മഴത്തുള്ളി - 2
നിന്നിലുറങ്ങിയുണരുമ്പോൾ,
അതിനു പ്രണയത്തിനേക്കാൾ പരവശം.
കാറ്റ് തുള്ളിമഞ്ഞിനെ കടമെടുക്കും പോൽ,
കാലം എന്നാരോമൽ കുഞ്ഞിന്റെ
നിഷ്കളങ്കത്വം കട്ടെടുക്കാതിരിക്കട്ടെ..
ആ കൊച്ചു മനസ്സിൽ ഞാനസ്തമിച്ചു തീർന്നിരിക്കാം..
പക്ഷെ, ഇവിടം എന്റെ പ്രിയ മഴത്തുള്ളി...
നിന്റെ മരണമില്ലാത്ത ഉദയത്തിന് ഞാൻ കണ്ണുകൾ തിരുമ്മി തുറന്നേതേയുള്ളൂ..
ആകാശത്തോളം വളരണം എന്നാരോമൽ തുള്ളി..
എന്റെ തണലിലിരുന്ന് ഉച്ചരിച്ചു ഹൃദിസ്ഥമാക്കിയ ഇരുപത്തിയാറ് അക്ഷരങ്ങൾ ചേർത്തു വെച്ച് ധരിണിയിൽ നീ കാലുറച്ച് നടക്കണം.
മുടി കൊഴിഞ്ഞു മുതുകു വളഞ്ഞ് ഊന്നുവടി കുത്തി,
ഉമ്മറത്തിരുന്ന് ഞാൻ ഗീത പാരായണം ചെയ്യുമ്പോഴും,
നീ മുറ്റത്തു പെയ്തെന്റ മുഖത്തേക്ക് തെറിക്കണം..
നീ മഴയായി ഉതിരുമെങ്കിൽ, ആ മഴത്തുള്ളികൾ ഞാൻ...
ചൊല്ലി തന്ന പാഠങ്ങൾക്ക് നീ തരാതെ പോയ ഗുരുദക്ഷിണയായി കരുതി മനസ്സോടു കാത്തുക്കൊള്ളാം....
മഴയുടെ മകൾക്ക്,
എന്റെ കൊച്ചു മഴത്തുള്ളിക്ക്...
ഏറ്റവും പ്രിയപ്പെട്ട വർഷക്ക്...
ഒത്തിരി ദൂരത്തു നിന്നും...
ഒത്തിരി സ്നേഹത്തോടെ...
Danny
Diu.

Comments
Post a Comment