മഞ്ഞുക്കാലം
മഞ്ഞുക്കാലം
മഴ. ചരൽ വാരിയെറിയും പോലെ ചില്ലുച്ചീളുകൾ ശരീരത്തെ ചുവപ്പിച്ചുക്കൊണ്ടിരുന്നു. പനിപ്പിടിക്കാതിരിക്കാൻ മാത്രം തല തൊപ്പിയിട്ട പ്ലാസ്റ്റിക് കവർ. കാലിൽ വിശ്രമമില്ലാതെ ചാടി നിൽക്കുന്ന ഫുട്ബോളും..
ഒരുറക്കമുണർന്നപ്പോൾ കണ്ടത് സ്കൂൾ ടെറസ്സിനു മുകളിൽ അലക്കിയുണക്കിയിട്ട മൂടൽമഞ്ഞായിരുന്നു. ഒരൊറ്റ മഴയിൽ തീർത്ത് മഞ്ഞിൽ തുടങ്ങിയ വടക്കൻ ഇന്ത്യയുടെ വികാരങ്ങൾ. സന്തോഷം, സങ്കടം, അഹങ്കാരം.. എന്തും വിളിക്കാം.
ഹീറ്റർ കാണുന്നത് ഇതാദ്യമായിട്ടായിരുന്നു. രജായി. സ്വെറ്റർ.. എല്ലാം പരിചയപ്പെട്ടു. പിന്നേയും നാളുകൾ കടന്നു പോയപ്പോൾ ഉടലിനേക്കാൾ ഭാരം ഉടലിലണിയുന്ന ഉടുപ്പുകൾക്കായി . രാത്രകളിൽ അറയുടെ കിളിവാതിലിൽ നിന്നും പറന്നിറങ്ങുന്ന പവൻ പാദവെള്ളയിലെ പച്ചഞരമ്പുകൾക്കുള്ളിലൂടെ ഭൂതംപ്പോലെ ശരീരത്തിലേക്ക് കയറി. തല മൂടി പുതച്ചുറങ്ങാൻ ശീലിച്ചത് ഇവിടം മുതൽക്കാണ്.
പടോസികൾ പറഞ്ഞു തന്ന തണുപ്പിന് രക്തം കുടിക്കുന്ന വാംപെയറുകളുടെ മുഖമായിരുന്നു. മുൻപും ഇപ്പോഴുമായി കണ്ടുറങ്ങുന്ന സയൻറ്റിഫിക് ഫിക്ഷൻ സിനിമകളെ സ്വപ്നങ്ങളാക്കി ഞാൻ ഉറങ്ങി. പിന്നീടുണർന്നത് ക്ര സ്തുമസ്സ് രാത്രിയിലാണ്.
മഞ്ഞുകാലം.. ശരീരത്തെ കുത്തിനോവിക്കുന്നു. എന്നാൽ, മനസ്സിനെ മദിപ്പിക്കുന്നു. ഞാൻ കണ്ടറിഞ്ഞു... കൈയ്യിൽ ബലൂണുകൾ കോർത്തിട്ട കമ്പുമേന്തി ഒരു കുഞ്ഞു സാന്റാ ക്ലോസിനു ചുറ്റും നൂറു കുഞ്ഞുങ്ങൾ.. മഞ്ഞ്. അതവർ അറിയുന്നില്ല. മാറി നിൽക്കുന്ന ചൂട് അവർക്ക് വേണ്ടതാനും.. ഉള്ളമുൾവലിച്ച് ഞാനാക്കൂട്ടത്തിനുള്ളിൽ ഉരുകിച്ചേർന്നു. നൈമിഷികമായി തോന്നിയ വിനാഴികകളിൽ എപ്പോഴോ മഞ്ഞിനെ ഞാൻ കീഴടക്കി. ഈ കാലം.. എനിക്കിപ്പോൾ പ്രിയപ്പെട്ടതാണ്.
മഞ്ഞുകാലം. പുലരികളിൽ കരിമ്പടത്തെ കാമുകിയെപ്പോലെ കെട്ടിപ്പുണർന്നുക്കിടന്നു. അല്പതാപമുള്ള നീരിൽ സ്നാനം, ഓരോ നിശ്വാസത്തിലും വാവട്ടം ഉയിർന്നു പൊങ്ങുന്ന ധൂമകണങ്ങൾ, കണ്ഠം മരവിപ്പിക്കുന്ന ശീതളജലം, കുഞ്ഞുമക്കളുടെ ചിലച്ചാട്ടം, എല്ലാത്തിനുമുപരി ഈ പെയ്തു വീണുക്കൊണ്ടിരിക്കുന്ന ബറഫ്...
മഞ്ഞുക്കാലം, തല മൂടിപ്പുതച്ചുണ്ട്. തണുപ്പ് അനുഭവപ്പെടുന്നുണ്ട്. എനിക്ക് നടക്കണം. ഞാൻ എന്നിൽനിന്നുമിറങ്ങി നടക്കുകയാണ്, നിലംനിറഞ്ഞു ക്കിടക്കുന്ന ഈ മഞ്ഞുക്കട്ടകൾ താണ്ടിക്കൊണ്ട്,, ഈ ദക്ഷിണായാനാന്തക്കാലം തീരുംവരേക്കും...
Dani
With love from Khairthal.

Comments
Post a Comment