ചാത്തുണ്ണി

ഭാര്യ മരിച്ചപ്പോൾ അയാൾ തന്റെ പൂർവ്വകാല കാമുകിയുമായി ചങ്ങാത്തം പുനരാരംഭിച്ചു. ഒരു നാൾ, ആ കാമുകിയുടെ ഭർത്താവ് അയാളെ പോലീസിലേൽപ്പിച്ചു. മുണ്ടിന്റെ കോന്തലയിൽ കെട്ടിവെച്ചിരുന്ന ഒരു തരം വട്ടു ഗുളിക പോലീസിന്റെ ആദ്യ ഇടിയിൽ തന്നെ തെറിച്ചു വീണു. നാലുക്കൊല്ലം കഴിഞ്ഞാണ് പിന്നെ മക്കളെ കാണാൻ പറ്റിയത്. പക്ഷെ, മക്കൾ അയാളെ കണ്ടതായി ഭാവിച്ചില്ല. തീവണ്ടി കയറി ആ മനുഷ്യൻ ദൽഹിയിലേക്ക് പോയി. ചാന്ദ്നി ചൗക്കിലെ ഒരു ഇടത്തരം ഹോട്ടലിൽ പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോൾ ആരോ ചെയ്തൊരു മോഷണക്കുറ്റം തന്റെ തലയിലായി. ഒറ്റമുണ്ട് മാത്രം ധരിച്ച് തിരക്കിട്ട വഴികളിലൂടെ കരഞ്ഞ് നടക്കുമ്പോൾ ചൂട് കരിച്ചുണക്കിയ ദേഹത്തെ മുറിവുകൾ മായാപ്പച്ചകളായി മാറി. ദൽഹിയിൽ നിന്നും നാട്ടിൽ തിരിച്ചെത്തുവാൻ  മാത്രം അയാൾക്ക് പന്ത്രണ്ടു വർഷങ്ങൾ വേണ്ടി വന്നു. അയാൾ പോലുമറിയാതെ ഒരു ജലധി അയാൾക്കു പുറകെ രൂപാന്തരപ്പെടുകയായിരുന്നു. ഓരോ വർഷങ്ങളും തന്റെ പുറകെ കൂടിയ ജലധിയിലേക്ക് ഓരോ തിരമാലകൾ കടം നൽകി. നടക്കുവാനേറെ ക്ലേശം തോന്നിയപ്പോൾ തിരകളോരോന്നായി അടുക്കി ചിട്ടപ്പെടുത്തി പുറകിൽ മടക്കിക്കെട്ടിയ കൈയ്യിൽ അറ്റം ചേർത്തു പിടിച്ചു. ആരേയും ആ കടൽ എടുത്തു പോകാതിരിക്കാൻ നന്നേ ശ്രദ്ധിച്ചു നടക്കുകയും ചെയ്തു.

വർഷങ്ങൾ കടന്നു.

അയാളുടെ അടുത്തേക്ക് കുശലമന്വേഷിക്കാൻ ആരും പോകാറില്ല. അയാൾ ആരോടും മിണ്ടാറുമില്ല. അഥവാ ആരെങ്കിലും അടുത്തു ചെന്നാൽ അയാൾ ആട്ടിയോടിക്കും. ഭ്രാന്തോന്നുമില്ലാട്ടോ. അയാൾക്കറിയാം, തന്റെയരികിലേക്കടുക്കുന്നവരെ ആ പാരാവാരത്തിലെ ഉപ്പുവെള്ളം അപ്പാടെ വിഴുങ്ങിക്കളയുമെന്ന്..

വർഷങ്ങൾ പിന്നേയും കടന്നു.

ചാത്തുണ്ണിയുടെ പുറകിലൊരു മഹാസാഗരമുണ്ട്. ആ സാഗരത്തിന്റെ മുൻതിരകൾ മടക്കിയൊതുക്കി ചാത്തുണ്ണി കൈവിരലിന്റെ അറ്റത്ത് കുരുക്കും. ആ കൈ പുറകെ കെട്ടി ഒരു ചെറിയ കൂനൻ നടത്തം. മടക്കി കുത്തിയ മുണ്ട് മുഷിഞ്ഞു മുഷിഞ്ഞ് വെള്ളയാണോ കാവിയാണോ എന്ന് തിരിച്ചറിയുവാൻ വയ്യാത്ത വിധമായിരിക്കുന്നു. കുപ്പായത്തിന്റെ ബട്ടണുകൾ അലസമായി കോർത്തിട്ടിരിക്കുന്നു. കീശയിലുള്ള ചെറിയ ഫോണിന്റെ ഭാരം ക്കൊണ്ടാണ് ചാത്തുണ്ണി കൂനി നടക്കുന്നതെന്ന് നാട്ടുകേൾവിയുണ്ട്. തെളിഞ്ഞ കഷണ്ടി.

വർഷങ്ങൾ പിന്നേയും കടന്ന് ചാത്തുണ്ണി ആയുസ്സിന്റെ അങ്ങേ തലപ്പത്തെത്തി.

കന്യാകുമാരി.
ഒരു സായാന്തനം..
ചാത്തുണ്ണിക്കു മുൻപിലും പിൻപിലും ഇന്ന് മഹാസമുദ്രങ്ങളാണ്. ഒന്നിൽ ഭൂമിയുടെ വിയർപ്പ്. മറ്റൊന്നിൽ ചാത്തുണ്ണിയുടേതും.

സുദീർഘമായ ഒരു നിശ്വാസത്തിനൊടുവിൽ സ്വയം പുറകോട്ട് തിരിഞ്ഞു നോക്കി. ഒരായുസ്സുകൊണ്ട് താൻ ആകാരപ്പെടുത്തിയ ഉപ്പുക്കടൽ... തന്റെ ഓരോ ദിവസങ്ങളും ആ കടലിൽ തനിക്കിപ്പോൾ കാണാം, തനിക്കു പ്രിയപ്പെട്ടവരേറെയും കാണാം, തന്റെ ദുഖങ്ങളത്രയും കാണാം..  അലസമായ തിരകളിൽ നിന്ന് ചാത്തുണ്ണിയുടെ സന്തതസഹചാരികൾ ചാത്തുണ്ണിയെ എത്തി നോക്കുന്നു.
തനിക്കു വേണ്ടിയിരുന്നവരും
തന്നെ വേണ്ടാതിരുന്നവരുമെല്ലാമൊന്നു തന്നെ.

വഴുക്കുള്ള ഒരു പാറയുടെ മുകളിൽ കയറി നിന്ന് ചാത്തുണ്ണി മുൻപിലെ കടലിലേക്ക് കുതിച്ചു. ചാത്തുണ്ണിയുടെ പുറകിലുണ്ടായിരുന്ന ആ മഹാസാഗരം അന്ന്  അപ്പോൾ കന്യാകുമാരിയിൽ ലയിച്ചു ചേർന്നു.

ചാത്തുണ്ണി ഒന്ന് പൊങ്ങി. താണു പോയി.
രണ്ട് പൊങ്ങി. താണു പോയി.
മൂന്ന് പൊങ്ങി. അയാൾ കണ്ടു.

അങ്ങ് കരയിൽ അത്രയും നിറഞ്ഞ് കണ്ട തീർത്ഥാടകർക്കു പുറകിലുമുണ്ട്
- ചെറുതും വലുതുമായ നൂറു നൂറു കടലുകൾ. മണൽപരപ്പിൽ തിരമാല കള്ളിയെന്നെഴുതി കളിക്കുന്ന ആ കൊച്ചുക്കുഞ്ഞിനു പോലും....

Danny
Diu.

ചാത്തുണ്ണിയുടെ ഹൃദയത്തിൽ നിന്നും നിശബ്ദമായൊരു സംഗീതം പിറവിക്കൊണ്ടു. പിന്നീടതൊരു പ്രകമ്പനമായി. നുരകളില്ലാതെ വന്ന ഒരു കൊച്ചു തിര തീരത്തെ വന്നു പുൽകി..

പര്യവസാനിച്ചു.

Comments

Popular Posts