥനകൾക്കും സ്ഥാനമില്ല.
പുസ്തകങ്ങളെ ശ്വസിക്കുക. വാക്കുകൾ നിശ്വസിക്കുക.
ഏകാന്തതയാണ് പരമമായ സ്വാതന്ത്ര്യം..
ആ സ്വാതന്ത്ര്യമാണ് റാഫേലിന്റെ സന്തോഷം. ആ സന്തോഷമാണ് അയാളുടെ ആകെയുള്ള സമ്പത്തും. ഇത് റാഫേലിന്റ കഥയാണ്. ജയിച്ചവന്റെ കഥ.
കല്യാണം കഴിഞ്ഞ സെറാമ്മിച്ചിയുടെ മക്കൾ ഭാര്യമാരേയും കൂട്ടി നാടു കടന്നു.
സെറാമ്മിച്ചി തറവാട്ടിൽ തനിച്ചായി. വർഷങ്ങൾ മറഞ്ഞു.
ഭാര്യമാർ പെറ്റു.
പേരക്കിടാങ്ങൾ പെരുകി.
സാറാമ്മിച്ചി വീണു.
സാറാമ്മിച്ചി കിടപ്പിലായി.
സാറാമ്മിച്ചിയുടെ ഓർമ്മ നഷ്ടപ്പെട്ടു തുടങ്ങി.
ന്യൂ ജേഴ്സി-
"വൃദ്ധസദനത്തിലാക്കിക്കൂടാ...."
"ശരിയാ.. നശിച്ച നാട്ടാര് കണകുണ പറേം.. "
"മേരീടെ കാര്യറിയാലോ? അവൾക്ക് നടുവേന്യാ.. "
"എനിക്ക് ജോലി വിട്ടേച്ചും നാട്ടിപ്പോയി നിക്കാൻ പറ്റില്യ."
"അല്ലേല്ലുപ്പ അമ്മച്ചിക്ക് ആദ്യേ ഇങ്ങട്ട് വരണ്ട കാര്യല്ലേ ഒണ്ടാർന്നുള്ളൂ.... "
" കപ്യാരെ ഞാൻ വിളിച്ചണ്ട്. വേണ്ടുന്നത് കൊടുത്തോളാൻ പറഞ്ഞ്. "
"നമ്മക്ക് റാഫേലിനോട് പറഞ്ഞാലോ മ്മേ നോക്കാൻ.. അവൻ കൂതറ കളിച്ച് നടക്കല്ലേ.. "
വട്ടമേശയ്ക്കു ചുറ്റും കൂടിയ ഏഴു ഭാര്യമാരുടെ ആശ്വാസനിശ്വാസം ഒരുമിച്ച് പുറത്ത് വന്നു. മുല തൂങ്ങിയവരിൽ ചിലർ മക്കളെ മടിയിൽ നിന്നെണീപ്പിച്ച് മുറിയിലോട്ട് പോയി. യാക്കോബ്ബാണ് റാഫേലിനെ ഫോണിൽ വിളിച്ചത്. കാര്യം അവതരിപ്പിച്ചു.
ഏഴുമണിയാകുമ്പോൾ സെറാമ്മിച്ചിയെ ചക്രകസേരയിൽ കയറ്റിയിരുത്തി റാഫേൽ സ്വീകരണമുറിയിൽ കൊണ്ടിരുത്തും. പിന്നെ പത്തരമണി വരെ ഏഷ്യാനെറ്റിലെ സീരിയലുകൾ കാണും. ഇടയ്ക്ക് റാഫേൽ മദ്യപിക്കുമ്പോൾ സെറാമിച്ചിക്കും രണ്ട് കവിളു കൊടുക്കും. കാലത്ത് അമ്മച്ചിയുടെ ബെഡ് നനഞ്ഞിട്ടുണ്ടാകും. യാക്കോബ് അത് മാറ്റി വിരിക്കും. ആഴ്ചയിൽ രണ്ട് തവണ കുളിപ്പിക്കാൻ മഠത്തിൽ നിന്ന് കന്യാസ്ത്രീകൾ വരും. അല്ലാത്ത ദിവസങ്ങളിൽ, റാഫേലുത്തന്നെ അമ്മച്ചിയെ തണുപ്പിച്ചാറിയ വെള്ളത്തിൽ തുണി മുക്കി തുടച്ച് കുപ്പായം മാറ്റി മുഖത്ത് കുട്ടിക്കൂറയിട്ടു കൊടുക്കും. സാറാമ്മിച്ചിയെ കുളിപ്പിക്കാൻ എത്തുന്നതിൽ ഒന്നിന് പണ്ട് റാഫേൽ ഞായറാഴ്ച വേദോപദേശ ക്ലാസിൽ പഠിക്കുമ്പോൾ പ്രേമലേഖനം കൊടുത്തിട്ടുണ്ട്.
അന്ന് രാത്രി, നിശാശലഭങ്ങൾ തറവാടിന്റെ പൂമുഖത്ത് ചിറകടിച്ചൊത്തുകൂടി. സീരിയലു കണ്ടുക്കൊണ്ടിരിക്കേ സെറാമ്മിച്ചിയുടെ കണ്ണുകൾ നനഞ്ഞു. അവർ ഒരു ജപം ആവർത്തിച്ചാവർത്തിച്ച് ചുണ്ടിലിട്ടനക്കി.
"പഴേ മണ്ണു തിന്നണം. പഴേ വീഞ്ഞ് കുടിക്കണം."
ആദ്യം ടി.വിയിലേക്കും പിന്നെ റാഫേലിന്റെ നേർക്കും വിരലു ചൂണ്ടി. പിന്നീട് നിർത്താതെ ഏങ്ങലടിച്ച് പൊട്ടിക്കരഞ്ഞു. സെറാമ്മിച്ചി റൗക്ക പൊക്കി അരയിൽ നിന്നും ഒരു കറുത്ത ചരടു പൊട്ടിച്ചു. അതിനറ്റത്തൊരു ചാവിയുണ്ടായിരുന്നു.
റാഫേല് പെട്ടി തുറന്നു. അതിൽ ചില എഴുത്തുകൾ. ആഭാസത്തരം അലങ്കാരമാക്കുവാനുള്ള കുത്തകാവകാശം എഴുത്തുകാർക്കു മാത്രമുള്ളതാണല്ലോ? എല്ലാത്തിലും ഒരൊറ്റ പേര്. ആന്റണി.
പിറ്റേന്ന് പുലർച്ചെ, സെറാമ്മിച്ചി കർത്താവിൽ നിദ്ര പ്രാപിച്ചു. വിവരമറിഞ്ഞ് മക്കളും മരുമക്കളും പേരക്കുട്ടികളും ബേത്തനി വില്ലയിലെത്തി. എന്നാൽ കണ്ടത്,
മഞ്ചത്തിൽ വെള്ളയുടുപ്പിട്ട് റോസാപ്പൂക്കിരീടം അണിഞ്ഞൊരുങ്ങി കിടന്ന സാറാമ്മച്ചിയെ നോക്കി അരികെ കസേരയിലിരിക്കുന്ന ആൻറണിച്ചനേയാണ്. ആന്റണിച്ചനെ റാഫേല് വൃദ്ധസദനത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നതാണ്. പാതിയടഞ്ഞ ആന്റണിച്ചന്റെ പൂച്ചക്കണ്ണുകൾ പാടെ നനഞ്ഞ് കുതിർന്നിരുന്നു.
റാഫേല് ഒരുപാട് മദ്യപിച്ചിരുന്നു. സെറാമ്മിച്ചിയുടെ മരിച്ചടക്കത്തിന്റെ സമയത്തു പോലും അയാൾക്ക് ബോധം വീണിരുന്നില്ല.
ശേഷം രാത്രി, ധൃതിയിൽ എണീച്ച് അയാൾ മത്തായിച്ചനെ കണ്ടുപിടിച്ചു. മത്തായിച്ചന്റെ, മൂത്തേട്ടന്റെ കഴുത്തിൽ പിടിച്ച് ചുവരിനോട് ചേർത്ത് നിർത്തി ശൗര്യത്തോടെ റാഫേല് ചോദിച്ചു.
"പറ, അപ്പായിയെന്താ പിന്നെ കൊൽക്കത്തയിന്ന് മടങ്ങി വരാഞ്ഞേ? "
നക്ഷത്രങ്ങളിൽ തപം ചെയ്ത് ഭീകര സത്വങ്ങളോള്ളം വളർന്ന ചോദ്യങ്ങൾ ഉത്തരങ്ങളുമായി ഭൂമിയിലേക്ക് മടങ്ങി. വെളിച്ചമില്ലായിരുന്നുവെങ്കിൽ ഇരുട്ടേ, നിന്റെ അഗോചരമായ മുഖം റാഫേൽ അറിയാതെ പോകുമായിരുന്നു. പക്ഷെയെങ്കിൽ ഇന്ന് അയാൾക്ക് ഇരുട്ടും വെളിച്ചവും തിരിച്ചറിയാനുള്ള നിപുണത പോലും കൈമോശം വന്നിരിക്കുന്നു.
ജയിച്ചവന്റെ കഥ അവസാനിക്കുകയാണ്.
ഇവിടെ,
ഇവിടെയാണ് തോറ്റവന്റെ കഥക്ക് ആരംഭം കുറിക്കുന്നത്.
തോറ്റവന്റെ കദനകഥ
Danny
Nightrain
TCR

Comments
Post a Comment